ന്യൂഡല്‍ഹി: സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് തടസപ്പെട്ട സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള വെബ്‌സൈറ്റ് ഒടുവില്‍ പ്രവര്‍ത്തനക്ഷമമായി. പോര്‍ട്ടലിലെ തകരാറുകള്‍ പൂര്‍ണമായി പരിഹരിച്ചതായും വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ആറ് വരെ അപേക്ഷ സമര്‍പ്പിക്കാമെന്നും സിബിഎസ്ഇ അറിയിച്ചു.
മെയ് അവസാന വാരത്തോടെ ആരംഭിക്കേണ്ടിയിരുന്ന അപേക്ഷാ നടപടികള്‍ പോര്‍ട്ടലിലെ സാങ്കേതിക പിഴവുകള്‍ കാരണം തടസപ്പെട്ടിരുന്നു. ഇത് പരിഹരിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഐഐടി മദ്രാസ്, ഐഐടി കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘത്തെയും സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും ബോര്‍ഡ് നിയോഗിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോര്‍ട്ടല്‍ പൂര്‍ണ സജ്ജമായത്. സാങ്കേതിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഇത്തവണ വെരിഫിക്കേഷന്‍ ഫീസ് 100 രൂപയായും പുനര്‍ മൂല്യനിര്‍ണയ ഫീസ് ചോദ്യമൊന്നിന് 25 രൂപയായും ബോര്‍ഡ് കുറച്ചിട്ടുണ്ട്.
അതേസമയം ഇത്തവണ ആദ്യമായി നടപ്പിലാക്കിയ ഓണ്‍-ക്രീന്‍ മാര്‍ക്കിങ് സംവിധാനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പിഴവുകളും നീറ്റ് പരീക്ഷാ വിവാദങ്ങളും പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണ്. മൂല്യ നിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളില്‍ പലതും അവ്യക്തമാണെന്നും ചിലയിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ഹാന്‍ഡ്റൈറ്റിംഗ് മാറിയതായും പരാതി ഉയര്‍ന്നിരുന്നു.
സിബിഎസ്ഇയുടെ ഡിജിറ്റല്‍ മൂല്യനിര്‍ണയ പോര്‍ട്ടലായ 'ഓണ്‍മാര്‍ക്ക്' വലിയ രീതിയിലുള്ള സുരക്ഷാ വീഴ്ചയുണ്ടായെന്ന ആക്ടിവിസ്റ്റുകളുടെയും എത്തിക്കല്‍ ഹാക്കര്‍മാരുടെയും വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങളും ഒറിജിനല്‍ ഉത്തരക്കടലാസുകളുടെ ചിത്രങ്ങളും സുരക്ഷിതമല്ലാത്ത ക്ലൗഡ് സ്റ്റോറേജില്‍ സൂക്ഷിച്ചതായും ഇത് ആര്‍ക്കും ആക്‌സസ് ചെയ്യാവുന്ന നിലയിലായിരുന്നു എന്നുമാണ് ഹാക്കര്‍മാര്‍ ചൂണ്ടിക്കാണിച്ചത്. വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട തകരാറുകള്‍ പൂര്‍ണ്ണമായി പരിഹരിച്ചതായും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായും സിബിഎസ്ഇ അറിയിച്ചു.
ഡാറ്റാ പരമാധികാരവും സ്വകാര്യതയും ലംഘിച്ച സാങ്കേതിക പങ്കാളിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്റെയും ഐടി മന്ത്രാലയത്തിന്റെയും ഇടപെടല്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സൈബര്‍ വിദഗ്ദ്ധര്‍.
സിബിഎസ്ഇ വെബ്‌സൈറ്റിലെ ഒഫീഷ്യല്‍ പോര്‍ട്ടല്‍ വഴി മാത്രമേ പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ സാധിക്കൂ. പരാതികളുള്ളവര്‍ക്ക് ബോര്‍ഡിന്റെ ഹെല്‍പ്ലൈന്‍ നമ്പറായ 1800 11 8004 എന്നതിലോ [email protected] എന്ന ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
