കാനഡയിലെ ഭവന ഏജൻസിയുടെ പുതിയ കണക്കുകൾ പ്രകാരം, മോർട്ട്‌ഗേജ് തിരിച്ചടവ് മുടങ്ങുന്ന കനേഡിയൻമാരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും ഇത് ആശങ്കാജനകമായ നിലയിലല്ല. കോവിഡ് കാലഘട്ടത്തിലെ കുറഞ്ഞ പലിശനിരക്കിൽ എടുത്ത വായ്പകൾ പുതുക്കുന്ന ഘട്ടത്തിൽ രാജ്യം പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ പ്രതിസന്ധിയെ നേരിടുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കാനഡ മോർട്ട്‌ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷന്റെ (CMHC) ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് ടാനിയ ബൗറസ്സ ഒച്ചോവയുടെ നിരീക്ഷണപ്രകാരം, 90 ദിവസമോ അതിൽ കൂടുതലോ തിരിച്ചടവ് മുടങ്ങിയവരുടെ നിരക്ക് 2026ഓടെ വർദ്ധിക്കാൻ സാധ്യതയുണ്ട്. രാജ്യത്തെ ഏറ്റവും ചെലവേറിയ വിപണികളായ ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിലാകും ഇതിന്റെ ആഘാതം കൂടുതൽ പ്രകടമാകുക.
2023നും 2025നും ഇടയിൽ ദേശീയ വായ്പാ തിരിച്ചടവ് മുടങ്ങുന്ന നിരക്ക് 0.22 ശതമാനമായി വർദ്ധിച്ചുവെന്ന് സിഎംഎച്ച്‌സി ഡാറ്റ വ്യക്തമാക്കുന്നു. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും, സാമ്പത്തിക വിദഗ്ധർ പ്രവചിച്ച അത്ര വലിയ തകർച്ചയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. 'തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഞങ്ങൾ ഭയപ്പെട്ട വേഗതയിലല്ല അത് സംഭവിക്കുന്നത്. സ്ഥിതിഗതികൾ അത്ര മോശമല്ല എന്നത് ആശ്വാസകരമാണ്,' ടാനിയ പറഞ്ഞു.
കഴിഞ്ഞ വർഷം ഏകദേശം 15 ലക്ഷം കുടുംബങ്ങൾ തങ്ങളുടെ മോർട്ട്‌ഗേജുകൾ പുതുക്കിയിരുന്നു. 2026ൽ മറ്റൊരു 10 ലക്ഷം പേർ കൂടി ഈ ഘട്ടത്തിലൂടെ കടന്നുപോകും. പലിശ നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിൽ, പ്രതിമാസ തിരിച്ചടവ് തുക കുറയ്ക്കുന്നതിനായി പലരും വായ്പാ കാലാവധി 25 വർഷത്തിന് മുകളിലേക്ക് നീട്ടുകയാണ് ചെയ്യുന്നത്.
ടിഡി ഇക്കണോമിസ്റ്റ് മരിയ സേളോവീവയുടെ വിശകലനമനുസരിച്ച്, ശരാശരി മോർട്ട്‌ഗേജ് കാലാവധിയിൽ 16 മാസത്തെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ശക്തമായ വേതന വർദ്ധനവും ഈ പ്രതിസന്ധി മറികടക്കാൻ കനേഡിയൻമാരെ സഹായിച്ചു.
എങ്കിലും ടൊറന്റോയിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ കുടിശ്ശിക നിരക്ക് 2022ലെ 0.06 ശതമാനത്തിൽ നിന്ന് 2025ഓടെ 0.26 ശതമാനമായി ഉയർന്നു. 2026 അവസാനത്തോടെ ഇത് 0.34 ശതമാനമാകുമെന്നാണ് പ്രവചനം. ഉയർന്ന വസ്തുവിലയും തൊഴിൽ വിപണിയിലെ മാന്ദ്യവുമാണ് ടൊറന്റോയെ പ്രതികൂലമായി ബാധിക്കുന്നത്. പ്രത്യേകിച്ച് കേണ്ടോ (Condo) വിപണിയിലെ നിക്ഷേപകർ വലിയ സാമ്പത്തിക സമ്മർദ്ദത്തിലാണ്.
ഒട്ടാവ, മോൺട്രിയൽ, വിന്നിപെഗ് തുടങ്ങിയ നഗരങ്ങളിൽ 2026 പകുതിയോടെ കുടിശ്ശിക നിരക്ക് അതിന്റെ പരമാവധിയിൽ എത്തുകയും പിന്നീട് കുറയുകയും ചെയ്യുമെന്നാണ് കരുതുന്നത്. വരാനിരിക്കുന്ന പുതുക്കലുകളിൽ ഭൂരിഭാഗവും ഹ്രസ്വകാല വായ്പകളോ വേരിയബിൾ നിരക്കിലുള്ളവയോ ആയതിനാൽ വലിയ ആഘാതം ഉണ്ടാകില്ലെന്ന് വിദഗ്ധർ കരുതുന്നു.
എങ്കിലും, തൊഴിലില്ലായ്മ വർദ്ധിക്കുന്നതും അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങളിലെ അനിശ്ചിതത്വവും താരിഫ് ഭീഷണികളും കാനഡയുടെ ഭവന വിപണിക്ക് വരും വർഷങ്ങളിൽ വെല്ലുവിളിയയേക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
