റിയാദ്: കാനഡയുടെ സാമ്പത്തിക സുരക്ഷിതത്വത്തിനും ആഗോള വിപണിയിലെ വൈവിധ്യവല്‍ക്കരണത്തിനും സൗദി അറേബ്യയുമായുള്ള സജീവ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. മുന്‍ ലിബറല്‍ ഭരണകൂടങ്ങളുടെ മനുഷ്യാവകാശ നയങ്ങളില്‍ നിന്നും ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള കടുത്ത നിലപാടുകളില്‍ നിന്നും പൂര്‍ണ്ണമായി മാറിയാണ് കാര്‍ണി സൗദിയുമായി പുതിയൊരു വാണിജ്യ അധ്യായത്തിന് തുടക്കമിടുന്നത്.
കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു കനേഡിയന്‍ പ്രധാനമന്ത്രി സൗദിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. ജിദ്ദയില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം, ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ വന്‍ സഹകരണത്തിന് വഴിയൊരുക്കുന്ന 'കാനഡ-സൗദി അറേബ്യ കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍' രൂപീകരിച്ചു.
അമേരിക്കന്‍ വിപണിയെ മാത്രം അമിതമായി ആശ്രയിക്കുന്ന കാനഡയുടെ പരമ്പരാഗത സാമ്പത്തിക ശൈലി മാറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്ന് മാര്‍ക്ക് കാര്‍ണി വാര്‍ത്താലേഖകരോട് വ്യക്തമാക്കി. ഒരു വിദേശ രാജ്യവുമായി ബിനിനസ്സ് പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത് അവരുടെ ആഭ്യന്തര നയങ്ങളെയോ രാഷ്ട്രീയ തീരുമാനങ്ങളെയോ പിന്തുണയ്ക്കലല്ല. ദൂരെ ഒരിടത്തിരുന്ന് മറ്റ് രാജ്യങ്ങളെ ഉപദേശിക്കുന്നതും വിമര്‍ശിക്കുന്നതും കേള്‍ക്കാന്‍ സുഖമുള്ള കാര്യമാണെങ്കിലും, പ്രായോഗിക തലത്തില്‍ അത് പൂര്‍ണ്ണ പരാജയമാണെന്ന് കാനഡയുടെ മുന്‍കാല നയങ്ങളെ വിമര്‍ശിച്ച് കാര്‍ണി ചൂണ്ടിക്കാട്ടി.
ഒരു ദശാബ്ദത്തിന് ശേഷം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായി നേരിട്ട് ചര്‍ച്ച നടത്തിയ ആദ്യ കനേഡിയന്‍ പ്രധാനമന്ത്രിയും താനാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2021 ല്‍ കാനഡ നിര്‍മ്മിത വ്യോമാക്രമണ സാമഗ്രികള്‍ നിയമവിരുദ്ധമായി അസര്‍ബൈജാന്‍-അര്‍മേനിയ യുദ്ധത്തിലേക്ക് തിരിച്ചുവിട്ടതിനെ ചൊല്ലിയായിരുന്നു തുര്‍ക്കിയുമായി കാനഡ അകന്നത്. നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി റിയാദിലെ കനേഡിയന്‍ എംബസിയില്‍ കാനഡ വീണ്ടും ഡിഫന്‍സ് അറ്റാഷെയെ നിയമിച്ചു.
2027 ഓടെ ഇരുരാജ്യങ്ങളും തമ്മില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ നിയമപരമായ സുരക്ഷിതത്വം നല്‍കുന്ന വിദേശ നിക്ഷേപ സംരക്ഷണ കരാറില്‍ (FIPA) ഒപ്പുവെക്കുമെന്നും കാര്‍ണി അറിയിച്ചു. ഇതോടൊപ്പം ഈ വരുന്ന സെപ്റ്റംബറില്‍ ടൊറന്റോയില്‍ നടക്കുന്ന പ്രഥമ കാനഡ ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റില്‍ സൗദിയുടെ പ്രമുഖ പരമാധികാര നിക്ഷേപ ഫണ്ടായ പെന്‍ഷന്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (PIF) പ്രതിനിധികള്‍ പങ്കെടുക്കും. കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് സൗദിയില്‍ പുതിയ നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനായി ധനമന്ത്രി ഫ്രാന്‍സ്വാ-ഫിലിപ്പ് ഷാംപെയ്‌ന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഉടന്‍ തന്നെ റിയാദ് സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മനുഷ്യാവകാശങ്ങളോട് തനിക്ക് പൂര്‍ണ്ണമായ പ്രതിബദ്ധതയുണ്ടെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, എന്നാല്‍ വിദേശ ഭരണാധികാരികളുമായി അകന്നു നില്‍ക്കാതെ സംസാരിക്കുന്നത് തന്നെയാണ് യഥാര്‍ത്ഥ ഫലം നല്‍കുകയെന്ന് വാദിച്ചു. അടുത്തിടെ നടന്ന നാറ്റോ ഉച്ചകോടിക്കിടെ തുര്‍ക്കി പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയിലൂടെ കാനഡയുടെ ഒരു നയതന്ത്ര കേസില്‍ അനുകൂലമായ പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഓട്ടവയിലെ ഓഫീസിലിരുന്ന് തുര്‍ക്കിയുടെ ഭരണരീതികളെ വിമര്‍ശിച്ചിരുന്നെങ്കില്‍ ഈ നേട്ടം ഉണ്ടാകുമായിരുന്നില്ലെന്നാണ് കാര്‍ണിയുടെ പക്ഷം.
അതേസമയം കാനഡയുടെ അന്താരാഷ്ട്ര മൂല്യങ്ങളെ ബലിനല്‍കുന്ന ഈ ഇടപാട് കേന്ദ്രീകൃത വിദേശനയത്തിനെതിരെ കാനഡയ്ക്കുള്ളില്‍ കടുത്ത പ്രതിഷേധം പുകയുകയാണ്. മുന്‍ ലിബറല്‍ സര്‍ക്കാരിലെ പ്രമുഖ വിദേശകാര്യമന്ത്രിയായിരുന്ന ലോയ്ഡ് അക്സ്വര്‍ത്തി കടുത്ത ഭാഷയിലാണ് കാര്‍ണിയെ വിമര്‍ശിച്ചത്. ജസ്റ്റിന്‍ ട്രൂഡോയുടെ നയങ്ങളെ തിരുത്തുക എന്ന വ്യാജേന, മുന്‍കാല ലിബറല്‍ നേതാക്കള്‍ പതിറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച കാനഡയുടെ മാനുഷിക മൂല്യങ്ങളെയാണ് കാര്‍ണി ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാനഡയുടെ കൃത്യമായ വിദേശനയമോ പ്രതിരോധ നയരേഖയോ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി, വിദേശ മണ്ണില്‍ വെച്ച് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പ്രസ്താവനകളിലൂടെ രാജ്യാന്തര നയങ്ങള്‍ പ്രഖ്യാപിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അക്സ്വര്‍ത്തി തുറന്നടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
