കാരക്കാസ്: തുടര്‍ച്ചയായി ഉണ്ടായ രണ്ട് അതിശക്തമായ ഭൂകമ്പങ്ങളില്‍ നടുങ്ങിയ വെനിസ്വലയില്‍ നിന്ന് പ്രതീക്ഷയുടെ വാര്‍ത്ത. അവശിഷ്ടങ്ങള്‍ക്കിടയില്‍ 80 ലധികം മണിക്കൂറുകള്‍ കുടുങ്ങിക്കിടന്ന 11 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. രണ്ട് വ്യത്യസ്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.
ലാ ഗൈ്വറ പ്രവിശ്യയില്‍ ഏകദേശം 10 അടി താഴ്ചയുള്ള കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മോയിസസ് എന്ന കുട്ടിയെ ആദ്യം രക്ഷപ്പെടുത്തിയത്. ദിവസങ്ങളോളം ഇരുട്ടില്‍ കഴിഞ്ഞ കുട്ടിയുടെ കണ്ണുകള്‍ പെട്ടെന്ന് സൂര്യപ്രകാശമേറ്റ് കേടുവരാതിരിക്കാന്‍ ബാന്‍ഡേജ് കൊണ്ട് മറച്ചാണ് പുറത്തെത്തിച്ചത്. കെട്ടിടം തകര്‍ന്നുവീണപ്പോള്‍ അതിനിടയില്‍ രൂപപ്പെട്ട ഒരു ചെറിയ സുരക്ഷിത ഇടമാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചതെന്നും അവന് പരിക്കുകളൊന്നുമില്ലെന്നും അഗ്‌നിശമനസേനാംഗമായ നെല്‍സണ്‍ ക്വിന്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മണിക്കൂറുകള്‍ക്കകം, ബെല്‍ക്കിസ് ബാരറ്റോ എന്ന രണ്ടാമത്തെ കുട്ടിയെയും സ്‌ട്രെച്ചറില്‍ ജീവനോടെ പുറത്തെടുത്തതായി വെനിസ്വലന്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് സാമൂഹിക മാധ്യമമായ എക്‌സിലൂടെ സ്ഥിരീകരിച്ചു.
അതേസമയം രാജ്യത്തെ നടുക്കിയ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 1450 ആയി ഉയര്‍ന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3,150 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും 12000 ത്തില്‍ അധികം ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. 85 മണിക്കൂറിലധികമായി ഭക്ഷണവും വെള്ളവുമില്ലാതെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിയുന്ന മറ്റുള്ളവരെയും കണ്ടെത്താമെന്ന പ്രതീക്ഷയില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
