ഡൽഹി: വായ്പാ കുടിശ്ശിക കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും അറസ്റ്റ് ചെയ്ത സിബിഐ നടപടി അധികാര ദുർവിനിയോഗമാണെന്ന് ബോംബെ ഹൈക്കോടതി.
ഇരുവർക്കുമെതിരെയുള്ള വായ്പാ തട്ടിപ്പ് കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കൈകാര്യം ചെയ്ത രീതിക്കെതിരെ കോടതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. കാര്യങ്ങൾ വിശദമായി പരിഗണിക്കാതെയും നിയമം പരിഗണിക്കാതെയും ചെയ്ത നടപടിയാണ് അറസ്റ്റെന്നും കോടതി വിലയിരുത്തി. ദമ്പതികൾക്ക് ഡിവിഷൻ ബെഞ്ച് അനുവദിച്ച ഇടക്കാല ജാമ്യം ശരിവച്ചുകൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
വീഡിയോകോൺ-ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 2022 ഡിസംബർ 23നാണ് ഐസിഐസിഐ ബാങ്കിൻ്റെ മുൻ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന ചന്ദയെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തത്.
എന്നാൽ "അറസ്റ്റിനുള്ള സാഹചര്യമോ അറസ്റ്റിന് കാരണമായ എന്തെങ്കിലും തെളിവുകളോ ഉണ്ടെന്ന് സ്ഥാപിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടു. സെക്ഷൻ 41A (3) CrPC യുടെ ഉപാധികളെ അറസ്റ്റ് നടപടി തൃപ്തിപ്പെടുത്തുന്നില്ല, " കോടതിയുടെ ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
സിആർപിസിയുടെ 41A വകുപ്പ് പ്രകാരം, ഒരു അന്വേഷണ ഉദ്യോഗസ്ഥന് ഒരു കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾക്ക് ഹാജരാകാൻ നോട്ടീസ് നൽകാൻ കഴിയും.എന്നാൽ അറസ്റ്റ് രേഖപ്പെടുത്താൻ മതിയായ കാരണമില്ലെങ്കിൽ അറസ്റ്റ് ചെയ്യരുതെന്ന് കോടതി തന്നെ വിവിധ വിധികളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് പ്രതി പാലിക്കുകയാണെങ്കിൽ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഈ വകുപ്പ് പരിമിതപ്പെടുത്തുന്നു. പോലീസിന് തീർത്തും ഉറപ്പുണ്ടെങ്കിൽ മാത്രമേ അറസ്റ്റ് ചെയ്യാൻ കഴിയൂ എന്നും വ്യക്തമാക്കുന്നുണ്ട്. സിആർപിസി സെക്ഷൻ 41 എ കൊണ്ടുവന്നത് പതിവ് അറസ്റ്റുകൾ ഒഴിവാക്കാനാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അന്വേഷണത്തോട് സഹകരിക്കാത്തതിനാലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നാണ് സിബിഐയുടെ വാദം. എന്നാൽ ചോദ്യം ചെയ്യലിൽ നിശ്ശബ്ദനായിരിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്