ചൈനയുടെ കയറ്റുമതി വിലക്ക്: ഇന്ത്യയുടെ 120 ബില്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക്‌സ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകുമോ?

MAY 25, 2026, 6:39 AM

ന്യൂഡല്‍ഹി: ആഗോള ഇലക്ട്രോണിക്‌സ് നിര്‍മ്മാണ രംഗത്ത് ചൈനയ്ക്ക് ശക്തമായ ബദലായി മാറാനുള്ള ഇന്ത്യയുടെ കുതിപ്പിന് തടയിടാന്‍ ബീജിംഗിന്റെ പുതിയ നീക്കം. അത്യാധുനിക യന്ത്രങ്ങള്‍, ഘടകകക്ഷികള്‍, നിര്‍ണ്ണായക ധാതുക്കള്‍ എന്നിവയുടെ കയറ്റുമതി നിയന്ത്രിച്ചുകൊണ്ട് ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ പുറപ്പെടുവിച്ച പുതിയ ഡിക്രി 834, 835 ഉത്തരവുകളാണ് ഇന്ത്യന്‍ ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ മേഖലകളില്‍ കടുത്ത ആശങ്ക പടര്‍ത്തുന്നത്.

കോവിഡ് മഹാമാരിക്ക് ശേഷം ആപ്പിള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികളുടെ വിതരണ ശൃംഖല വിപുലീകരിച്ചതും സെമികണ്ടക്ടര്‍ പദ്ധതികളും വഴി ഇന്ത്യ ഈ രംഗത്ത് മികച്ച മുന്നേറ്റമാണ് നടത്തിയത്. ഇതിന്റെ ഫലമായി രാജ്യത്തെ ഇലക്ട്രോണിക്‌സ് കയറ്റുമതി 2015 ലെ 8.6 ബില്യണ്‍ ഡോളറില്‍ നിന്ന് 2025 ല്‍ 47 ബില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നിരുന്നു. 2026 അവസാനത്തോടെ ഈ വരുമാനം 120 ബില്യണ്‍ ഡോളറിലെത്തിക്കാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ലക്ഷ്യമിടുന്നതിനിടയിലാണ് ചൈനയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായത്.

തങ്ങളുടെ വ്യാവസായിക-വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കാനും വിദേശ രാജ്യങ്ങളുടെ ഇടപെടലുകളെ പ്രതിരോധിക്കാനും ലക്ഷ്യമിട്ടാണ് ചൈന പുതിയ നിയമങ്ങള്‍ കര്‍ശനമാക്കിയത്. ചൈനയുടെ വ്യാവസായിക വിതരണ ശൃംഖലകളെ ബാധിക്കുന്ന വിദേശ നീക്കങ്ങളെ നിരീക്ഷിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ചൈനീസ് അധികാരികള്‍ക്ക് ഡിക്രി 834 (Supply Chain Security) അധികാരം നല്‍കുന്നു. ചൈനീസ് കമ്പനികള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് ഉല്‍പ്പാദനം മാറ്റുന്നത് തടയാന്‍ കമ്പനികള്‍ക്കും എക്‌സിക്യൂട്ടീവുകള്‍ക്കും എതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ഈ നിയമം റെഗുലേറ്റര്‍മാരെ അനുവദിക്കുന്നുണ്ട്.

ചൈനീസ് താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വിദേശ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ 'മാലിഷ്യസ് എന്റിറ്റി ലിസ്റ്റ്' വഴി വിലക്കുകളും ആസ്തി കണ്ടുകെട്ടലും ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഡിക്രി 835 (Counter-Extra territorialtiy)നിയമം ബീജിംഗിന് വഴിയൊരുക്കുന്നു.

ഇന്ത്യയുടെ ഓട്ടോമൊബൈല്‍ ഘടകകക്ഷികളുടെ ഇറക്കുമതിയുടെ 26 ശതമാനവും ഉയര്‍ന്ന മൂല്യമുള്ള ചൈനീസ് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളാണ്. ഇറാന്‍ യുദ്ധം സൃഷ്ടിക്കുന്ന ആഗോള പ്രതിസന്ധിയും എല്‍ നിനോ പ്രതിഭാസം മൂലമുള്ള കാര്‍ഷിക വരുമാന തകര്‍ച്ചയും ആഭ്യന്തര വിപണിയെ ബാധിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ ചൈനയുടെ ഭാഗത്തുനിന്നുള്ള പുതിയ നിയന്ത്രണങ്ങള്‍ രാജ്യത്തിന് ഇരട്ട പ്രഹരമാകും.

എന്നാല്‍, ഒരു നിശ്ചിത രാജ്യത്തെ മാത്രം വിതരണത്തിനായി ആശ്രയിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗുജറാത്തില്‍ പുതിയ ആക്റ്റീവ് എല്‍ഇഡി ഡിസ്‌പ്ലേ ഫാക്ടറികള്‍ സ്ഥാപിച്ച് ആഭ്യന്തര ഉല്‍പ്പാദനം ശക്തമാക്കാനാണ് ഇന്ത്യന്‍ കമ്പനികളുടെ ഇപ്പോഴത്തെ ശ്രമം.

ചൈനയോടുള്ള ആശ്രയത്വം പൂര്‍ണ്ണമായി കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വന്‍ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതുതായി ആരംഭിച്ച 'ഭാരത് ഔദ്യോഗിക വികാസ് യോജന' വഴി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 50 അത്യാധുനിക വ്യവസായ പാര്‍ക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് 33,660 കോടി രൂപ ചെലവിലാണ് ഈ 'പ്ലഗ് ആന്‍ഡ് പ്ലേ' വ്യവസായ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 50 പാര്‍ക്കുകള്‍ക്കുള്ള അപേക്ഷകള്‍ 4 മാസത്തിനകം സ്വീകരിച്ച് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇവ സജ്ജമാക്കും. ചൈനീസ് വിപണിയോട് മത്സരിക്കാന്‍ ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക് ആവശ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ മുറുകുമ്പോള്‍, അസംസ്‌കൃത വസ്തുക്കള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ആഭ്യന്തര ഉല്‍പ്പാദനം വേഗത്തിലാക്കുകയും ചെയ്യുക മാത്രമാണ് 120 ബില്യണ്‍ ഡോളറിന്റെ ലക്ഷ്യത്തിലേക്ക് എത്താന്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള ഏക വഴി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam