സണ്ണി ഡിയോൾ നായകനായ ബിഗ് ബജറ്റ് യുദ്ധചിത്രം 'ബോർഡർ 2' ബോക്സ് ഓഫീസിൽ മുന്നേറുന്നു. ചിത്രം ഇന്ത്യയിൽ ഇതിനോടകം 300 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. അനുരാഗ് സിംഗ് സംവിധാനം ചെയ്ത ഈ ചിത്രം തീയേറ്ററുകളിൽ എത്തിയിട്ട് 19 ദിവസം പിന്നിടുമ്പോൾ, കളക്ഷനിൽ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും ആഗോളതലത്തിൽ വലിയ നേട്ടമാണ് സ്വന്തമാക്കുന്നത്. സാക്നിൽക് (Sacnilk) റിപ്പോർട്ടുകൾ പ്രകാരം, 19-ാം ദിവസമായ ചൊവ്വാഴ്ച ചിത്രം ഇന്ത്യയിൽ നിന്ന് ഏകദേശം 2.84 കോടി രൂപ കൂടി സ്വന്തമാക്കി.
നിലവിൽ ചിത്രത്തിന്റെ ആകെ ആഗോള കളക്ഷൻ 464.22 കോടി രൂപയായി ഉയർന്നതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. 19-ാം ദിവസം ശരാശരി 13.59 ശതമാനം ഒക്യുപ്പൻസിയാണ് ചിത്രത്തിന് ഹിന്ദി ബെൽറ്റിൽ ലഭിച്ചത്. രാവിലെ കുറഞ്ഞ നിലയിലായിരുന്ന തിരക്ക് രാത്രി ഷോകളോടെ 20.94 ശതമാനമായി വർദ്ധിച്ചത് ശ്രദ്ധേയമാണ്. റിപ്പബ്ലിക് ദിന വാരത്തിൽ തീയേറ്ററുകളിലെത്തിയ ചിത്രം ആദ്യ വാരം തന്നെ 224 കോടിയിലധികം നേടി മികച്ച തുടക്കമാണ് കുറിച്ചത്.
കളക്ഷനിൽ കുറവ് വരുന്നുണ്ടെങ്കിലും സണ്ണി ഡിയോളിന്റെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി 'ബോർഡർ 2' മാറി. 'ഗദർ 2' ആണ് അദ്ദേഹത്തിന്റെ കരിയറിലെ ഒന്നാമത്തെ വലിയ ഹിറ്റ് (525 കോടി രൂപ). കൂടാതെ വരുൺ ധവാൻ, ദിൽജിത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവരുടെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രം കൂടിയായി 'ബോർഡർ 2' മാറി കഴിഞ്ഞു.
സിനിമയുടെ ബിസിനസ് വിജയത്തേക്കാൾ ഉപരിയായി തന്റെ പിതാവ് ജെ.പി. ദത്തയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ സാധിച്ചതിലാണ് താൻ സന്തോഷിക്കുന്നതെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് നിധി ദത്ത പറഞ്ഞു. "പ്രേക്ഷകർ എന്റെ ലക്ഷ്യം മനസ്സിലാക്കിയതിൽ വലിയ സന്തോഷമുണ്ട്. പിതാവിന്റെ പാരമ്പര്യം തകർക്കാനല്ല, മറിച്ച് അതിനെ ബഹുമാനിക്കാനാണ് ഞാൻ ശ്രമിച്ചത്. അദ്ദേഹം ഈ സിനിമയിൽ അഭിമാനിക്കുന്നു," എന്ന് നിധി ദത്ത ദ പ്രിന്റിനോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
