ഒട്ടാവ: യു.എസില്‍ പടര്‍ന്നുപിടിക്കുന്ന കനത്ത കാട്ടുതീപ്പുകയ്ക്ക് കാനഡയെ കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വായുമലിനീകരണം മൂലമുണ്ടാകുന്ന ഭീമമായ നഷ്ടം കാനഡയില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പാദനങ്ങള്‍ക്ക് നിലവിലുള്ള വ്യാപാര നികുതിക്കൊപ്പം അധികമായി ഈടാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. കാനഡയിലെ നൂറുകണക്കിന് വനങ്ങളിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് കനത്ത പുകപടലങ്ങള്‍ യുഎസിന്റെ മധ്യ-പടിഞ്ഞാറന്‍ മേഖല മുതല്‍ വടക്ക്-കിഴക്കന്‍ മേഖല വരെ വ്യാപിച്ചിരിക്കുകയാണ്.
ഇതിനെത്തുടര്‍ന്ന് വായുനിലവാരം അതീവ ഗുരുതരമായ നിലയിലെത്തുകയും ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത ട്രംപ്, ഈ വിഷയത്തില്‍ കാനഡ സ്വീകരിക്കാന്‍ പോകുന്ന നടപടികളെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തെ നേരിട്ട് വിളിക്കുമെന്ന് അറിയിച്ചു. തികച്ചും അസ്വീകാര്യമായ സാഹചര്യമാണ് ഇതെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
കാനഡ തങ്ങളുടെ വനസംരക്ഷണം ശരിയായ രീതിയില്‍ നടത്തുന്നില്ലെന്നും, മലിനവും അനാരോഗ്യകരവുമായ വായുവിനാല്‍ യു.എസ് അനാവശ്യമായി ആക്രമിക്കപ്പെടുകയാണെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ആരോപിച്ചു. ഇത് കാനഡയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്നും പ്രതിവര്‍ഷം യുഎസിന് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇതുണ്ടാക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. 2025 ല്‍ അധികാരമേറ്റയുടന്‍ തന്നെ കാനഡയില്‍ നിന്നുള്ള പ്രധാന ഇറക്കുമതികള്‍ക്ക് മേല്‍ ട്രംപ് കനത്ത നികുതികള്‍ ചുമത്തിയിരുന്നു. ആ നികുതി നിരക്കുകളിലേക്ക് ഈ മലിനീകരണത്തിന്റെ ചിലവുകൂടി കൂട്ടിച്ചേര്‍ക്കുമെന്നാണ് ഇപ്പോഴത്തെ ഭീഷണി.
എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണ് വനങ്ങള്‍ വരണ്ടുണങ്ങാനും കാട്ടുതീ വര്‍ദ്ധിക്കാനും കാരണമാകുന്നതെന്ന് പരിസ്ഥിതി ഗവേഷകര്‍ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വനമേഖലകളില്‍ ഒന്നാണ് കാനഡയിലേത്. താപനില ഉയരുന്നതിനനുസരിച്ച് വരണ്ടതും കാറ്റുള്ളതുമായ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഉണ്ടാകുന്നതെന്നും ഇത് കൂടുതല്‍ തീപിടുത്തങ്ങള്‍ക്ക് കാരണമാകുമെന്നും ബ്രിട്ടീഷ് കൊളംബിയയിലെ തോംസണ്‍ റിവേഴ്സ് സര്‍വകലാശാലയിലെ പ്രൊഫസര്‍ മൈക്ക് ഫ്‌ലാനിഗന്‍ അഭിപ്രായപ്പെട്ടു.
ട്രംപിന്റെ ആരോപണങ്ങളോട് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, ലോകമെമ്പാടും ശക്തമായ താപനിലയ്ക്ക് കാരണമാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ന്യൂജേഴ്സിയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനല്‍ വേദിയില്‍ ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലാണ് കാട്ടുതീ ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത്. വിമാന മാര്‍ഗ്ഗം മാത്രം എത്തിച്ചേരാന്‍ കഴിയുന്ന വടക്ക്-പടിഞ്ഞാറന്‍ ഉള്‍പ്രദേശങ്ങളിലാണ് ഇവ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏകദേശം 6.5 ലക്ഷം ഏക്കര്‍ വനഭൂമിയാണ് ഇതുവരെ കത്തിനശിച്ചത്. വടക്കന്‍ ഒന്റാറിയോയിലെ നാമൈഗൂസിസാഗണ്‍ ഫസ്റ്റ് നേഷന്‍ (കൊളിന്‍സ് ഫസ്റ്റ് നേഷന്‍) എന്ന ഗോത്രവര്‍ഗ്ഗ ഗ്രാമം പൂര്‍ണ്ണമായും കാട്ടുതീയില്‍ ചാരമായി മാറി. ഇവിടുത്തെ നിവാസികള്‍ ബോട്ട് മാര്‍ഗ്ഗമാണ് രക്ഷപ്പെട്ടത്.
കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ ഒന്റാറിയോ പ്രവിശ്യ 11 പുതിയ അഗ്‌നിശമന വിമാനങ്ങള്‍ വാങ്ങുമെന്ന് ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പ്രഖ്യാപിച്ചു. കാനഡയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് വിമര്‍ശിച്ച യുഎസ് രാഷ്ട്രീയക്കാര്‍ക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഈ വര്‍ഷം അമേരിക്കയിലും കാട്ടുതീ വലിയ തോതില്‍ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. യുഎസ് നാഷണല്‍ ഇന്റര്‍ഏജന്‍സി ഫയര്‍ സെന്ററിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം മാത്രം യുഎസില്‍ 37 ലക്ഷം ഏക്കറിലധികം വനഭൂമിയാണ് കത്തി നശിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
