ടെല്‍ അവീവ്: ഗാസയില്‍ സഹായ വിതരണം നടത്തുന്നതിന് ഇസ്രയേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) രംഗത്ത്. യുഎന്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഗാസയില്‍ മാനുഷിക സഹായം സുഗമമാക്കാന്‍ ഇസ്രയേല്‍ ബാധ്യസ്ഥമാണെന്ന് കോടതി വ്യക്തമാക്കി.
മാത്രമല്ല യുഎന്‍ പലസ്തീന്‍ അഭയാര്‍ഥി സംഘടന (യുഎന്‍ആര്‍ഡബ്ല്യൂഎ) നിഷ്പക്ഷത ലംഘിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. അധിനിവേശ ശക്തിക്ക് അധിനിവേശ പ്രദേശങ്ങളിലെ എല്ലാ മാനുഷിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുന്നത് ന്യായീകരിക്കാന്‍ സുരക്ഷാ കാരണങ്ങള്‍ ഒരിക്കലും നിരത്താന്‍ പാടില്ല. തെളിവുകള്‍ പരിശോധിച്ചതില്‍ നിന്നും ഗാസ മുനമ്പിലെ ജനങ്ങള്‍ക്ക് മതിയായ സഹായം ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തില്‍, യുഎന്‍ആര്‍ഡബ്ല്യൂഎ വഴി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടന, ഗാസ മുനമ്പില്‍ മാനുഷിക സഹായം നല്‍കുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത ഏജന്‍സിയാണ്' രാജ്യാന്തര കോടതി വ്യക്തമാക്കി. യുഎന്‍ പാലസ്തീന്‍ അഭയാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിലക്കുകയും ഇതിലൂടെ ഗാസയില്‍ സഹായമെത്തിക്കാനുള്ള ശ്രമങ്ങളെ തടസപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സംഘടനയാണ് രാജ്യാന്തര കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടത്.
യുഎന്‍ പലസ്തീന്‍ അഭയാര്‍ഥി സംഘടനയ്ക്ക് ഹമാസുമായി ബന്ധമുള്ള ആയിരത്തിലധികം ജീവനക്കാരുണ്ടെന്നും അവരുടെ സ്‌കൂളുകളില്‍ ഇസ്രയേലിനെതിരെ വിദ്വേഷം പഠിപ്പിക്കുന്നു എന്നും ഇസ്രയേല്‍ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ യുഎന്‍ആര്‍ഡബ്ല്യൂഎ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ യുഎന്‍ആര്‍ഡബ്ല്യൂഎയുടെ ഒന്‍പത് ജീവനക്കാര്‍ ഉള്‍പ്പെട്ടിരിക്കാം എന്ന് ഒരു യുഎന്‍ അന്വേഷണം കണ്ടെത്തിയിരുന്നു. എന്നാല്‍ യുഎന്‍ആര്‍ഡബ്ല്യൂഎ ജീവനക്കാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഇസ്രയേല്‍ തെളിയിച്ചിട്ടില്ലെന്ന് രാജ്യാന്തര കോടതി ബുധനാഴ്ച പറഞ്ഞു.
രാജ്യാന്തര കോടതിയുടെ നിരീക്ഷണം ഇസ്രയേലിനെ നിയമപരമായി ബാധിക്കില്ലെങ്കിലും ഗാസയിലും വെസ്റ്റ് ബാങ്കിലും യുഎന്‍ സംഘടനകളും മറ്റ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയും സഹായം എത്തിക്കുന്നത് നിയന്ത്രിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്