ഡൊണാള്‍ഡ് ട്രംപുമായുള്ള തന്റെ പുതിയ അകല്‍ച്ചയ്ക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളൊന്നുമില്ലെന്നാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഉക്രെയ്‌ന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഈ വിഷയത്തില്‍, കാര്യങ്ങള്‍ അത്ര ലളിതമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. യുഎസിന്റെ നിലവിലെ വിദേശനയങ്ങളും ട്രംപിന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട് എന്നതാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
മുന്‍കാല അമേരിക്കന്‍ പ്രസിഡന്റുമാര്‍ ജനാധിപത്യം സംരക്ഷിക്കുന്നതിനും ഏകാധിപതികളെ പ്രതിരോധിക്കുന്നതിനും ഊന്നിയപ്പോള്‍, ട്രംപ് തന്റെ ഭരണത്തില്‍ സ്വന്തം മൂല്യങ്ങള്‍ക്കും ശക്തരായ ഭരണാധികാരികളുമായുള്ള അടുപ്പത്തിനും കച്ചവട താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു എന്നാണ് വിലയിരുത്തല്‍. തന്റെ ആദ്യ ഇംപീച്ച്‌മെന്റിന് കാരണക്കാരനായ സെലെന്‍സ്‌കിയോട് ട്രംപിനുള്ള വ്യക്തിപരമായ എതിര്‍പ്പ് ഉക്രെയ്ന്‍ വിഷയത്തിലെ അമേരിക്കയുടെ നിലപാടുകളെ സ്വാധീനിക്കുന്നുണ്ട്.
റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന ഉക്രെയ്‌ന് പിന്തുണ നല്‍കുന്നതിന് പകരം, റഷ്യയുടെ ആവശ്യങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് പലപ്പോഴും ട്രംപ് സ്വീകരിക്കുന്നത്. മിഡ്ടേം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇന്ധനവില പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ യുദ്ധയന്ത്രത്തിന് കോടിക്കണക്കിന് ഡോളര്‍ ലഭിച്ചേക്കാവുന്ന ഡീസല്‍ കരാറില്‍ ഏര്‍പ്പെടാന്‍ ട്രംപ് തയ്യാറായത് ഇതിന്റെ ഉദാഹരണമാണ്. കൂടാതെ, റഷ്യന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് മേലുള്ള ഉക്രെയ്‌ന്റെ ആക്രമണങ്ങള്‍ തടയണമെന്ന ആവശ്യവും റഷ്യയോടുള്ള ട്രംപിന്റെ സമീപനത്തിന്റെ ആഴം വ്യക്തമാക്കുന്നു.
സമാധാനശ്രമങ്ങളെ പോലും പ്രതികൂലമായി ബാധിക്കുന്നതാണ് ട്രംപിന്റെ ഇത്തരം നയങ്ങള്‍. പുടിനെ ജി-20 ഉച്ചകോട്ടിയിലേക്ക് ക്ഷണിച്ചതും, ഉക്രെയ്‌ന്റെ അഭാവത്തില്‍ വന്‍ശക്തികളുടെ യോഗം ചേരാന്‍ ആലോചിക്കുന്നതും, റഷ്യയുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാട്രിയറ്റ് മിസൈലുകള്‍ നല്‍കാന്‍ വിസമ്മതിക്കുന്നതും റഷ്യന്‍ നിലപാടുകള്‍ക്ക് നല്‍കുന്ന അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. ഉക്രെയ്‌ന്റെ സ്റ്റാര്‍ലിങ്ക് ശൃംഖലയിലുള്ള തടസ്സങ്ങളും റഷ്യക്ക് ലഭിക്കുന്ന തുടര്‍ച്ചയായ അനുകൂല സമീപനങ്ങളും ഉക്രെയ്‌ന്റെ പ്രതിരോധ ശേഷിയെ സാരമായി ബാധിക്കുന്നുണ്ട്. പുടിന്‍ സമാധാനത്തിന് തയ്യാറാണെന്ന ട്രംപിന്റെ അവകാശ വാദങ്ങളെല്ലാം ഉക്രെയ്‌നില്‍ തുടരുന്ന മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളും നിരപരാധികളുടെ മരണങ്ങളും ഖണ്ഡിക്കുന്നുണ്ടെങ്കിലും, ട്രംപ് ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കാന്‍ തയ്യാറായിട്ടില്ല.
രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ക്കിടയിലും, അമേരിക്കയുമായുള്ള ബന്ധം നിലനിര്‍ത്തേണ്ടത് ഉക്രെയ്‌ന്റെ അനിവാര്യമായ ആവശ്യമാണ്. സമാധാന പ്രക്രിയയ്ക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന ഒരേയൊരു ലോകനേതാവ് യുഎസ് പ്രസിഡന്റ് മാത്രമാണെന്ന തിരിച്ചറിവാണ് സെലെന്‍സ്‌കിയെ നയിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും പണയം വെച്ചുകൊണ്ടുള്ള വിട്ടവീഴ്ചകള്‍ക്ക് തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. റഷ്യയുമായുള്ള വരാനിരിക്കുന്ന ചര്‍ച്ചകളും യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയും ചെറിയൊരു പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, റഷ്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ട്രംപിന്റെ മുന്‍ഗണനകളും ഉക്രെയ്‌ന് മുന്നില്‍ വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്.
വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച്, ട്രംപിന്റെ ശൈലിയെയും രാഷ്ട്രീയ ലക്ഷ്യങ്ങളെയും നേരിട്ടുകൊണ്ട് രാജ്യത്തിന്റെ അതിജീവനം ഉറപ്പാക്കുകയെന്ന വലിയ ഉത്തരവാദിത്തത്തിലാണ് ഇപ്പോള്‍ വോളോഡിമര്‍ സെലെന്‍സ്‌കിയും ഉക്രെയ്‌നും.
English summary
Despite Volodymyr Zelensky’s public assertions that his rift with Donald Trump is not personal, the reality is that Trump’s personalized foreign policy—driven by self-interest, affinity for strongmen, and transactional deals—poses a profound threat to Ukraine’s survival. As Washington shifts toward conceding to Russian demands through controversial energy agreements, reduced military aid, and unilateral peace initiatives, Kyiv finds itself forced to navigate Trump’s grievances and diplomatic unpredictability while steadfastly refusing to compromise its sovereignty in the war against Russia.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
