ന്യൂയോര്‍ക്ക്: ബ്ലൂംബെര്‍ഗിന്റെ ആഗോള ശതകോടീശ്വര പട്ടികയില്‍ ഏറെക്കാലം അജയ്യനായി ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ ഗേറ്റ്‌സ് ആദ്യ 10 റാങ്കുപകളില്‍ നിന്ന് പുറത്ത്. 124 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 12 ാം സ്ഥാനത്തേക്കാണ് അദ്ദേഹം ഇറങ്ങിയിരിക്കുന്നത്. 137 ബില്യണ്‍ ഡോളറുമായി 11 ാം സ്ഥാനത്തുള്ള മൈക്കല്‍ ഡെല്ലിന് പിന്നിലാണ് അദ്ദേഹം ഇപ്പോള്‍.
ബിസിനസ് തിരിച്ചടിയല്ല ഗേറ്റ്‌സിന്റെ പിന്നോട്ടിറക്കത്തിന് കാരണം. അദ്ദേഹം അടുത്തിടെയായി ശ്രദ്ധയൂന്നുന്ന ജീവകാരുണ്യ മേഖലയാണ്. ആസ്തിയുടെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യാനാണ് ഗേറ്റ്‌സ് തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം ബ്ലൂംബെര്‍ഗ് ഗേറ്റ്‌സിന്റെ ആസ്തികള്‍ പുനക്രമീകരിച്ചു. ഇതോടെ ഗേറ്റ്‌സിന്റെ സമ്പത്തില്‍ ഏകദേശം 52 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായി.
ഗേറ്റ്‌സും മുന്‍ ഭാര്യ മെലിന്‍ഡയും ചേര്‍ന്ന് രൂപീകരിച്ച ജീവകാരുണ്യ സംഘടനയായ ഗേറ്റ്‌സ് ഫൗണ്ടേഷന് 60 ബില്യണ്‍ ഡോളര്‍ ഇരുവരും ചേര്‍ന്ന് സംഭാവന ചെയ്തിട്ടുണ്ട്. 2045 ഓടെ 200 ബില്യണ്‍ ഡോളര്‍ കൂടി ചെലവഴിച്ച ശേഷം 25 വര്‍ഷം നീണ്ട സംഘടനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് പദ്ധതി.
ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കാണ് 346 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ഒന്നാമത്. മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് 253 ബില്യണ്‍ ഡോളറുമായി രണ്ടാമത്. 248 ബില്യണ്‍ ഡോളറുമായി ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എലിസണാണ് മൂന്നാമത്. 244 ബില്യണ്‍ ഡോളറുമായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് നാലാം സ്ഥാനത്തുണ്ട്. ഗേറ്റ്‌സിന്റെ മുന്‍ സഹപ്രവര്ഡത്തകനും മൈക്രോസോഫ്റ്റ് സിഇഒയും ആയിരുന്ന സ്റ്റീവ് ബാല്‍മര്‍ 172 ബില്യണ്‍ ഡോളറുമായി അഞ്ചാം സ്ഥാനത്താണ്.
ബ്ലൂംബെര്‍ഗിന്റെ ആഗോള ശതകോടീശ്വര പട്ടികയില്‍ ഏറ്റവും മുന്തിയ സ്ഥാനമുള്ള ഇന്ത്യക്കാരന്‍ മുകേഷ് അംബാനിയാണ്. 112 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി പട്ടികയില്‍ 16 ാം സ്ഥാനത്താണുള്ളത്. ഗൗതം അദാനി 84.2 ബില്യണ്‍ ഡോളറുമായി 20 ാം റാങ്കിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്