ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം; ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടി ഇറാന്റെ തിരിച്ചടി

JUNE 10, 2026, 7:06 PM

വാഷിംഗ്ടണ്‍/ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ ഏപ്രിലില്‍ പ്രഖ്യാപിച്ച താത്കാലിക വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായും തകര്‍ന്നുക്കൊണ്ട് യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അതിരൂക്ഷമാകുന്നു. സമാധാന കരാറിന് ഇറാന്‍ കൂടുതല്‍ സമയമെടുക്കുന്നു എന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത ആക്രമണത്തിന് ഉത്തരവിട്ടതിന് പിന്നാലെ, ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ യുഎസ് സൈന്യം രണ്ടാമത്തെ ദിവസവും ശക്തമായ വ്യോമാക്രമണം നടത്തി.

ഇതിന് പ്രത്യാഘാതമായി തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടി. ഈ വഴി കടന്നുപോകാന്‍ ശ്രമിക്കുന്ന എണ്ണക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാണിജ്യ കപ്പലുകളെയും ആക്രമിക്കുമെന്ന് ഇറാന്റെ പരമോന്നത സൈനിക കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി. നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ തങ്ങള്‍ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് സ്ഥിരീകരിച്ചു.

ട്രംപിന്റെ മുന്നറിയിപ്പും യുഎസ് വ്യോമാക്രമണവും

അമേരിക്കന്‍ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്നാണ് നിലവിലെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. 'ഞങ്ങള്‍ ഇന്നലെ അവരെ ശക്തമായി പ്രഹരിച്ചു, ഇന്നും അത് തുടരും,' എന്ന് വൈറ്റ് ഹൗസില്‍ ട്രംപ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുതിയ 'സ്വയംരക്ഷാ ആക്രമണങ്ങള്‍ക്ക്' തുടക്കമിട്ടത്. ഇറാന്റെ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ പ്രകോപനങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്നാണ് പെന്റഗണ്‍ വ്യക്തമാക്കുന്നത്. വ്യോമപ്രതിരോധ സംവിധാനങ്ങള്‍, റഡാര്‍ കേന്ദ്രങ്ങള്‍, സൈനിക നിരീക്ഷണ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമാക്കിയായിരുന്നു അമേരിക്കന്‍ യുദ്ധ വിമാനങ്ങളുടെ ആക്രമണം.

ഇറാനിലെ പ്രമുഖ നഗരങ്ങളില്‍ സ്‌ഫോടനം

തെക്കന്‍ ഇറാന്റെ തീരമേഖലകളില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രമുഖ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസ്, സിരിക്, മിനാബ് കൂടാതെ ഗള്‍ഫ് മേഖലയിലെ പ്രധാന ദ്വീപായ ഖേഷ്മ് എന്നിവിടങ്ങളില്‍ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ആക്രമണത്തില്‍ തെക്കന്‍ ഇറാനിലെ ജലസംഭരണികള്‍ തകര്‍ന്നതായും ഇതേത്തുടര്‍ന്ന് കടുത്ത ചൂടിനിടയില്‍ ഇരുപതിനായിരത്തോളം ആളുകള്‍ കുടിവെള്ളമില്ലാതെ പ്രതിസന്ധിയിലായതായും ഇറാന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നു.

ആഗോളതലത്തില്‍ ആശങ്ക; എണ്ണവില ഉയരാന്‍ സാധ്യത

ലോകത്തിലെ ആകെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ട്. പശ്ചിമേഷ്യയിലെ ചെറിയൊരു തീപ്പൊരി വലിയൊരു ആഗോള യുദ്ധത്തിലേക്ക് വഴിമാറാനുള്ള സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റണി ഗുട്ടെറസ് സുരക്ഷാ കൗണ്‍സിലില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. അക്രമം തുടര്‍ന്നാല്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരക്ചിയും വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam