ചെന്നൈ: തമിഴ്‌നാട്ടിൽ ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ അധികാരമേറ്റ് ആദ്യ ദിവസങ്ങളിലേ തന്നെ ശ്രദ്ധനേടുകയാണ് മുഖ്യമന്ത്രി വിജയ്. മദ്യശാലകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിന് പിന്നാലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി വലിയ പ്രഖ്യാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും ലഭിക്കുന്ന ക്ഷാമബത്ത (ഡി.എ) നിലവിലെ 58 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തിയതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ വർധന നടപ്പിലാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഈ തീരുമാനത്തിന്റെ ഗുണം ഏകദേശം 16 ലക്ഷം ആളുകൾക്ക് ലഭിക്കുമെന്നാണ് കണക്ക്. സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻ ലഭിക്കുന്നവർ എന്നിവരാണ് പ്രധാന ഗുണഭോക്താക്കൾ.
ഡി.എ വർധന മൂലം സംസ്ഥാന സർക്കാരിന് പ്രതിവർഷം ഏകദേശം 1,230 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷേമം പരിഗണിച്ചാണ് സർക്കാർ ഈ അധിക ചെലവ് ഏറ്റെടുക്കുന്നതെന്ന് ഔദ്യോഗിക വിശദീകരണം പറയുന്നു.
കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത ഉയർത്തിയതിനു പിന്നാലെ തന്നെയാണ് തമിഴ്‌നാട് സർക്കാരും ഈ തീരുമാനം കൈക്കൊണ്ടത്. ജനക്ഷേമ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിൽ സർക്കാർ ജീവനക്കാരും അധ്യാപകരും വഹിക്കുന്ന പങ്ക് നിർണായകമാണെന്നും മുഖ്യമന്ത്രി വിജയ് അഭിനന്ദിച്ചതായും സംസ്ഥാന ജനസമ്പർക്ക വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
