ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ വെച്ച് സ്കൈലൈറ്റ് എന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു.
ഒമാന്റെ മുസന്ദം പെനിൻസുലയ്ക്ക് സമീപം വെച്ചാണ് പലാവു പതാക വഹിച്ച സ്കൈലൈറ്റ് (Skylight) എന്ന എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടത്. ഒമാൻ തീരത്തെ ഖസബ് തുറമുഖത്തിന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരിൽ 15 പേരും ഇന്ത്യക്കാരായിരുന്നു. മറ്റ് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
ക്യാപ്റ്റൻ ആശിഷ് കുമാർ, ദലീപ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.ബീഹാർ സ്വദേശിയായ ക്യാപ്റ്റൻ ആശിഷ് കുമാർ ജനുവരിയിലാണ് ജോലിയിൽ പ്രവേശിച്ചത്. കപ്പലിലെ ക്യാപ്റ്റൻ കാബിനിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. രാജസ്ഥാനിലെ നാഗൗർ സ്വദേശിയായ ദലീപ് സിംഗ് കപ്പലിലെ ക്രൂ മെമ്പറായിരുന്നു. ആക്രമണ സമയത്ത് ഇദ്ദേഹം കപ്പലിന്റെ മുൻഭാഗത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം.
യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്. മേഖലയിൽ ഡ്രോൺ ആക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്.
ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പൂർണ്ണമായി വെന്തുപോയ നിലയിലുമാണെന്ന് അധികൃതർ അറിയിച്ചു. മരിച്ച ആശിഷ് കുമാറിന്റെ കുടുംബം കേന്ദ്ര സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഒമാനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
