മുംബൈ: യുദ്ധത്തിലോ ഡ്യൂട്ടിക്കിടയിലോ മരണം സംഭവിച്ചാൽ അഗ്നിവീർമാരുടെ അടുത്ത ബന്ധുക്കൾക്ക് പെൻഷൻ ലഭിക്കാൻ അർഹതയില്ലെന്ന് കേന്ദ്രസർക്കാർ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. അഗ്നിവീർ സൈനികർക്ക് സാധാരണ സൈനികരെപ്പോലെ സമാനമായ പദവി അവകാശപ്പെടാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അഗ്നിവീർ മുരളി നായിക്കിന്റെ അമ്മ ജ്യോതിഭായ് നായിക്ക് സമർപ്പിച്ച ഹർജിക്ക് മറുപടിയായി നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ ദേശീയ സുരക്ഷാ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഒരു ഹ്രസ്വകാല പദ്ധതിയാണ് അഗ്നിപഥ്. അതിനാൽ തന്നെ അഗ്നിവീറുകളും സ്ഥിരം സൈനികരും തമ്മിലുള്ള വ്യത്യാസം ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് കേന്ദ്രം കോടതിയിൽ വാദിച്ചു. കഴിഞ്ഞ വർഷം മേയ് മാസത്തിൽ 'ഓപ്പറേഷൻ സിന്ദൂർ'ക്കിടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതാണ് മുരളി നായിക്ക്. സാധാരണ സൈനികർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ മകനും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ മാതാവ് കോടതിയെ സമീപിച്ചത്.
അഗ്നിപഥ് പദ്ധതി അഗ്നിവീർമാരും സാധാരണ സൈനികരും തമ്മിൽ വിവേചനം സൃഷ്ടിക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അഗ്നിവീർമാർ നാല് വർഷത്തെ നിശ്ചിത കാലയളവിലേക്ക് മാത്രമാണ് നിയമിതരാകുന്നതെന്നും, സൈന്യത്തിലെ പെൻഷൻ ആനുകൂല്യങ്ങളും മറ്റ് ശമ്പള ഘടനകളും ദീർഘകാല സേവനവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും കേന്ദ്രം മറുപടി നൽകി. സായുധ സേനയിലേക്ക് പുതിയ രീതിയിൽ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തിയുള്ള നയപരമായ തീരുമാനമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Tags: Agnipath Scheme, Agniveer Pension, Bombay High Court, National Security, Military Benefits.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
