ജെറുസലേം: ഗാസയിലേക്ക് വീണ്ടും സൈനിക നീക്കം നടത്താനുള്ള തീരുമാനത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യായീകരിച്ചു. പുതിയ അക്രമങ്ങളില്‍ ഡസന്‍ കണക്കിന് പലസ്തീനികള്‍ കൊല്ലപ്പെടുകയും ഇസ്രായേലിന്റെ യുദ്ധ തന്ത്രത്തിനെതിരായ അന്താരാഷ്ട്ര വിമര്‍ശനം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിരോധം തീര്‍ത്ത് നെതന്യാഹു രംഗത്തെത്തിയത്. ഇസ്രായേലിന് 'ജോലി പൂര്‍ത്തിയാക്കുകയും ഹമാസിന്റെ പരാജയം പൂര്‍ത്തിയാക്കുകയും ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ല' എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന ആക്രമണം ഗാസയിലെ ഹമാസിന്റെ അവസാന രണ്ട് ശക്തികേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. 'ഞങ്ങളുടെ ലക്ഷ്യം ഗാസ പിടിച്ചെടുക്കലല്ല, ഗാസയെ മോചിപ്പിക്കുക എന്നതാണ്,' അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ഗാസയുടെ സ്ഥിരമായ നിയന്ത്രണം കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണങ്ങള്‍ അദ്ദേഹം നിരാകരിച്ചു.
ഇസ്രായേലിനെക്കുറിച്ച് ആഗോള തലത്തില്‍ നുണ പ്രചാരണം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കൂടുതല്‍ വിദേശ പത്രപ്രവര്‍ത്തകരെ ഗാസയിലേക്ക് കടക്കാന്‍ അനുവദിക്കാനും അദ്ദേഹം സൈന്യത്തോട് ഉത്തരവിട്ടു. ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് ഹമാസാണ് ഉത്തരവാദിയെന്ന് നെതന്യാഹു വീണ്ടും കുറ്റപ്പെടുത്തി. ആയുധം താഴെ വയ്ക്കാന്‍ ഹമാസ് വിസമ്മതിച്ചതും സാധാരണക്കാരെ പരിചയായി ഉപയോഗിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ ഭക്ഷണവും മറ്റ് സഹായങ്ങളും സ്വീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ കുറഞ്ഞത് 26 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹായ വാഹനവ്യൂഹങ്ങളുടെ റൂട്ടുകളിലും സ്വകാര്യ വിതരണ കേന്ദ്രങ്ങളിലുമാണ് ആളുകള്‍ മരിച്ചത്.
റാഫയ്ക്കും ഖാന്‍ യൂനിസിനും ഇടയിലുള്ള മൊറാഗ് ഇടനാഴിക്ക് സമീപം പത്ത് പേര്‍ കൊല്ലപ്പെട്ടതായി നാസര്‍ ആശുപത്രി റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഗാസയില്‍, സിക്കിം ക്രോസിംഗിന് സമീപം മറ്റ് ആറ് പേര്‍ മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയവും ഷിഫ ആശുപത്രിയും അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്