പാരീസ്: ആത്മീയ ഉണര്‍വിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ നാല് ദിവസത്തെ ഫ്രഞ്ച് സന്ദര്‍ശനത്തിന് പ്രൗഢോജ്ജ്വല തുടക്കം. തലസ്ഥാനമായ പാരീസില്‍ അരദശലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുന്ന ചരിത്രപ്രസിദ്ധമായ മധ്യസ്ഥ പ്രാര്‍ത്ഥനയോടുകൂടിയ ദിവ്യബലിയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം. യൂറോപ്പിലാകെ പടരുന്ന പുതിയ ആത്മീയ ദാഹത്തിന്റെ പ്രതിഫലനമാണ് മാര്‍പ്പാപ്പയെ സ്വീകരിക്കാന്‍ ഒഴുകിയെത്തുന്ന വന്‍ ജനസഞ്ചയമെന്ന് കത്തോലിക്കാ സഭ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച രാവിലെ ഓര്‍ലി വിമാനത്താവളത്തിലെത്തിയ പാപ്പയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നേരിട്ടെത്തി സ്വീകരിച്ചു. തുടര്‍ന്ന് എലിസി കൊട്ടാരത്തില്‍ നടക്കുന്ന ഉന്നതതല കൂടിക്കാഴ്ചയില്‍ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനവും പ്രധാനം ചെയ്യുന്ന വിഷയം ഇരുവരും ചര്‍ച്ച ചെയ്യും. മെറ്റ്‌സില്‍ നടക്കുന്ന ചടങ്ങിലും ഇരുനേതാക്കളും ഒരുമിച്ച് പ്രസംഗിക്കും. എന്നാല്‍ ഫ്രാന്‍സിലെ കര്‍ശനമായ മതേതരത്വ നയങ്ങള്‍ മുന്‍നിര്‍ത്തി, മാര്‍പ്പാപ്പ നേതൃത്വം നല്‍കുന്ന ദിവ്യബലികളില്‍ നിന്ന് പ്രസിഡന്റ് മാക്രോണ്‍ വിട്ടുനില്‍ക്കും. പകരം പ്രഥമ വനിത ബ്രിജിറ്റും പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണുവും മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളും പാരീസിലെ ചടങ്ങുകളില്‍ പങ്കാളികളാകും.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പാരീസിലെ പ്ലേസ് ഡി ലാ കോണ്‍കോര്‍ഡില്‍ പ്രത്യേകം തയ്യാറാക്കിയ കൂറ്റന്‍ അള്‍ത്താരയിലാണ് ചരിത്രപരമായ ദിവ്യബലി നടക്കുക. പ്രശസ്തമായ ഷാംസ് എലിസീസ് പാതയും ആര്‍ക്ക് ഡി ട്രയംഫിന്റെ പരിസരങ്ങളും ഉള്‍പ്പെടെയുള്ള വിശാലമായ മേഖല പൂര്‍ണ്ണമായും സുരക്ഷാസേനയുടെ കനത്ത നിരീക്ഷണത്തിലാണ്. ആറ് ലക്ഷത്തോളം വിശ്വാസികള്‍ ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഇവിടെ തടിച്ചുകൂടുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. നോത്രെ ദാം കത്തീഡ്രലിലേക്കുള്ള പര്യടനത്തിന് ശേഷം സ്റ്റേഡ് ഡി ഫ്രാന്‍സില്‍ നടക്കുന്ന യൂത്ത് മീറ്റില്‍ എണ്‍പതിനായിരത്തോളം യുവാക്കളെയും പാപ്പ അഭിസംബോധന ചെയ്യും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൈറീനിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദില്‍ ഒന്നരലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് മാര്‍പ്പാപ്പ നേതൃത്വം നല്‍കും. യൂറോപ്യന്‍ യൂണിയന്റെ സ്ഥാപക നേതാക്കളിലൊരാളും വിശുദ്ധ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തിയുമായ റോബര്‍ട്ട് ഷൂമാന് ആദരവര്‍പ്പിക്കാന്‍ മെറ്റ്‌സിലും പാപ്പ സന്ദര്‍ശനം നടത്തും. പാരീസിലെ കുടിയേറ്റക്കാരുമായും ലൂര്‍ദില്‍ വെച്ച് കത്തോലിക്കാ സഭയിലെ ലൈംഗിക പീഡനങ്ങള്‍ക്കിരയായവരുമായും മാര്‍പ്പാപ്പ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നത് സന്ദര്‍ശനത്തിന്റെ മാനവിക പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
അമേരിക്കയിലെ ഷിക്കാഗോയില്‍ ജനിച്ച ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ഫ്രാന്‍സുമായി ശക്തമായ കുടുംബബന്ധമുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഫ്രാന്‍സിലെ നോര്‍മണ്ടിയിലാണ് ജനിച്ചത്. സഭയുടെ മൂത്ത മകള്‍ എന്ന് ചരിത്രത്തില്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഫ്രാന്‍സില്‍, അടുത്തകാലത്തായി മതപരമായ പാരമ്പര്യങ്ങളിലേക്കും ആത്മീയതയിലേക്കും ജനങ്ങള്‍ വലിയ തോതില്‍ തിരികെ വരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുതിര്‍ന്നവരുടെ ജ്ഞാനസ്‌നാനത്തില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവ് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഫ്രാന്‍സ് മതേതരത്വത്തിലേക്ക് മാറിയെങ്കിലും മനുഷ്യരുടെ ഉള്ളില്‍ രൂപപ്പെട്ട ആത്മീയ ശൂന്യതയ്ക്ക് ഉത്തരം തേടുകയാണ് ജനങ്ങള്‍. മുമ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കിഴക്കന്‍ മേഖലയെ ഉണര്‍ത്തിയത് പോലെ, ലിയോ പതിനാലാമന്‍ പാപ്പ പാശ്ചാത്യ ലോകത്തെ വീണ്ടും ആത്മീയമായി ഉണര്‍ത്തുമെന്ന് ബിഷപ്പ് കാര്‍ഡിനല്‍ ഫ്രാന്‍സ്വാ ബുസ്റ്റിലോ പ്രത്യാശ പ്രകടിപ്പിച്ചു.
English summary
Pope Leo XIV has embarked on a historic four-day visit to France—highlighted by a massive Mass for over 500,000 people at the Place de la Concorde in Paris—signaling a resurgence of spiritual interest in an increasingly secular nation. While French President Emmanuel Macron greeted the Chicago-born pontiff at Orly airport to discuss geopolitics and artificial intelligence, he will abstain from attending the religious ceremonies to respect France's strict legal separation of church and state, leaving Prime Minister Sébastien Lecornu and other political figures to represent the government. The Pope's itinerary also features an 80,000-strong youth rally at the Stade de France, a pilgrimage to Lourdes to meet with sexual abuse victims, discussions with migrants, and a tribute in Metz to EU founding father Robert Schuman, underlining both the pastoral and humanistic weight of his visit.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
