തന്റെ മൃതദേഹം അടക്കാനുള്ള കുഴി സ്വയം ഒരുക്കി ഇസ്രയേലി ബന്ദി; വീഡിയോ പുറത്തുവിട്ട് ഹമാസ്

AUGUST 3, 2025, 8:11 PM

ഗാസ സിറ്റി: ഇസ്രയേലില്‍ നിന്ന് തട്ടികൊണ്ടുപോയ ബന്ദിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്.  2023 ഒക്ടോബര്‍ ഏഴിന് സംഗീതപരിപാടിക്കിടെ ആക്രമണം നടത്തി കടത്തിക്കൊണ്ടു പോയ 24 കാരനായ എവ്യാതര്‍ ഡേവിഡിന്റെ വീഡിയോ ആണിത്.

മണ്‍വെട്ടിപോലുള്ള ആയുധം ഉപയോഗിച്ച് ഒരു തുരങ്കത്തിനുള്ളില്‍ കുഴിയൊരുക്കുന്നതാണ് ദൃശ്യങ്ങളില്‍. മരിക്കുമ്പോള്‍ തന്നെ അടക്കാനുള്ള കുഴി ഒരുക്കുകയാണെന്ന് ഡേവിഡ് വീഡിയോയില്‍ പറയുന്നു. ഓരോ ദിവസവും ശരീരം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ നേരെ എന്റെ ശവക്കുഴിയിലേക്ക് നടക്കുകയാണ്. എന്നെ സംസ്‌കരിക്കാന്‍ പോകുന്ന ശവക്കുഴി അവിടെയാണെന്ന് ഹീബ്രു ഭാഷയില്‍ യുവാവ് പറയുന്നു.

ഹമാസിന്റെ പ്രചാരണത്തിന് വേണ്ടി തങ്ങളുടെ മകനെ പട്ടിണിയിലാക്കി വീഡിയോ എടുത്തത് ലോകം കണ്ട ഏറ്റവും ഭയാനകമായ പ്രവൃത്തിയാണെന്ന് ഡേവിഡിന്റെ മാതാപിതാക്കള്‍ പറഞ്ഞു. വീഡിയോ പുറത്തുവന്നതിന് ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഡേവിഡിന്റെ കുടുംബവുമായി സംസാരിച്ചു. ബന്ദികളുടെ മോചനം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ നിരന്തരമായി തുടരുകയാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.


മറ്റൊരു ബന്ദിയുടെ വീഡിയോയും ഹമാസ് പുറത്ത് വിട്ടിരുന്നു. ഇസ്രയേല്‍- ജര്‍മന്‍ ഇരട്ടപൗരത്വമുള്ള റോം ബ്രസ്ലാവ്സ്‌കി എന്ന യുവാവിന്റെ മോചനം ഉറപ്പാക്കാന്‍ സഹായിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോയായിരുന്നു അത്. വീഡിയോയില്‍ ഇയാളുടെ ആരോഗ്യനില വളരെ മോശമാണെന്നും കാണാം. ഗാസയിലെ രൂക്ഷമാകുന്ന ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ചുള്ള അറബി ഭാഷയിലുള്ള ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം കാണുന്നതായും ദൃശ്യങ്ങളിലുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയും ഇസ്രയേലി മാധ്യമങ്ങളും ഇയാളെ ജറുസലേമില്‍ നിന്നുള്ള ഇരട്ട പൗരത്വമുള്ള ബ്രസ്ലാവ്സ്‌കിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒക്ടോബറിലെ ആക്രമണം നടന്ന സ്ഥലങ്ങളിലൊന്നായ നോവ സംഗീതോത്സവത്തില്‍ സുരക്ഷാ ഏജന്റായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

ദൃശ്യങ്ങളുടെ തുടക്കത്തില്‍, ബ്രസ്ലാവ്സ്‌കിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗം അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവന അവര്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇത് വീഡിയോ നേരത്തെ റെക്കോര്‍ഡ് ചെയ്തതാകാം എന്നാണ് സൂചന. ഏപ്രില്‍ 16-ന് ബ്രസ്ലാവ്സ്‌കിയുടെ മറ്റൊരു വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു.

ഒക്ടബോര്‍ ഏഴിന് ഹമസിന്റെ ആക്രമണത്തിനിടെ സംഗീതോത്സവത്തില്‍ പങ്കെടുത്ത ഒട്ടേറെപേരെ രക്ഷിക്കാന്‍ ബ്രസ്ലാവ്സ്‌കി സഹായിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇസ്രയേലി സൈന്യത്തിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബറില്‍ തെക്കന്‍ ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ 251 പേരെ ബന്ദികളാക്കിയിരുന്നു. ഇവരില്‍ 49 പേര്‍ ഇപ്പോഴും ഗാസയില്‍ തടവിലുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ 27 പേര്‍ മരിച്ചതായും വിശ്വസിക്കപ്പെടുന്നു.

ഈ ആക്രമണത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ ഗാസയില്‍ സൈനിക നടപടി ആരംഭിച്ചത്. ഈ വര്‍ഷം ജനുവരി 19 മുതല്‍ മാര്‍ച്ച് 17 വരെ 1,800 പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി 33 ബന്ദികളെ മോചിപ്പിച്ചിരുന്നു. ഇവരില്‍ എട്ടുപേര്‍ മരിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam