തർക്ക പ്രദേശമായ ദക്ഷിണ ചൈനാ കടലിലെ പ്രതസ് ദ്വീപുകൾക്ക് ചുറ്റുമുള്ള തങ്ങളുടെ നാവിക പട്രോളിങ് ശേഷി തായ്‌വാൻ വർധിപ്പിച്ചതായി ഭരണകൂടം വ്യക്തമാക്കി. ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന സൈനികവും അല്ലാത്തതുമായ പ്രവർത്തനങ്ങൾ വർധിച്ച സാഹചര്യത്തിലാണ് വലിയ കപ്പലുകൾ അടക്കം സ്ഥിരമായി അയച്ച് തായ്‌വാൻ ഇവിടെ സുരക്ഷ ശക്തമാക്കിയത്.
ജനാധിപത്യ രീതിയിൽ ഭരണം നടത്തുന്ന തായ്‌വാനെ തങ്ങളുടെ സ്വന്തം പ്രദേശമായാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ തായ്‌പേയിലെ ഭരണകൂടം ഈ വാദം പൂർണ്ണമായും തള്ളിക്കളയുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി തായ്‌വാന് ചുറ്റുമുള്ള സൈനിക സാന്നിധ്യം വർധിപ്പിച്ച് തായ്‌വാനെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമങ്ങളിലാണ് ചൈന.
ദക്ഷിണ തായ്‌വാനും ഹോങ്കോങ്ങിനും ഇടയിൽ സ്ഥിതി ചെയ്യുന്ന തായ്‌വാന്റെ നിയന്ത്രണത്തിലുള്ള പ്രതസ് ദ്വീപുകൾ, തായ്‌വാനിൽ നിന്ന് ഏകദേശം നാന്നൂറിലധികം കിലോമീറ്റർ അകലെയായതിനാൽ ചൈനയുടെ ആക്രമണത്തിന് സാധ്യതയുള്ള പ്രദേശമായാണ് സുരക്ഷാ വിദഗ്ദ്ധർ കാണുന്നത്. പ്രതസ് സമുദ്ര മേഖലയിലെ തങ്ങളുടെ മൊത്തത്തിലുള്ള പട്രോളിങ് ശേഷിയും നിയമപാലന സംവിധാനങ്ങളും സമഗ്രമായി ഉയർത്തിയതായി തായ്‌വാൻ തീരസംരക്ഷണ സേന അറിയിച്ചു. ജൂലൈ മാസത്തിൽ വാർഫ് നിർമ്മാണം പൂർത്തിയായതോടെ, പുതുതായി നിർമ്മിച്ച നൂറ് ടൺ ശേഷിയുള്ള പട്രോൾ ബോട്ട് പ്രതസിൽ ഔദ്യോഗികമായി വിന്യസിച്ചിട്ടുണ്ട്. ഇത് തീരദേശ പട്രോളിങ് ശേഷിയും പെട്ടെന്നുള്ള മുൻകരുതൽ നടപടികളും വേഗത്തിലാക്കാൻ സഹായിക്കും.
ഇതിനുപുറമെ, പ്രതസിന് ചുറ്റുമുള്ള സമുദ്രത്തിൽ പട്രോളിങ്ങിനായി വലിയ യാനങ്ങളും സ്ഥിരമായി വിന്യസിച്ചുവരുന്നുണ്ട്. ഇത് പ്രദേശത്ത് ശക്തമായ പ്രതിരോധവും ചലനാത്മകമായ നിയമപാലന ശേഷിയും ഉറപ്പാക്കുന്നു. പ്രതസ് ദ്വീപുകളിന്മേൽ തായ്‌വാനുള്ള പരമാധികാരം ചൈന അംഗീകരിക്കുന്നില്ല. ചൈനീസ് കോസ്റ്റ് ഗാർഡ് കപ്പലുകൾ ഈ മേഖലയിൽ പട്രോളിങ് വർധിപ്പിച്ചിട്ടുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
