പാരീസ്: ലോക മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ. റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ആര്‍.എസ്.എഫ്) വ്യാഴാഴ്ച പുറത്തുവിട്ട 2026ലെ വേള്‍ഡ് പ്രസ് ഫ്രീഡം സൂചികയില്‍ 180 രാജ്യങ്ങളില്‍ ഇന്ത്യ 157ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. 2025 ല്‍ 151-ാം സ്ഥാനത്തായിരുന്ന ഇന്ത്യ. ഒരു വര്‍ഷത്തിനിപ്പുറം ആറ് സ്ഥാനങ്ങള്‍ കൂടി താഴേക്ക് പോയത് രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് വ്യക്തമാക്കുന്നത്.
പാകിസ്ഥാന്‍ (153), ബംഗ്ലാദേശ് (152), ഭൂട്ടാന്‍ (150), ശ്രീലങ്ക (134), നേപ്പാള്‍ (87) എന്നീ അയല്‍രാജ്യങ്ങളെല്ലാം ഇന്ത്യയേക്കാള്‍ മികച്ച നിലയിലാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, മാധ്യമ ഉടമസ്ഥതയിലെ കേന്ദ്രീകരണം, ഹിന്ദുത്വ ദേശീയതയുടെ സ്വാധീനം എന്നിവയാണ് റാങ്കിങ് താഴാന്‍ കാരണമായി പറയുന്നത്. പുതിയ ഡിജിറ്റല്‍ നിയമങ്ങളും ടെലികോം ആക്ടും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ആഗോളതലത്തില്‍ മാധ്യമ സ്വാതന്ത്ര്യം കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ സൂചിക പ്രസിദ്ധീകരിക്കുന്ന സന്നദ്ധ സംഘടനയുടെ കണക്കനുസരിച്ച് 2002 മുതല്‍ ഇന്ത്യ പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ 'അതീവ ഗുരുതരം' എന്ന വിഭാഗത്തിലാണ് തുടരുന്നത്. ജനാധിപത്യ രാജ്യങ്ങളില്‍പ്പോലും വാര്‍ത്താമുറികളെ നിശ്ശബ്ദമാക്കാന്‍ നിയമസംവിധാനങ്ങള്‍ ആയുധമാക്കപ്പെടുന്നുണ്ടെന്നും ഇന്ത്യയില്‍ നിയമപരമായിതന്നെ സ്വതന്ത്ര മാധ്യമങ്ങളെ വേട്ടയാടുകയാടുന്നത് വര്‍ധിച്ചുവരികയാണെന്നും ആര്‍.എസ്.എഫ് കുറ്റപ്പെടുത്തുന്നു. അപകീര്‍ത്തിക്കേസുകളും ദേശീയ സുരക്ഷാ നിയമങ്ങളും ഉള്‍പ്പെടെയുള്ള ക്രിമിനല്‍ നിയമങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്കെതിരേ നേരിട്ട് പ്രയോഗിക്കപ്പെടുന്നുണ്ട്.
സൂചികയുടെ ചരിത്രത്തില്‍ ആദ്യമായി പകുതിയിലധികം രാജ്യങ്ങളും പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. 2002 ല്‍ സൂചിക ആരംഭിച്ചപ്പോള്‍ 13.7 ശതമാനം രാജ്യങ്ങള്‍ മാത്രമായിരുന്നു ഈ വിഭാഗത്തില്‍ ഉണ്ടായിരുന്നത്. പഠനവിധേയമാക്കിയ 180 രാജ്യങ്ങളിലേയും ശരാശരി പത്രസ്വാതന്ത്ര്യ സ്‌കോര്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേശീയ സുരക്ഷാ നയങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ജനാധിപത്യ രാജ്യങ്ങളില്‍പ്പോലും വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തികം, നിയമം, സുരക്ഷ, രാഷ്ട്രീയം, സാമൂഹിക സാഹചര്യങ്ങള്‍ എന്നി അഞ്ച് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പത്രസ്വാതന്ത്ര്യം വിലയിരുത്തുന്നത്. ഇതില്‍ നിയമപരമായ സാഹചര്യങ്ങള്‍ മോശമാകുന്നതാണ് പത്രസ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നതിന്റെ പ്രധാന സൂചനയായി സംഘടന ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ, ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ജിയ തുടങ്ങിയ 60 ശതമാനത്തിലധികം രാജ്യങ്ങളിലും സ്ഥിതി മോശമായിട്ടുണ്ട്.
അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നേപ്പാള്‍ (87), മാലിദ്വീപ് (108), ശ്രീലങ്ക (134), ഭൂട്ടാന്‍ (150), ബംഗ്ലാദേശ് (152), പാകിസ്താന്‍ (153) എന്നിവയേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ മ്യാന്‍മര്‍ (166), അഫ്ഗാനിസ്ഥാന്‍ (175), ചൈന (178) എന്നീ രാജ്യങ്ങളേക്കാള്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. നോര്‍വേ, നെതര്‍ലന്‍ഡ്സ്, എസ്റ്റോണിയ എന്നിവയാണ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. അതേസമയം യു.എസ് ഏഴ് സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി 64-ാം റാങ്കിലെത്തി.
2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ഇന്ത്യന്‍ മാധ്യമരംഗം 'അനൗദ്യോഗിക അടിയന്തരാവസ്ഥ'യിലാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മാധ്യമമേഖലയിലെ വന്‍കിട കുടുംബങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മാധ്യമങ്ങളുടെ സ്വതന്ത്ര സ്വഭാവം തകര്‍ത്തു. റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനിക്ക് 70 ലധികം മാധ്യമ സ്ഥാപനങ്ങള്‍ ഉള്ളതും, മോദിയുമായി അടുത്ത ബന്ധമുള്ള ഗൗതം അദാനി എന്‍.ഡി.ടി.വി ഏറ്റെടുത്തതും മുഖ്യധാരാ മാധ്യമങ്ങളിലെ ബഹുസ്വരത ഇല്ലാതാക്കിയെന്നും ആര്‍.എസ്.എഫ് നിരീക്ഷിക്കുന്നു. സര്‍ക്കാരിന് വിധേയപ്പെട്ട് പ്രവര്‍ത്തിക്കുന്ന 'ഗോഡി മീഡിയ'യുടെ വളര്‍ച്ച ഇന്ത്യന്‍ ജനാധിപത്യ മാതൃകയെ ചോദ്യം ചെയ്യുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
