ഒട്ടാവ: കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഏപ്രില്‍ 28 ന് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ന്യായീകരണമില്ലാത്ത താരിഫുകള്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ ശക്തമായ ജനവിധി തേടിയാണ് തെരഞ്ഞെടുപ്പെന്ന് കാര്‍ണി പറഞ്ഞു. ട്രംപിന്റെ താരിഫുകള്‍ കൈകാര്യം ചെയ്യാന്‍ കാനഡ ബാധ്യസ്ഥമാണെന്നും അത്തരം നിര്‍ണായക നിമിഷങ്ങളില്‍ രാജ്യത്തെ ആര് നയിക്കണമെന്ന് തീരുമാനിക്കാന്‍ കാനഡക്കാര്‍ അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 20 ന് മുമ്പ് കാനഡ ഒരു പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കേണ്ടതായിരുന്നു. എന്നാല്‍ ട്രംപ് കാനഡയ്ക്കെതിരെ താരിഫ് ഭീഷണികള്‍ ഉയര്‍ത്താന്‍ തുടങ്ങിയതാണ് ഇത് വൈകിപ്പിച്ചത്.
'പ്രസിഡന്റ് ട്രംപിന്റെ അന്യായമായ വ്യാപാര നടപടികളും നമ്മുടെ പരമാധികാരത്തിനെതിരായ അദ്ദേഹത്തിന്റെ ഭീഷണികളും കാരണം നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധിയാണ് നമ്മള്‍ നേരിടുന്നത്,' മുന്‍ കേന്ദ്ര ബാങ്കറായ കാര്‍ണി പറഞ്ഞു.
'കാനഡ സുരക്ഷിതമാക്കാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. കാനഡയില്‍ നിക്ഷേപിക്കുക, കാനഡ കെട്ടിപ്പടുക്കുക, കാനഡയെ ഒന്നിപ്പിക്കുക. അതുകൊണ്ടാണ് എന്റെ സഹ കനേഡിയന്‍മാരില്‍ നിന്ന് ശക്തമായ ഒരു പോസിറ്റീവ് ജനവിധി ഞാന്‍ ആവശ്യപ്പെടുന്നത്. പാര്‍ലമെന്റ് പിരിച്ചുവിട്ട് ഏപ്രില്‍ 28 ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഞാന്‍ ഗവര്‍ണര്‍ ജനറലിനോട് അഭ്യര്‍ത്ഥിച്ചു, അദ്ദേഹം സമ്മതിച്ചു,' കാര്‍ണി പറഞ്ഞു.
'ജി 7 ലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥ നമുക്ക് കെട്ടിപ്പടുക്കേണ്ടതുണ്ട്. പ്രസിഡന്റ് ട്രംപിന്റെ താരിഫുകളെ നമ്മള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിനായി ആ ശ്രമത്തിന് ആരാണ് നേതൃത്വം നല്‍കേണ്ടതെന്ന് തിരഞ്ഞെടുക്കാന്‍ കനേഡിയന്‍മാര്‍ അര്‍ഹരാണ്.' അദ്ദേഹം നയം വ്യക്തമാക്കി.
ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, 60 കാരനായ കാര്‍ണിക്ക് കനേഡിയന്‍ പൗരന്മാരുടെ വിശ്വാസം നേടാന്‍ ഇപ്പോള്‍ അഞ്ച് ആഴ്ചകള്‍ ശേഷിക്കുന്നു. കാര്‍ണി പ്രതിനിധീകരിക്കുന്ന ലിബറലുകള്‍ ഇപ്പോള്‍ എതിരാളികളായ കണ്‍സര്‍വേറ്റീവുകളേക്കാള്‍ അല്‍പ്പം മുന്നിലാണെന്ന് വിവിധ അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നു.
2015 മുതല്‍ ലിബറലുകളാണ് കാനഡയില്‍ അധികാരത്തിലുള്ളത്. 2025 ന്റെ തുടക്കത്തില്‍ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവുകളേക്കാള്‍ പിന്നിലായിരുന്നു പാര്‍ട്ടി. പക്ഷേ ട്രൂഡോയെ മാറ്റി കാര്‍ണിയെ നേതൃസ്ഥാനത്തേക്ക് എത്തിച്ചത് പാര്‍ട്ടിക്ക് ഗുണകരമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്