സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. വലിയ പ്രതീക്ഷയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ ചിത്രം ബോക്സോഫീസിൽ തകർന്നടിഞ്ഞ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിൻറെതെന്നും അതിനാൽത്തന്നെ തുടക്കം മുതൽ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് സിക്കന്ദർ എന്നുമാണ് അഭിപ്രായങ്ങൾ. സിനിമയുടെ മ്യൂസിക്കിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. സന്തോഷ് നാരായണൻ നൽകിയ സിനിമയുടെ പശ്ചാത്തല സംഗീതം കഥയുമായി ചേർന്ന് പോകുന്നതല്ലെന്നും ഗാനങ്ങൾ നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു. റിലീസിന് മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായി. ഇപ്പോഴിതാ സിക്കന്ദറിൻറെയും തൻറെ മറ്റ് സമീപകാല ചിത്രങ്ങളുടെയും പരാജയത്തെക്കുറിച്ച് ആരാധകരുടെ അഭിപ്രായം തേടാൻ അവരെ തൻറെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സൽമാൻ ഖാൻ.
ഗാലക്സി അപാർട്ട്മെൻറിലെ വീട്ടിലാണ് സൽമാൻ ഖാൻറെ ക്ഷണപ്രകാരം ആരാധകർ എത്തിയത്. സൽമാൻ ഖാനൊപ്പം അദ്ദേഹത്തിൻറെ മാനേജർ ജോർഡി പട്ടേലും ബിസിനസ് ഹെഡ് വിക്രം തൻവാറും ഈ അപൂർവ്വ കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. സൽമാൻ ഖാൻറെ സമീപകാല ചിത്രങ്ങളിലുള്ള തങ്ങളുടെ നിരാശ ആരാധകർ അദ്ദേഹത്തോട് തുറന്ന് പ്രകടിപ്പിച്ചു. ആരാധകരുടെ സ്നേഹവും കരുതലും അദ്ദേഹത്തെ സ്പർശിച്ചെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.
ചിത്രത്തിന് ആവശ്യമുള്ള രീതിയിലുള്ള പ്രൊമോഷനും ലഭിച്ചിരുന്നില്ലെന്നാണ് സിക്കന്ദറിനെക്കുറിച്ച് ആരാധകർ സൽമാനോട് പരാതിപ്പെട്ടു. നിർമ്മാതാവ് സാജിദ് നദിയാദ്‍വാലയുടെ ഭാര്യ വർധ നദിയാദ്‍വാല എക്സിൽ തങ്ങളോട് കോർത്ത കാര്യവും അവർ താരത്തിൻറെ ശ്രദ്ധയിൽ പെടുത്തി. അലി അബ്ബാസ് സഫർ, കബീർ ഖാൻ തുടങ്ങിയ സംവിധായകർക്കൊപ്പം സിനിമകൾ ചെയ്ത് കാണാനുള്ള തങ്ങളുടെ ആഗ്രഹവും അവർ സൽമാൻ ഖാനെ അറിയിച്ചു. ആരാധകരുടെ എല്ലാ ആശങ്കകളും പരിഗണിക്കുമെന്ന് അറിയിച്ചാണ് ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച സൽമാൻ കാൻ അവസാനിപ്പിച്ചത്.
"സിക്കന്ദറിനെക്കുറിച്ച് ആരാധകരോട് അദ്ദേഹം ചില കാര്യങ്ങളും തുറന്ന് പറഞ്ഞു. തുടക്കം മുതൽക്കേ ഈ ചിത്രത്തിൻറെ മുന്നോട്ടുപോക്ക് നേരായ ദിശയിലല്ലെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് സൽമാൻ ഖാൻ പറഞ്ഞു. ഒരു വലിയ ചിത്രം ഇങ്ങനെയല്ല നിർമ്മിക്കപ്പെടേണ്ടതെന്നും. ആരാധകരെ സന്തോഷിപ്പിക്കുന്ന ചിത്രങ്ങൾ താനിനി ഉറപ്പായും ചെയ്യുമെന്നും സൽമാൻ ഖാൻ അവർക്ക് വാക്ക് കൊടുത്തു", അടുത്ത വൃത്തങ്ങൾ പറയുന്നു. ആറ് ദിവസം എടുത്താണ് ചിത്രം ഇന്ത്യയിൽ നിന്ന് 100 കോടി കളക്റ്റ് ചെയ്തത്. ഒരു സൽമാൻ ഖാൻ ചിത്രത്തിൻറെ നിർമ്മാതാവിനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കണക്കാണ് ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്