വിജയവാഡ: ആന്ധ്രാപ്രദേശിലെ ജനസംഖ്യാ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു.
മൂന്നാമത് ജനിക്കുന്ന കുഞ്ഞിന് 30,000 രൂപയും നാലാമത് ജനിക്കുന്ന കുഞ്ഞിന് 40,000 രൂപയും സർക്കാർ ധനസഹായമായി നൽകും. ശ്രീകാക്കുളം ജില്ലയിലെ നരസന്നപേട്ടയിൽ നടന്ന ഒരു പൊതുചടങ്ങിലാണ് മുഖ്യമന്ത്രിയുടെ ഈ സുപ്രധാന പ്രഖ്യാപനം.
കുഞ്ഞുങ്ങൾ ജനിച്ച ഉടൻതന്നെ ഈ തുക കുടുംബങ്ങൾക്ക് കൈമാറുമെന്നും ഒരു മാസത്തിനകം പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്നും നായിഡു അറിയിച്ചു. മുൻപ് രാജ്യം നടപ്പാക്കിയ ജനസംഖ്യാ നിയന്ത്രണ നടപടികളെ താൻ പിന്തുണച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആന്ധ്രയിലെ ജനനനിരക്ക് വർധിപ്പിക്കാൻ സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാർച്ചിൽ രണ്ടാമത്തെ കുട്ടിക്ക് 25,000 രൂപ പ്രോത്സാഹനമായി നൽകുന്നത് സർക്കാർ പരിഗണിക്കുന്നതായി അറിയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ തുകയോടെയുള്ള പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.പല ദമ്പതിമാരും ഒരു കുട്ടിയെന്ന തീരുമാനത്തിലേക്ക് മാറുന്നതും, ആദ്യത്തെ കുട്ടി ആൺകുട്ടിയല്ലെങ്കിൽ മാത്രം രണ്ടാമത്തെ കുട്ടിയെക്കുറിച്ച് ചിന്തിക്കുന്നതുമായ പ്രവണതകൾ സംസ്ഥാനത്തെ ജനസംഖ്യാ വളർച്ചയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
യുവാക്കളുടെ എണ്ണം കുറയുന്നത് ഭാവിയിൽ സംസ്ഥാനത്തിന്റെ വികസനത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്നാണ് ജനനനിരക്ക് കൂട്ടാൻ സർക്കാർ ഇത്തരം ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
