ന്യൂഡൽഹി: രാജ്യത്തെ പെൺകുട്ടികളിലെ ഗർഭാശയമുഖ ക്യാൻസർ (Cervical Cancer) തടയുന്നതിനുള്ള ദേശീയ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്‌സിനേഷൻ കാമ്പയിന് ശനിയാഴ്ച തുടക്കമാകും. രാജസ്ഥാനിലെ അജ്മീറിൽ ഫെബ്രുവരി 28-ന് രാവിലെ 11.30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം നിർവഹിക്കും.
കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച ഔദ്യോഗിക കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാക്സിനിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന ഏക ക്യാൻസർ ഇതാണെന്നും പൊതുജനാരോഗ്യ രംഗത്ത് ഇതൊരു വലിയ നാഴികക്കല്ലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
14 വയസ്സ് തികഞ്ഞ, എന്നാൽ 15 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഉദ്ഘാടനം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ 15 വയസ്സ് തികയുന്ന പെൺകുട്ടികൾക്കും ഈ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കാം.ആദ്യ മൂന്ന് മാസം (90 ദിവസം) തീവ്രയജ്ഞ പരിപാടിയായിട്ടായിരിക്കും വാക്സിനേഷൻ നടക്കുക. അതിനുശേഷം ഇത് സാധാരണ പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ (Routine Immunisation) ഉൾപ്പെടുത്തും.
വാക്സിനേഷൻ പൂർണ്ണമായും സന്നദ്ധാടിസ്ഥാനത്തിലാണ്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് മുമ്പ് മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതപത്രം വാങ്ങേണ്ടത് നിർബന്ധമാണ്. ആയുഷ്മാൻ ആരോഗ്യ മന്ദിർ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ജില്ലാ ആശുപത്രികൾ, സർക്കാർ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ വാക്സിൻ സൗജന്യമായി ലഭ്യമാകും.
സുരക്ഷാ മുൻകരുതലുകൾ:
കുട്ടികളിലെ വാക്സിനേഷൻ സംബന്ധമായ ഉത്കണ്ഠ ഒഴിവാക്കാൻ കൃത്യമായ നിർദ്ദേശങ്ങൾ മന്ത്രാലയം നൽകിയിട്ടുണ്ട്.
വെറുംവയറ്റിൽ വാക്സിൻ നൽകാൻ പാടില്ല.വാക്സിൻ എടുത്ത ശേഷം 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരിക്കണം.പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ കേന്ദ്രങ്ങളിലും പ്രത്യേക മെഡിക്കൽ കിറ്റുകളും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും.ഡിജിറ്റൽ ട്രാക്കിംഗിനായി U-WIN പ്ലാറ്റ്‌ഫോം ഉപയോഗിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
