വെനിസ്വേലയിലെ ഇരട്ട ഭൂചലനം: മരണം 164 ആയി; ആയിരത്തോളം പേര്‍ക്ക് പരിക്ക്

JUNE 25, 2026, 8:13 AM

കാരാക്കസ്: വെനിസ്വേലയില്‍ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഇരട്ട ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 164 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വടക്കന്‍-മധ്യ വെനിസ്വേലയെ പിടിച്ചുകുലുക്കിയ ദുരന്തത്തില്‍ ഇതുവരെ 164 പേര്‍ മരണപ്പെടുകയും 971 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് വെനിസ്വേലന്‍ തീരദേശ നഗരമായ മൊറോണിന് സമീപം പ്രഭവകേന്ദ്രമായി ഭൂചലനമുണ്ടായത്. ആദ്യമുണ്ടായ 7.2 തീവ്രതയുള്ള ഭൂചലനത്തിന് തൊട്ടുപിന്നാലെ, വെറും 39 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ശക്തമായ ഭൂചലനവും അനുഭവപ്പെടുകയായിരുന്നു. ശാസ്ത്രലോകം ഇതിനെ സീസ്മിക് ഡബ്ലറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്.

തലസ്ഥാനമായ കാരാക്കസ്, ലാ ഗൈ്വറ, അരഗ്വ, കാരാബോബോ തുടങ്ങിയ പ്രവിശ്യകളില്‍ ഭൂചലനം വന്‍ നാശമുണ്ടാക്കി. കാരാക്കസില്‍ ഇരുപത്തിരണ്ടോളം നിലകളുള്ള ഒരു ഫ്‌ലാറ്റ് സമുച്ചയം ഉള്‍പ്പെടെ നിരവധി ബഹുനില മന്ദിരങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു വീണു. വെനിസ്വേലയിലെ പ്രധാന വിമാനത്താവളമായ സിമോണ്‍ ബൊളിവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് അടച്ചുപൂട്ടി. വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായി റദ്ദാക്കി. കൂടാതെ, 1,700 കിലോമീറ്റര്‍ അകലെയുള്ള ബ്രസീലിന്റെ ആമസോണ്‍ മേഖലകളിലും കൊളംബിയയിലും വരെ പ്രകമ്പനം അനുഭവപ്പെട്ടു.

ഭൂചലനത്തെ തുടര്‍ന്ന് കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും വൈദ്യുതിബന്ധവും പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ദുരന്തബാധിത പ്രദേശമായ ലാ ഗൈ്വറയെ പൂര്‍ണ്ണമായും ഡിസാസ്റ്റര്‍ സോണ്‍ ആയി പ്രഖ്യാപിച്ചു. പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ അടിയന്തിരമായി ആശുപത്രികളില്‍ പ്രവേശിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി പവര്‍ ടൂളുകളും അത്യാധുനിക സജ്ജീകരണങ്ങളുമായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. കൂടാതെ ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര റെഡ് ക്രോസിന്റെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam