അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കനേഡിയന്‍ സര്‍ക്കാരിന്റെ പിന്തുണയില്ലെന്ന സൂചന നല്‍കിക്കൊണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്റെ കനേഡിയന്‍ കൗണ്ടര്‍പാര്‍ട്ട് നതാലി ഡ്രൂയിനുമായി ചര്‍ച്ച നടത്തിയിരിക്കുകയാണ്. രണ്ട് ദിവസത്തെ കാനഡ സന്ദര്‍ശനത്തിനെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കനേഡിയന്‍ പ്രധാനമന്ത്രിയുടെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് അഡൈ്വസറായ നതാലി ഡ്രൂയിനുമായി കൂടിക്കാഴ്ച നടത്തിയത് ഇരുരാജ്യങ്ങളുടേയും സുരക്ഷ സംബന്ധിച്ച ശക്തമായ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ടായിരുന്നു.
ഇന്ത്യ-കാനഡ ബന്ധത്തില്‍ വ്യക്തമായ ഒരു മാറ്റത്തിന് ഈ ചര്‍ച്ചകള്‍ വഴിയൊരുക്കിയതായും ഖലിസ്ഥാനി ലിങ്ക് ഉള്ള ശൃംഖലകള്‍ പോലുള്ള അക്രമാസക്ത തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കനേഡിയന്‍ സര്‍ക്കാരിന്റെ പിന്തുണയില്ലെന്ന ശക്തമായ സന്ദേശം ഇത് നല്‍കിയതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മയക്കുമരുന്ന്, സൈബര്‍ ഭീഷണികള്‍, തീവ്രവാദം എന്നിവയില്‍ തത്സമയ ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാഷ്ട്രീയമായ നിലപാടുകളില്‍ നിന്ന് മാറി നിയമപരമായ നടപടികളിലേക്ക് കാനഡ നീങ്ങുന്നതിന്റെ സൂചനയാണിതെന്നാണ് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍
ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളിലെ പുരോഗതി ഇരുപക്ഷവും വിലയിരുത്തി. ദേശീയ സുരക്ഷ, നിയമപാലനം തുടങ്ങിയ വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഒരു സംയുക്ത കര്‍മപദ്ധതിക്ക് അവര്‍ രൂപം നല്‍കി. വിനിമയങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഇരുരാജ്യങ്ങളും സുരക്ഷാ-നിയമപാലന ലെയ്‌സണ്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചു.
ഇത് മയക്കുമരുന്ന് കടത്ത്, പ്രത്യേകിച്ച് ഫെന്റനൈല്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കടത്ത്, അന്താരാഷ്ട്ര ക്രിമിനല്‍ ശൃംഖലകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യസമയത്ത് കൈമാറാന്‍ സഹായിക്കും. സൈബര്‍ സുരക്ഷാ പോളിസി, ഇമിഗ്രേഷന്‍ തട്ടിപ്പ് തുടങ്ങിയ മേഖലകളിലും സഹകരണം ഉറപ്പാക്കാന്‍ ഡോവലും ഡ്രൂയിനും തീരുമാനിച്ചു.
വിശ്വാസം വീണ്ടെടുക്കല്‍
കൂടിക്കാഴ്ച വെറും പ്രദര്‍ശനത്തിനല്ലെന്നും മറിച്ച് പരസ്പര വിശ്വാസം വീണ്ടെടുക്കുന്നതിനായുള്ളതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഖലിസ്ഥാനി ശൃംഖലകളെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നതിലുപരി ഒരു സംഘടിത കുറ്റകൃത്യമായി കാനഡ കാണുന്നു എന്നതിന്റെ തെളിവാണ് ലെയ്‌സണ്‍ ഓഫീസര്‍മാരെ നിയമിക്കാനുള്ള തീരുമാനം.
മയക്കുമരുന്ന് മാഫിയ, രേഖകളിലെ തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തുന്ന ഫണ്ട് ശേഖരണം, ഭീഷണിപ്പെടുത്തല്‍, പ്രചാരണം എന്നിവയെക്കുറിച്ച് ഡോവല്‍ ആശങ്ക അറിയിച്ചു. തീവ്രവാദ ഗ്രൂപ്പുകള്‍ റിക്രൂട്ട്മെന്റിനും പണം ശേഖരിക്കാനും സൈബര്‍ ഇടങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ സൈബര്‍ പോളിസി ഏകോപിപ്പിക്കുന്നത് പ്രധാനമാണെന്നാണ് ഇരുപക്ഷവും വിലയിരുത്തിയത്.
കാനഡയുടെ പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരിയുമായും ഡോവല്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയ്ക്കെതിരെ വിദേശത്തുനിന്ന് പ്ലാന്‍ ചെയ്യുന്ന അക്രമാസക്തമായ തീവ്രവാദം വെറുമൊരു നയതന്ത്ര അസ്വാരസ്യമല്ല, മറിച്ച് അതൊരു പൊതുസുരക്ഷാ പ്രശ്‌നമാണെന്ന് അംഗീകരിക്കാന്‍ കാനഡ തയാറാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഈ നിര്‍ണായക കൂടിക്കാഴ്ച നടന്നത്. സന്ദര്‍ശന വേളയില്‍ യുറേനിയം, ഊര്‍ജം, നിര്‍ണായക ധാതുക്കള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ കരാറുകള്‍ ഒപ്പിടുമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേഷ് പട്‌നായിക് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
