വെനിസ്വേലയില്‍ ശക്തമായ ഇരട്ട ഭൂചലനം; തലസ്ഥാന നഗരത്തില്‍ വന്‍ നാശനഷ്ടം, കെട്ടിടങ്ങള്‍ നിലംപതിച്ചു

JUNE 24, 2026, 8:01 PM

കാരക്കാസ്: വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറന്‍ മേഖലയില്‍ തുടര്‍ച്ചയായുണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങളില്‍ വന്‍ നാശനഷ്ടം. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം ആദ്യ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.2 മാഗ്‌നിറ്റിയൂഡും, തൊട്ടടുത്ത മിനിറ്റില്‍ തന്നെയുണ്ടായ രണ്ടാമത്തെ പ്രധാന ചലനം 7.5 മാഗ്‌നിറ്റിയൂഡും രേഖപ്പെടുത്തി.

ഭൂചലനത്തെ തുടര്‍ന്ന് തലസ്ഥാന നഗരമായ കാരക്കാസിലും പരിസര പ്രദേശങ്ങളിലും നിരവധി ബഹുനില കെട്ടിടങ്ങളും വീടുകളും തകര്‍ന്നു വീണു. രാജ്യം കനത്ത നാശനഷ്ടത്തെയും വലിയ തോതിലുള്ള ആള്‍നാശത്തെയുമാണ് അഭിമുഖീകരിക്കുന്നതെന്ന് ശാസ്ത്രജ്ഞരും അന്താരാഷ്ട്ര ഏജന്‍സികളും മുന്നറിയിപ്പ് നല്‍കുന്നു. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് മരണസംഖ്യ പതിനായിരങ്ങളില്‍ നിന്ന് ഉയര്‍ന്നേക്കാമെന്നാണ് യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ പ്രാഥമിക വിലയിരുത്തല്‍.

ഭൂചലനം അനുഭവപ്പെട്ടയുടന്‍ പരിഭ്രാന്തരായ ജനങ്ങള്‍ ഫ്‌ലാറ്റുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും തെരുവുകളിലേക്ക് ഓടിയിറങ്ങി. നഗരത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കാരക്കാസിലെ മായ്‌ക്വെതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അയല്‍രാജ്യമായ കൊളംബിയയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.

'കാരക്കാസിലും പരിസരങ്ങളിലും നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നു വീണിട്ടുണ്ട്. ലഭ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെയും രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പൊലീസും യുദ്ധകാലാടിസ്ഥാനത്തില്‍ രംഗത്തുണ്ട്.'- വെനിസ്വേല ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ വ്യക്തമാക്കി.

കൂടുതല്‍ ശക്തമായ തുടര്‍ച്ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളില്‍ നിന്ന് മാറി തുറസായ സ്ഥലങ്ങളില്‍ തുടരാന്‍ ഭരണകൂടം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇരുള്‍ വീണ പ്രദേശങ്ങളില്‍ ടോര്‍ച്ചുകളുടെയും താല്‍ക്കാലിക ലൈറ്റുകളുടെയും വെളിച്ചത്തിലാണ് നിലവില്‍ ദുരന്തനിവാരണ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഔദ്യോഗികമായി എത്ര പേര്‍ക്ക് പരിക്കേറ്റെന്നോ മരണ സംഖ്യയോ ഭരണകൂടം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് പ്യൂര്‍ട്ടോ റിക്കോ, വിര്‍ജിന്‍ ഐലന്‍ഡ്‌സ് എന്നിവടങ്ങളില്‍ ആദ്യം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് ഇത് പിന്‍വലിച്ചു. വെനിസ്വേലന്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ദേശീയ അവധി ദിനത്തിലുണ്ടായ ദുരന്തം രാജ്യത്തെ കടുത്ത ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്.

English Summary

A devastating double earthquake—measuring 7.2 and 7.5 in magnitude—struck just west of Venezuela's capital, Caracas, causing widespread structural collapse and triggering warnings of potentially massive casualties. According to the U.S. Geological Survey (USGS), the back-to-back tremors have left the South American nation facing severe, widespread destruction, with initial death toll estimates feared to be significant. While official casualty figures have not yet been released, Interior Minister Diosdado Cabello confirmed that emergency services, police, and fire departments have been fully mobilized to conduct urgent rescue operations as night falls over the ruined structures.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam