ഒട്ടാവ: അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കും അമേരിക്കന്‍ താരിഫ് ഭീഷണികള്‍ക്കുമിടയിലും കാനഡയ്ക്ക് വലിയ ആശ്വാസമായി വ്യാപാര മിച്ചത്തില്‍ വന്‍ കുതിപ്പ്. രാജ്യം തുടര്‍ച്ചയായ രണ്ടാം മാസവും വ്യാപാര മിച്ചം നിലനിര്‍ത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രിലില്‍ കാനഡയുടെ വ്യാപാര മിച്ചം 2.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിനും മറ്റ് ഊര്‍ജ്ജ ഉല്‍പന്നങ്ങള്‍ക്കും വില വര്‍ദ്ധിച്ചതാണ് കാനഡയ്ക്ക് തുണയായത്. ഫെബ്രുവരിയില്‍ 5.1 ബില്യണ്‍ ഡോളറിന്റെ വന്‍ വ്യാപാര കമ്മി നേരിട്ട സ്ഥാനത്ത് നിന്നാണ് മാര്‍ച്ചില്‍ 1.8 ബില്യണ്‍ ഡോളറും, ഏപ്രിലില്‍ 2.7 ബില്യണ്‍ ഡോളറും നേടി രാജ്യം ശക്തമായ തിരിച്ചുവരവ് നടത്തിയത്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോര്‍ട്ട് പ്രകാരം ഏപ്രിലിലെ ആകെ കയറ്റുമതി 1.6 ശതമാനം വര്‍ദ്ധിച്ച് 75.2 ബില്യണ്‍ ഡോളറെന്ന റെക്കോര്‍ഡ് നിലവാരത്തിലെത്തി. വോളിയം അടിസ്ഥാനത്തില്‍ കയറ്റുമതിയില്‍ മൂന്ന് ശതമാനത്തിന്റെ വളര്‍ച്ചയുണ്ട്.
മാര്‍ച്ചിലെ 23.4 ശതമാനം വന്‍ കുതിപ്പിന് പിന്നാലെ ഏപ്രിലിലും ഊര്‍ജ്ജ കയറ്റുമതിയില്‍ 9.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ക്രൂഡ് ഓയില്‍, റിഫൈന്‍ഡ് പെട്രോളിയം എന്നിവയാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. ഈ മേഖലയിലെ കയറ്റുമതി 8.9 ശതമാനം വര്‍ദ്ധിച്ചു. ചൈനയിലേക്കുള്ള ഗോതമ്പ് കയറ്റുമതിയും, യു.എസിലേക്കുള്ള കനോല ഓയില്‍ കയറ്റുമതിയും വലിയ തോതില്‍ ഉയര്‍ന്നു. കാനഡയിലെ ആഭ്യന്തര ഓട്ടോമൊബൈല്‍ ഉത്പാദനം സജീവമായതോടെ പാസഞ്ചര്‍ കാറുകള്‍, ലൈറ്റ് ട്രക്കുകള്‍ എന്നിവയുടെ കയറ്റുമതിയും വര്‍ദ്ധിച്ചു.
യു.എസുമായുള്ള വ്യാപാരം മെച്ചപ്പെട്ടു; സ്വര്‍ണ്ണത്തില്‍ ഇടിവ്
കാനഡയുടെ പ്രധാന വ്യാപാര പങ്കാളിയായ അമേരിക്കയുമായുള്ള വ്യാപാര മിച്ചം 4.8 ശതമാനം വര്‍ദ്ധിച്ച് 9.5 ബില്യണ്‍ ഡോളറിലെത്തി. എന്നാല്‍, സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം എന്നിവയുള്‍പ്പെടുന്ന മെറ്റല്‍ മേഖലയില്‍ 17.5 ശതമാനത്തിന്റെ ഇടിവുണ്ടായി. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഉയര്‍ന്ന മുന്നേറ്റത്തിന് ശേഷം യുകെയിലേക്കുള്ള സ്വര്‍ണ്ണ കയറ്റുമതി കുറഞ്ഞതാണ് ഇതിന് കാരണം. രാജ്യത്തിന്റെ ആകെ ഇറക്കുമതി 0.3 ശതമാനം വര്‍ദ്ധിച്ച് 72.4 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. കെമിക്കല്‍, പ്ലാസ്റ്റിക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതി കൂടിയപ്പോള്‍, വിലക്കുറവ് കാരണം സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കുറഞ്ഞു.
ഏപ്രിലിലെ താല്‍ക്കാലിക കണക്കുകള്‍ പ്രകാരം കാനഡയുടെ ജിഡിപി 0.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് സി.ഐ.ബി.സി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് വ്യക്തമാക്കുന്നത്. ഒന്നാം പാദത്തിലെ മന്ദഗതിക്ക് ശേഷം രണ്ടാം പാദത്തില്‍ കാനഡയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഈ വ്യാപാര മുന്നേറ്റം വലിയ ഊര്‍ജ്ജം നല്‍കും. ആദ്യ പാദത്തിലെ തളര്‍ച്ചയ്ക്ക് പരിഹാരമായി രണ്ടാം പാദത്തില്‍ വ്യാപാര മേഖല മികച്ച സംഭാവന നല്‍കുമെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്. എങ്കിലും എണ്ണവിലയിലെ ചാഞ്ചാട്ടവും ഓട്ടോമൊബൈല്‍ മേഖലയിലെ അസ്ഥിരതയും കാരണം ഈ വര്‍ഷം കാനഡയുടെ വ്യാപാരം ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകാനാണ് സാധ്യതയെന്ന് എക്കണോമിസ്റ്റ് മാര്‍ക്ക് എര്‍കോളാവോ വ്യക്തമാക്കി.
അതേസമയം യു.എസ് താരിഫ് നയങ്ങളിലെ അനിശ്ചിതത്വവും യുഎസ്-കാനഡ-മെക്‌സിക്കോ വ്യാപാര കരാര്‍ പുനപരിശോധന നീളുന്നതും കാനഡയുടെ ഭാവി വളര്‍ച്ചയെ ബാധിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ മുന്നേറ്റം വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും നിലനിര്‍ത്തുക കാനഡയ്ക്ക് വലിയ വെല്ലുവിളിയായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
