ലണ്ടന്‍: യുകെയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ആര്‍മിയിലെ മുതിര്‍ന്ന സൈനികന്‍ റഷ്യയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തില്‍ ബ്രിട്ടീഷ് കൗണ്ടര്‍ ടെററിസം പോലീസിന്റെ പിടിയിലായി. ഗ്ലൗസെസ്റ്റര്‍ഷെയറിലെ ഇംജിന്‍ ബാരക്‌സില്‍ സേവനമനുഷ്ഠിച്ചിരുന്ന 41 വയസ്സുകാരനായ ഈ ഉദ്യോഗസ്ഥനെ യുകെ നാഷണല്‍ സെക്യൂരിറ്റി ആക്ട് 2023 പ്രകാരമാണ് ലണ്ടന്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. നാറ്റോയുടെ സഖ്യസേനയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ഗുരുതരമായ ആരോപണമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്.
ബ്രിട്ടനിലെ കൗണ്ടര്‍ ടെററിസം പോലീസും അമേരിക്കയുടെ എഫ്.ബി.ഐ, യുഎസ് ആര്‍മി കൗണ്ടര്‍ ഇന്റലിജന്‍സ് കമാന്‍ഡ് എന്നിവരും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ വലയിലാക്കിയത്. അമേരിക്കയോടുള്ള പ്രതിജ്ഞ ലംഘിച്ച് ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന പ്രവൃത്തികള്‍ ചെയ്യുന്നവരോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ലണ്ടന്‍ പോലീസ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ വിക്കി ഇവാന്‍സ് വ്യക്തമാക്കി.
തടങ്കലില്‍ വച്ചിരിക്കുന്ന ഉദ്യോഗസ്ഥനെ കുറ്റം ചുമത്താതെ 14 ദിവസം വരെ ചോദ്യം ചെയ്യാന്‍ യുകെ നിയമപ്രകാരം പോലീസിന് അധികാരമുണ്ട്. പ്രതി താമസിച്ചിരുന്ന രണ്ട് കേന്ദ്രങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ നിലവില്‍ പരിശോധന നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
