ന്യൂയോർക്ക്/ഡാളസ്: മലങ്കര മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ മാർത്തോമ്മാ, സി.എസ്.ഐ, സി.എൻ.ഐ സഭകൾ സംയുക്തമായി ആചരിക്കുന്ന ഐക്യ പ്രാർത്ഥനാ ദിനം നവംബർ 8ന് നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ ഇടവകകളിൽ ഭക്തിനിർഭരമായി ആചരിച്ചു.
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടവകകളിൽ പ്രാർത്ഥനാ ദിനം വിജയകരമായി സംഘടിപ്പിച്ചത്.
'മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ' (റോമർ 12:2) എന്ന തിരുവചനത്തെ ആസ്പദമാക്കിയായിരുന്നു ഈ വർഷത്തെ പ്രാർത്ഥനാ ശുശ്രൂഷകൾ ക്രമീകരിച്ചിരുന്നത്. ബാഹ്യമായ മാറ്റങ്ങളിൽ മാത്രം ഒതുങ്ങാതെ, ദൈവവചനത്തിലേക്കുള്ള മടങ്ങിവരവിലൂടെയും പ്രാർത്ഥനാജീവിതത്തിലൂടെയും സഭയെയും വിശ്വാസികളെയും നവീകരിക്കുക എന്ന ശക്തമായ സന്ദേശമാണ് ദിനാചരണം നൽകിയത്.
മലങ്കര മാർത്തോമ്മാ സുറിയാനി സഭ, സി.എസ്.ഐ, സി.എൻ.ഐ എന്നീ സഭകൾ ചേർന്നുള്ള 'കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ'യുടെ കൂട്ടായ്മയും ശുശ്രൂഷയും സഭകളുടെ പരസ്പര ഐക്യത്തിന്റെയും സഹകരണത്തിന്റെയും വലിയൊരു സാക്ഷ്യമാണെന്ന് വിവിധ ഇടവകകളിൽ നിന്നുള്ള പ്രഭാഷകർ ഓർമ്മിപ്പിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾ മാർത്തോമ്മാ ചർച്ചിൽ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ ഡാളസ് സി.എസ്.ഐ ഇടവക വികാരി റവ. ബൈജു ഈപ്പൻ മുഖ്യ സന്ദേശം നൽകി.
ആരാധന കേവലം കാഴ്ചക്കാരുടെ ഒത്തുകൂടലല്ലെന്നും, മറിച്ച് ദൈവവചനത്തിലൂടെയുള്ള ആത്മപരിശോധനയ്ക്കും ആത്മീയ നവീകരണത്തിനുമുള്ള അവസരമായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 'ക്രിസ്തുവിൽ ഒന്നായി ലോകത്തിന് സാക്ഷികളാകുക' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു അച്ചൻ ആത്മീയ ചിന്തകൾ പങ്കുവെച്ചത്.
വ്യത്യസ്ത ആരാധനാക്രമങ്ങളും പാരമ്പര്യങ്ങളും ഉണ്ടെങ്കിലും തിരുവെഴുത്തുകളിലൂടെയും ക്രിസ്തുവിലൂടെയും വിശ്വാസികൾ ഒന്നാകണമെന്ന് സന്ദേശം വ്യക്തമാക്കുന്നു. ബാബേൽ ഗോപുരത്തിലെ മനുഷ്യന്റെ സ്വാർത്ഥമായ ഐക്യത്തിൽ നിന്ന് വ്യത്യസ്തമായി, പെന്തക്കോസ്ത് അനുഭവത്തിലെ ആത്മാവിന്റെ ഐക്യമാണ് സഭ മാതൃകയാക്കേണ്ടത്.
സഭയിൽ വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ പ്രതിഷ്ഠിക്കാതെ ക്രിസ്തുവിനെ മാത്രം കേന്ദ്രബിന്ദുവാക്കിക്കൊണ്ട് മുേേറണ്ടതിന്റെ പ്രാധാന്യവും അച്ചൻ ഊന്നിപ്പറഞ്ഞു.
ആരാധനയിലും പ്രാർത്ഥനയിലും മാത്രം ഒതുങ്ങാതെ, പരസ്പരമുള്ള ക്ഷമയിലൂടെയും സ്‌നേഹത്തിലൂടെയും ആ വിശ്വാസജീവിതം മിഷൻ പ്രവർത്തനങ്ങളിലേക്കും ലോകത്തിന്റെ നന്മയ്ക്കായുള്ള സാക്ഷ്യത്തിലേക്കും വ്യാപിക്കണമെന്ന് പ്രസംഗം ആഹ്വാനം ചെയ്തു.
'കർത്താവേ, ഇതാ ഞാൻ, എന്നെ അയക്കണമേ' എന്ന യെശയ്യാവിന്റെ സമർപ്പണത്തോടെ ഓരോ വിശ്വാസിയും സ്വന്തം ജീവിതത്തെ ആത്മപരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആഹ്വാനത്തോടെയാണ് അച്ചൻ തന്റെ പ്രസംഗം ഉപസംഹരിച്ചത്.
സെന്റ് പോൾ മാർത്തോമ്മാ വികാരി റവ രജിൻ രാജു സ്വാഗതവും ഇടവക സെക്രട്ടറി സോജി സ്‌കറിയാ നന്ദിയും പറഞ്ഞു.
ഐക്യ ഞായറാഴ്ചയോടനുബന്ധിച്ച് നോർത്ത് അമേരിക്കയിലെ എല്ലാ ഇടവകകളിലും പ്രത്യേക ആരാധനയും മധ്യസ്ഥ പ്രാർത്ഥനയും നടന്നു. സഭയുടെ ആത്മീയ പുതുക്കത്തിനും വളർച്ചയ്ക്കും വേണ്ടി വിശ്വാസികൾ ഒന്നടങ്കം പ്രാർത്ഥനയിൽ പങ്കുചേർന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
