ഉഗാണ്ടയിൽ ഈ വ്യാഴാഴ്ച പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് നടക്കും. മുൻ പോപ് ഗായകനായ ബോബി വൈൻയും ഏകദേശം 40 വർഷമായി രാജ്യം ഭരിക്കുന്ന പ്രസിഡൻറ് യോവേരി മുസേവേനിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്.
2021-ലെ തെരഞ്ഞെടുപ്പിൽ മുസേവേനി വലിയ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. എന്നാൽ ബോബി വൈൻ ഈ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ജയിച്ചത് കള്ളവോട്ടിലാണെന്ന് ആരോപിച്ചു. പ്രചാരണത്തിനിടെ തന്നെ മർദ്ദിച്ചതായും കണ്ണീർവാതകം പ്രയോഗിച്ചതായും വൈൻ പറയുന്നു.
അതേസമയം മുസേവേനി 1986 മുതൽ അധികാരത്തിൽ തുടരുകയാണ്. ഏഴാം തവണയും പ്രസിഡൻറാകാൻ ആണ് അദ്ദേഹം ശ്രമിക്കുന്നത്. രാജ്യത്ത് സമാധാനവും സ്ഥിരതയും കൊണ്ടുവന്നതായാണ് അദ്ദേഹത്തിന്റെ വാദം.
എന്നാൽ ബോബി വൈൻ മുസേവേനി ഭരണത്തെ അധികാരാധിപത്യം എന്നാണ് വിളിക്കുന്നത്. തന്റെ ഭരണത്തിൽ അഴിമതി ഇല്ലാതാക്കുമെന്നും യുവാക്കൾക്ക് ജോലി നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. അതുപോലെ തന്നെ യുവജനങ്ങളിൽ വൈന് വലിയ പിന്തുണയുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം ഉഗാണ്ടയിൽ അഴിമതിയും തൊഴിലില്ലായ്മയും വലിയ പ്രശ്നങ്ങളാണ്. എന്നിരുന്നാലും, രാഷ്ട്രീയ വിദഗ്ധർ പറയുന്നത് മുസേവേനി വീണ്ടും ജയിക്കാനാണ് സാധ്യത കൂടുതലെന്നാണ്. എന്നാൽ തിരഞ്ഞെടുപ്പ് നീതിപൂർണ്ണമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. വോട്ടെടുപ്പിന് മുമ്പ് ഇന്റർനെറ്റ് തടഞ്ഞതും പ്രതിപക്ഷത്തെ നിയന്ത്രിച്ചതുമാണ് പുറത്തുവരുന്ന പ്രധാന വിമർശനം.
4.5 കോടിയിലധികമാണ് രാജ്യത്തെ ജനസംഖ്യ. രാജ്യത്ത് ഓരോ വർഷവും ഏകദേശം 2.7 ബില്യൺ ഡോളർ പൊതു ധനം അഴിമതിയിലൂടെ നഷ്ടമാകുന്നതായി ആണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 18–30 വയസ്സുള്ള യുവാക്കളിൽ പകുതിയിലധികം പേർക്ക് ജോലിയോ വിദ്യാഭ്യാസമോ ഒന്നും ഇല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്നാൽ ബോബി വൈന് വിജയസാധ്യത വളരെ കുറവാണ് എന്നാണ് രാഷ്ട്രീയ വിശകലനർ പറയുന്നത്. അദ്ദേഹത്തിന് ശക്തമായ സംഘടനാ ഘടന ഇല്ല എന്നതും തെരഞ്ഞെടുപ്പ് സംവിധാനം സർക്കാരിന്റെ നിയന്ത്രണത്തിൽ ആണ് എന്നതുമാണ് ഇതിന് കാരണമായി അവർ വ്യക്തമാക്കുന്നത്.
അതേസമയം ഉഗാണ്ട പശ്ചിമ രാജ്യങ്ങളുടെ പ്രധാന സഖ്യകക്ഷിയാണ്. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ അഭയാർത്ഥികളെ (20 ലക്ഷം) സ്വീകരിക്കുന്ന രാജ്യം. ബോബി വൈൻ വിജയിച്ചാൽ എണ്ണ കരാറുകൾ പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോക രാജ്യങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ഉറ്റു നോക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
