കാനഡയില്‍ അഭയാര്‍ത്ഥി ഹര്‍ജികള്‍ നിരസിച്ചതിനെതിരെ വന്‍ നിയമപോരാട്ടം: ഫെഡറല്‍ കോടതിയില്‍ മുന്നൂറോളം ഹര്‍ജികള്‍

JUNE 25, 2026, 7:53 AM

ഒട്ടാവ: കാനഡയിലെ സ്വതന്ത്ര ഇമിഗ്രേഷന്‍ ആന്‍ഡ് റഫ്യൂജി ട്രൈബ്യൂണലില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നിഷേധിച്ച ഇമിഗ്രേഷന്‍ വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ച് പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍. ഇമിഗ്രേഷന്‍ വകുപ്പിന്റെ പുതിയ തീരുമാനത്തിനെതിരെ മുന്നൂറോളം ഹര്‍ജികളാണ് കാനഡ ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

കാനഡ ഫെഡറല്‍ കോടതി ഇതിനകം തന്നെ 270 ജൂഡീഷ്യല്‍ റിവ്യൂ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഓരോ ആഴ്ചയും പത്തോളം പുതിയ കേസുകള്‍ വീതം കോടതിയിലെത്തുന്നുണ്ടെന്നാണ് ഇമിഗ്രേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് കാനഡ സര്‍ക്കാര്‍ തങ്ങളുടെ അതിര്‍ത്തി-ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയത്. അഭയാര്‍ത്ഥി സമ്പ്രദായം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ എന്ന പേരില്‍ കൊണ്ടുവന്ന പുതിയ നിയമപ്രകാരം, കാനഡയിലെത്തി ഒരു വര്‍ഷത്തില്‍ താഴെ മാത്രം പ്രായമുള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ അഭയാര്‍ത്ഥി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ.

ഏറ്റവും വിവാദപരമായ കാര്യം, ഈ നിയമത്തിന് 2020 ജൂണ്‍ 24 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട് എന്നതാണ്. ഇതിലൂടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡയില്‍ കഴിഞ്ഞിരുന്ന മുപ്പതിനായിരത്തോളം വരുന്ന അഭയാര്‍ത്ഥികള്‍ക്ക് ട്രൈബ്യൂണലിന് മുന്നില്‍ തങ്ങളുടെ ഭാഗം വാദിക്കാനുള്ള അവകാശം പൂര്‍ണ്ണമായും നഷ്ടമാകും. നിയമം നിലവില്‍ വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ, ഒരു വര്‍ഷത്തിലേറെയായി രാജ്യത്ത് തുടരുന്ന അഭയാര്‍ത്ഥികള്‍ക്ക് ഉടന്‍ തന്നെ നാടുകടത്തല്‍ നേരിടേണ്ടി വരുമെന്നറിയിച്ച് ഇമിഗ്രേഷന്‍ വകുപ്പ് കത്തുകള്‍ അയച്ച് തുടങ്ങിയിരുന്നു.

വ്യക്തിപരമായി നേരിട്ട് ഹാജരായി സംസാരിക്കാന്‍ അവസരം നല്‍കാതെയുള്ള നാടുകടത്തല്‍ നടപടികള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകര്‍ വാദിക്കുന്നു. നാടുകടത്തുന്നതിന് മുന്‍പ് തങ്ങള്‍ സ്വന്തം രാജ്യത്ത് നേരിടുന്ന ഭീഷണികളെക്കുറിച്ച് ബോധിപ്പിക്കാന്‍ പ്രെ റെഗുലേറ്ററി റിസ്‌ക് അസസ്മെന്റ് എന്ന സംവിധാനം ഉണ്ടെങ്കിലും, നേരിട്ടുള്ള വാദം കേള്‍ക്കലുകള്‍ക്ക് ഇത് പകരമാവില്ലെന്നാണ് അഭിഭാഷകരുടെ പക്ഷം. ഗാര്‍ഹിക പീഡനം നേരിട്ടവര്‍, എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ പീഡനവിവരങ്ങള്‍ തുറന്നുപറയാന്‍ സമയമെടുക്കാറുണ്ട്. പുതിയ സമയപരിധി ഇത്തരക്കാരെ കടുത്ത പ്രതിസന്ധിയിലാക്കും.

അഭയാര്‍ത്ഥികളില്‍ പലരെയും ഫെഡറല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതിയില്ലാത്ത ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാരാണ് പ്രതിനിധീകരിക്കുന്നത് എന്നതിനാല്‍, അര്‍ഹരായ പലര്‍ക്കും കോടതിയെ സമീപിക്കാന്‍ കഴിയാതെ പോകുന്നുണ്ടെന്ന ആശങ്കയും നിയമവിദഗ്ദ്ധര്‍ പങ്കുവെക്കുന്നുണ്ട്. കാനഡ സര്‍ക്കാരിന്റെ പുതിയ നിയമം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ-നിയമ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam