ബംഗളൂരു: ഡല്‍ഹിയില്‍ നിന്ന് 181 യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിംഗിനിടെയുണ്ടായ 'ടെയില്‍ സ്‌ട്രൈക്ക്'അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലാന്‍ഡിംഗിനായി താഴേക്ക് ഇറങ്ങുന്നതിനിടെ എയര്‍ ഇന്ത്യയുടെ AI 2651 എയര്‍ബസ് എ321 വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയില്‍ ശക്തമായി ഇടിക്കുകയായിരുന്നു.
മറ്റൊരു വിമാനം കടന്നുപോയതിനെത്തുടര്‍ന്നുണ്ടായ വായുക്ഷോഭത്തില്‍ പെട്ടതിനെത്തുടര്‍ന്ന് പൈലറ്റ് വിമാനം പെട്ടെന്ന് മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. റണ്‍വേയില്‍ വാല്‍ഭാഗം തട്ടിയെങ്കിലും പരിചയ സമ്പന്നരായ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് പൂര്‍ത്തിയാക്കി. യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 181 പേരും യാതൊരുവിധ പരിക്കുകളുമില്ലാതെ സുരക്ഷിതമായി പുറത്തിറങ്ങി.
അപകടത്തെത്തുടര്‍ന്ന് വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായ പരിശോധനകള്‍ക്കായി വിമാനം നിലവില്‍ മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണ ഏജന്‍സികളുമായി സഹകരിച്ച് എയര്‍ ഇന്ത്യ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് ഈ വിമാനം നടത്തേണ്ടിയിരുന്ന ബംഗളൂരു-ഡല്‍ഹി മടക്ക സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കി. യാത്ര മുടങ്ങിയ യാത്രക്കാര്‍ക്കായി എത്രയും പെട്ടെന്ന് ബദല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുമെന്നും, ബംഗളൂരുവിലെ ഗ്രൗണ്ട് ടീം യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രാതടസ്സമുണ്ടായതില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു.
എന്താണ് ടെയില്‍ സ്‌ട്രൈക്ക്
വിമാനം ലാന്‍ഡ് ചെയ്യുമ്പോഴോ ടേക്ക് ഓഫ് ചെയ്യുമ്പോഴോ അതിന്റെ വാല്‍ഭാഗം റണ്‍വേയില്‍ തട്ടുന്ന അവസ്ഥയാണിത്. വായുവിന്റെ വേഗതയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനമോ പൈലറ്റിന്റെ നിയന്ത്രണത്തിലുണ്ടാകുന്ന പിഴവുകളോ കാരണമാണ് സാധാരണയായി ഇത്തരം അപകടങ്ങള്‍ സംഭവിക്കാറുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
