ബ്രസ്സൽസ്: യൂറോപ്യൻ യൂണിയൻ (EU) നേതാക്കൾ ബ്രസ്സൽസിൽ നടക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിയിൽ, റഷ്യയുടെ പിടിച്ചുവച്ച (frozen) പണം യുക്രൈനിന് വായ്പയായി നൽകണോ എന്ന അത്യന്തം നിർണായക തീരുമാനമാണ് എടുക്കാൻ പോകുന്നത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ റഷ്യയുടെ ഏകദേശം 210 ബില്യൺ യൂറോയുടെ ആസ്തികൾ പിടിച്ചുവച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ബെൽജിയത്തിൽ ആസ്ഥാനമായ യൂറോക്ലിയർ (Euroclear) എന്ന സ്ഥാപനത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
എന്നാൽ, ബെൽജിയവും ചില മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഈ പണം ഉപയോഗിക്കുന്നതിനെ എതിർക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
പണം കിട്ടിയില്ലെങ്കിൽ യുക്രൈനിന് പ്രതിസന്ധി
കൂടുതൽ ധനസഹായം ലഭിച്ചില്ലെങ്കിൽ, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ യുക്രൈന്റെ സാമ്പത്തിക വിഭവങ്ങൾ തീരും എന്നാണ് വിലയിരുത്തൽ. “ഞങ്ങൾ ചെറിയ പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നത്, എന്നാൽ അത്ര വലിയ പ്രതീക്ഷയില്ല” എന്നാണ് ഒരു യൂറോപ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞത്.
അതേസമയം, തങ്ങളുടെ പണം ഉപയോഗിക്കരുത് എന്ന് റഷ്യ യൂറോപ്യൻ യൂണിയന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണം തിരികെ നേടാൻ മോസ്കോയിലെ കോടതിയിൽ യൂറോക്ലിയറിനെതിരെ റഷ്യ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
യൂറോപ്യൻ യൂണിയന്റെ നിർദേശം
ഇതുവരെ, യൂറോപ്യൻ യൂണിയൻ യുക്രൈനിന് നൽകിയത് പലിശ മാത്രമാണ്, പണം നേരിട്ട് നൽകിയിട്ടില്ല. “അടുത്ത ഒരു വർഷം യുദ്ധം തുടരാൻ യുക്രൈനിന് ഇത് നിർണായക സമയമാണ്. ഈ പണം ഉണ്ടെങ്കിൽ യുക്രൈന് ‘ഞങ്ങൾ തകർന്നിട്ടില്ല’ എന്ന് പറയാൻ കഴിയും” എന്നാണ് ഒരു ഫിന്നിഷ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.
അതേസമയം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, യൂറോപ്പിനെ “തകർച്ചയിലായ ഭൂഖണ്ഡം” എന്നും, യുക്രൈനിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
അതേസമയം വിഷയത്തിൽ യൂറോപ്യൻ യൂണിയനുള്ളിലും അഭിപ്രായ ഭിന്നത ഉണ്ട്. ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബാൻ – യുക്രൈനിന് കൂടുതൽ പണം നൽകാൻ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. സ്ലോവാക്യ, ഇറ്റലി, മാൾട്ട, ബൾഗേറിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയവ നിയമപരമായ ആശങ്കകൾ പങ്കുവച്ചു. ബെൽജിയത്തിനും നിയമപരമായ അപകടസാധ്യതയെ കുറിച്ച് വലിയ ആശങ്ക ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഭാവിയിൽ കോടതി റഷ്യക്ക് പണം തിരികെ നൽകാൻ ഉത്തരവിട്ടാൽ, വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകാം എന്നാണ് ബെൽജിയത്തിന്റെ ഭയം.
എന്നാൽ ഈ ഉച്ചകോടി യുക്രൈനിന് വളരെ നിർണായകമാണ്. യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഉച്ചകോടിയിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
