തിരുവനന്തപുരം: രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില വർധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ വിമർശനവുമായി നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സാധാരണ ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തീരുമാനമാണിതെന്നും, വിലക്കയറ്റത്തിൽ ഇതിനകം വലയുന്ന ജനങ്ങൾക്ക് മേൽ വീണ്ടും അധികഭാരം ചുമത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഫേസ്ബുക്കിലൂടെ പ്രതികരിച്ച പിണറായി വിജയൻ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സമയത്ത് അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ലെന്നും ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം ചൂണ്ടിക്കാട്ടി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതെന്നും പറഞ്ഞു.
പാചകവാതകത്തിന്റെ വില വർധനയും ലഭ്യതക്കുറവും ഉൾപ്പെടെ കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതം ഇതിനകം തന്നെ ദുരിതപൂർണമാക്കിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സമയത്ത് വീണ്ടും വിലവർധന നടപ്പാക്കുന്നത് യാതൊരു ന്യായീകരണവും അർഹിക്കുന്നില്ലെന്നാണ് പിണറായി വിജയന്റെ വിമർശനം.
ഇന്ധനവില വർധനയുടെ പ്രതിഫലനം നിത്യോപയോഗ സാധനങ്ങളുടെ വിലയിലും ഗതാഗതച്ചെലവിലും ഉടൻ പ്രകടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തൊഴിലാളികൾ, കർഷകർ, ഇടത്തരം കുടുംബങ്ങൾ തുടങ്ങിയ സാധാരണ ജനവിഭാഗങ്ങളായിരിക്കും ഇതിന്റെ ഏറ്റവും വലിയ ബാധിതരാകുകയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ താൽപര്യങ്ങളെ അവഗണിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും, ഇന്ധനവില വർധന അടിയന്തരമായി പിൻവലിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്നുണ്ടായ ആഗോള ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടിയത്. പുതിയ നിരക്കുകൾ പ്രകാരം ഡൽഹിയിൽ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമായി.
കൊൽക്കത്തയിൽ പെട്രോളിന് 108.74 രൂപയും ഡീസലിന് 95.13 രൂപയും, മുംബൈയിൽ പെട്രോളിന് 103.67 രൂപയും ഡീസലിന് 93.14 രൂപയുമായി. ചെന്നൈയിൽ ഡീസൽ വില 95.25 രൂപയായി ഉയർന്നു.
കേരളത്തിൽ തിരുവനന്തപുരത്ത് പെട്രോളിന് 110.76 രൂപയും ഡീസലിന് 99.64 രൂപയുമായി. കോഴിക്കോട് നഗരപ്രദേശങ്ങളിൽ പെട്രോളിന് 109.07 രൂപയും ഡീസലിന് 97.96 രൂപയും രേഖപ്പെടുത്തി. ഗ്രാമീണ മേഖലകളിൽ പെട്രോൾ 109.37 രൂപയും ഡീസൽ 98.23 രൂപയുമായി ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
