പാരീസ്: ഫ്രാന്‍സില്‍ തുടരുന്ന വ്യാപകമായ അക്രമങ്ങളെയും കൊള്ളയടികളെയും തുടര്‍ന്ന് സെന്‍ട്രല്‍ പാരീസിന്റെ ചില ഭാഗങ്ങളിലും മറ്റ് നഗരങ്ങളിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധക്കാര്‍ ഒത്തുകൂടിയ റിപ്പബ്ലിക് ചത്വരം, ലെ ഹാലെസ് ഷോപ്പിംഗ് പ്രദേശം എന്നിവിടങ്ങളില്‍ രാത്രി 11 മണി മുതല്‍ രാവിലെ 6 മണിവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരമധ്യത്തിലെ മറ്റ് പല ഭാഗങ്ങളിലും അനധികൃത ഒത്തുകൂടലുകള്‍ നിരോധിച്ചിട്ടുമുണ്ട്. മാഴ്‌സെ, ബോര്‍ഡോ, നൈസ്, ലിയോണ്‍, ലില്ലെ തുടങ്ങിയ നഗരങ്ങളിലും യുവജനങ്ങളുടെ സഞ്ചാരത്തിനും ഒത്തുകൂടലുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
കലാപം നേരിടുന്നതില്‍ വീഴ്ച പറ്റി എന്നാക്ഷേപിച്ച് പ്രതിപക്ഷത്തിന്റെ ശക്തമായ വിമര്‍ശനം നേരിട്ട ആഭ്യന്തര മന്ത്രി ലോറന്റ് നുനസിന്റെ രാജി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിരസിച്ചു. ചില നഗരങ്ങളില്‍ പോലീസിന് നിയന്ത്രണം നഷ്ടപ്പെട്ടതായി അദ്ദേഹം സമ്മതിച്ചു. സ്‌കൂളുകളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ മാസം പ്രതിഷേധം ആരംഭിച്ചതെങ്കിലും, പിന്നീട് ഇത് മറ്റ് വിഷയങ്ങളിലേക്ക് വ്യാപിക്കുകയും ട്രേഡ് യൂണിയനുകളും വിവിധ ഗ്രൂപ്പുകളും സമരത്തില്‍ പങ്കുചേരുകയും ചെയ്തു. ഇന്ധന വിലക്കയറ്റം, ജീവിതച്ചെലവ്, പൊതു സേവനങ്ങളുടെ തകര്‍ച്ച എന്നിവയ്ക്കെതിരെയുള്ള ഈ പ്രക്ഷോഭത്തില്‍ വാരാന്ത്യത്തില്‍ ഏകദേശം അഞ്ചര ലക്ഷത്തോളം പേരാണ് തെരുത്തിലിറങ്ങിയത്.
രാജ്യത്ത് ഇതുവരെ 2,500-ല്‍ അധികം ആളുകളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോലീസിന്റെ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരു പ്രതിഷേധക്കാരന്റെ കൈപ്പത്തിക്ക് പരിക്കേല്‍ക്കുകയും ഏകദേശം ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച നടന്ന അടിയന്തിര യോഗത്തിന് ശേഷം, പ്രാദേശിക മേയര്‍മാര്‍ക്ക് ആവശ്യമുള്ളിടത്ത് കര്‍ഫ്യൂ നടപ്പാക്കാനുള്ള അധികാരം നല്‍കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് തള്ളിക്കളയാത്ത പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു, അക്രമബാധിതമായ പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ ഗവണ്‍മെന്റ് ഫണ്ട് മാറ്റിവെക്കുമെന്നും അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ നിന്ന് ആ തുക ഈടാക്കുമെന്നും വ്യക്തമാക്കി. സ്വത്തുക്കള്‍ നശിപ്പിച്ചവര്‍ അതിനുള്ള നഷ്ടപരിഹാരം നല്‍കേണ്ടി വരുന്ന രീതിയില്‍ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാപത്തെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്കായി ഭാഗിക തൊഴിലില്ലായ്മ ഫണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വാരാന്ത്യത്തിലെ അക്രമങ്ങള്‍ കാരണം രണ്ടായിരത്തിലധികം കടകളും വ്യാപാര സ്ഥാപനങ്ങളും നേരിട്ട് ബാധിക്കപ്പെട്ടതായും, നാശനഷ്ടങ്ങള്‍ കോടിക്കണക്കിന് യൂറോ വരുമെന്നും ഫ്രാന്‍സിലെ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വ്യക്തമാക്കി. കൊള്ളയടിക്കപ്പെട്ട സാധനങ്ങള്‍ ചില വില്‍പ്പന പ്ലാറ്റ്ഫോമുകളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മന്ത്രിമാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന്, അത്തരം ലിസ്റ്റിംഗുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി വിന്റെഡ് വക്താവ് അറിയിച്ചു. പാരീസ്, മാഴ്‌സെ തുടങ്ങിയ നഗരങ്ങളില്‍ കറുത്ത വേഷവും മുഖംമൂടികളും അണിഞ്ഞെത്തിയ അക്രമികള്‍ കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തീയിടുകയും വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു.
ലിമോജസ് നഗരത്തില്‍ കലാപകാരികള്‍ തീയിട്ടതിനെ തുടര്‍ന്ന് 19-ാം നൂറ്റാണ്ടിലെ പ്രശസ്തമായ സിറ്റി ഹാള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഫ്രാന്‍സിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ യു.എസ്, ചൈന, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
