ലണ്ടന്‍: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേര്‍ഷ്യന്‍ ഭാഷാ മാധ്യമസ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിച്ച് ഇറാനുവേണ്ടി ചാരവൃത്തി നടത്തിയ രണ്ട് ഇറാനിയന്‍ പൗരന്മാര്‍ കുറ്റക്കാരാണെന്ന് ലണ്ടന്‍ കോടതി വിധിച്ചു. തെക്കന്‍ ലണ്ടനിലെ വൂള്‍വിച്ച് ക്രൗണ്‍ കോടതിയില്‍ ആറാഴ്ച നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിലാണ് മുസ്തഫ സെപാഹ്വന്ദ് (41), ഫര്‍ഹാദ് ജവാദി മാനേഷ് (46) എന്നിവരെ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ (കഞഏഇ) സഹായിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടതായി കോടതി വിലയിരുത്തി. കേസിലെ മൂന്നാം പ്രതിയായ ഷാപൂര്‍ ഖലേഹാലി ഖാനി നൂറിയെ (57) തെളിവുകളുടെ അഭാവത്തില്‍ എല്ലാ കുറ്റങ്ങളില്‍ നിന്നും കോടതി വെറുതെ വിട്ടു.
ഇറാന്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത നീക്കമായിരുന്നു ഇതെന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ പ്രത്യേക കുറ്റകൃത്യ-ഭീകരവിരുദ്ധ വിഭാഗം ചീഫ് പ്രോസിക്യൂട്ടര്‍ ഫ്രാങ്ക് ഫെര്‍ഗൂസണ്‍ വ്യക്തമാക്കി. രഹസ്യവിവരങ്ങള്‍ കൈമാറുന്നതിന് പകരമായി പ്രതികള്‍ക്ക് പാരിതോഷികങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നതായും, നിരീക്ഷണത്തിനപ്പുറം ലക്ഷ്യമിട്ട വ്യക്തികള്‍ക്കെതിരെ ഗുരുതരമായ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ സെപാഹ്വന്ദ് തയ്യാറായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ടെഹ്റാന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുള്ള 'ഇറാന്‍ ഇന്റര്‍നാഷണല്‍' എന്ന മാധ്യമത്തിലെ മാധ്യമപ്രവര്‍ത്തകരായ മൊജ്തബ പൂര്‍മൊഹ്സെന്‍, കംബിസ് ഹൊസൈനി എന്നിവരും 'യുകെ ലോയേഴ്‌സ് ഫോര്‍ ഇസ്രായേല്‍' സ്ഥാപക അംഗമായ ജോനാഥന്‍ ടര്‍ണറുമായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇവര്‍ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഫോട്ടോകളും വീഡിയോകളും പകര്‍ത്തുകയും, ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ചാറ്റ്ജിപിടി പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ നടക്കുന്നതിന് മുന്‍പ് തന്നെ പ്രതികളെ പിടികൂടാന്‍ സാധിച്ചത് വലിയ ദുരന്തം ഒഴിവാക്കിയതായും പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേര്‍ത്തു.
സമീപവര്‍ഷങ്ങളില്‍ ഇറാന്‍ ഇന്റര്‍നാഷണല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന നേരിട്ടുള്ള ഭീഷണിയുമായി ബന്ധപ്പെട്ട നാലാമത്തെ കേസാണിതെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു. ശത്രുരാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി യുകെയില്‍ വര്‍ദ്ധിച്ചുവരികയാണെന്നും, കുറ്റകൃത്യങ്ങള്‍ക്കായി പുറത്തുനിന്ന് ആളുകളെ എത്തിക്കുന്നതിന് പകരം യുകെയില്‍ സ്ഥിരതാമസ അനുമതിയുള്ള ഇറാനിയന്‍ പൗരന്മാരെയും ബ്രിട്ടീഷ് പൗരന്മാരെയും പ്രോക്‌സികളായി ഉപയോഗിക്കുന്ന രീതിയിലേക്ക് ഇറാന്‍ മാറിയിട്ടുണ്ടെന്നും ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ വിക്കി ഇവാന്‍സ് ചൂണ്ടിക്കാട്ടി.
ലണ്ടനിലെ ജൂത സമൂഹത്തിന് നേരെയുണ്ടായ ആക്രമണങ്ങള്‍, നാല് ജൂത കമ്മ്യൂണിറ്റി ആംബുലന്‍സുകള്‍ക്ക് തീയിട്ട സംഭവം, ഇംഗ്ലണ്ടിലെ യുഎസ് നിയന്ത്രണത്തിലുള്ള സൈനിക വ്യോമതാവളത്തിന് നേരെയുള്ള ഗൂഢാലോചന എന്നിവയിലും ഇറാനിയന്‍ പ്രോക്‌സികളുടെ പങ്കിനെക്കുറിച്ച് ഭീകരവിരുദ്ധ പോലീസ് അന്വേഷണം നടത്തിവരികയാണ്. എന്നാല്‍, യുകെയിലെ അക്രമ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ ഇറാന്‍ എംബസി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഭരണകൂട ഭീഷണികളെ നേരിടുന്നതിനായി ജൂലൈയില്‍ യുകെ സര്‍ക്കാര്‍ നിരോധിച്ച ഐആര്‍ജിസിയെ സഹായിക്കുന്നവര്‍ക്ക് 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 17-ന് 'ഓള്‍ഡ് ബെയ്ലി' എന്നറിയപ്പെടുന്ന ലണ്ടനിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതി വിധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
