ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ആദ്യം കയ്യടക്കിയ പ്രദേശങ്ങളിലൊന്നാണ് മലബാർ. 1792ൽ ടിപ്പു സുൽത്താനെതിരെ മൂന്നാം മൈസൂർ യുദ്ധത്തിൽ കമ്പനി വിജയിച്ചപ്പോൾ സുൽത്താൻ ആ പ്രദേശം മുഴുക്കെ ഇംഗ്ലീഷ് കമ്പനിക്കു നൽകി. ഇംഗ്ലീഷുകാർ ആദ്യം ചെയ്തത് സ്ഥലത്തു നിന്നു എത്രകണ്ട് നികുതി പിരിച്ചെടുക്കാൻ കഴിയും എന്ന് കണക്കെടുക്കുകയായിരുന്നു. അതിനായി കമ്മീഷണർമാരെ നിശ്ചയിച്ചു കണക്കുകൾ തയ്യാറാക്കി. അതിന്റെ അടിസ്ഥാനത്തിൽ ഓരോ സ്ഥലത്തു നിന്നും പിരിക്കാവുന്നതിന്റെ പരമാവധി കണക്കാക്കി അത് പിരിച്ചെടുത്തു കമ്പനിക്കു അടക്കാനായി നാട്ടുകാരായ നാടുവാഴികളെത്തന്നെ നിശ്ചയിച്ചു.
കമ്പനി നികുതിപിരിവിന്റെ രൂക്ഷത അന്നത്തെ സർക്കാർരേഖകളിൽ തന്നെ കാണാനുണ്ട്. മൈസൂർ ഭരണകാലത്തു കാർഷിക ഉത്പന്നങ്ങൾക്കും വിളകൾക്കും മാത്രമായിരുന്നു നികുതി. അതുതന്നെ ഭാരിച്ച ബാധ്യതയാണ് നാട്ടുകാർക്ക് വരുത്തിത്തീർത്തത്. അതിനാൽ നായന്മാരായ നാട്ടുപ്രമാണിമാരും മൈസൂർ പട്ടാളവും തമ്മിൽ നിരന്തരം സംഘർഷവും പതിവുണ്ടായിരുന്നു. സുൽത്താൻ ഭരണത്തിൽ സഹികെട്ടു പലരും മലബാറിൽ നിന്നും തെക്കോട്ടു പലായനം ചെയ്യുകയും ചെയ്തു. കൊച്ചിയിലും തിരുവിതാംകൂറിലുമാണ് അവരിൽ പലരും അഭയംതേടിയത്.
എന്നാൽ മൈസൂർ ഭരണംപോയി ബ്രിട്ടീഷ് ഭരണം വന്നപ്പോൾ വറചട്ടിയിൽ നിന്ന് എരിതീയിലേക്കു എടുത്തെറിയപ്പെട്ട അവസ്ഥയിലായി നാട്ടിലെ ജനം മുഴുക്കെ. വയലിൽ നിന്നും കൊയ്‌തെടുക്കുന്ന നെല്ലിനും അത് കുത്തിയുണ്ടാക്കുന്ന അരിക്കും മാത്രമല്ല, നെല്ലുകൊയ്യുന്ന അരിവാളിനുപോലും കമ്പനിക്കാർ നികുതി ചുമത്തി. തെങ്ങിൽ നിന്ന് കിട്ടുന്ന തേങ്ങയ്ക്കും അതിൽ നിന്നും ചെത്തിയെടുക്കുന്ന കള്ളിനും മാത്രമല്ല, അത് ചെത്താൻ ഉപയോഗിക്കുന്ന ഏറ്റുകത്തിക്കും ചുമത്തി നികുതി. കടലിൽപോയി മീൻപിടിക്കാമെന്നു വിചാരിച്ചാൽ, വള്ളത്തിനു മാത്രമല്ല വലയ്ക്കും നികുതിയുണ്ട്.
ഇന്നത്തെ മാതിരി സാധനം വാങ്ങുമ്പോഴുള്ള ഒറ്റത്തവണ വില്പന നികുതിയല്ല. ഉപകരണം ഉപയോഗിക്കാൻ ഓരോ വർഷവും അനുമതി പുതുക്കാൻ നികുതിവേണം. തലശേരിയ്ക്കടുത്തു അഞ്ചരക്കണ്ടിയിൽ സ്ഥാപിച്ച ഇംഗ്ലീഷ്‌തോട്ടത്തിന്റെ ഉടമ മർഡോക്ക് ബ്രൗണും അദേഹത്തിന്റെ മകൻ എഫ്.സി. ബ്രൗണും അക്കാലത്തു മലബാറിൽ കമ്പനി ചുമത്തിയ നികുതിയുടെ കടുത്ത അനീതിയെപ്പറ്റി പരാതി പറയുകയുണ്ടായി. ഇരുവരും ബ്രിട്ടിഷ് കമ്പനിയുടെ ഏജന്റുമാരും അവർക്കുവേണ്ടപ്പെട്ടവരുമായിരുന്നു. എന്നാൽ തങ്ങൾക്കുപോലും നികുതി താങ്ങാനാവുന്നില്ല എന്നാണ് എഫ്.സി. ബ്രൗൺ 1847ൽ ബ്രിട്ടീഷ് പ്രഭുസഭയുടെ അന്വേഷണ സമിതിക്കു മുമ്പാകെ പറഞ്ഞത്.
കമ്പനിയുടെ പിടിച്ചുപറിക്കു കൂട്ടുനിന്നവരാണ് അക്കാലത്തെ നാട്ടുപ്രമാണിമാരിൽ അധികംപേരും. ദേശവാഴികളും നാടുവാഴികളുമായി അവർ നാട്ടിലെങ്ങും വിലസിയത് ബ്രിട്ടിഷ് കമ്പനിയുടെ നികുതി പിരിവു ഏജന്റുമാർ എന്ന പദവിയിലാണ്. കമ്പനിയുടെപേരിൽ എന്തു പിടിച്ചുപറിയും നടത്താൻ അവർക്കു അനുമതിയും കിട്ടി. കമ്പനിക്കു കിട്ടേണ്ട തുക കഴിച്ചാൽ ബാക്കിയുള്ളത് നാട്ടുപ്രമാണിക്കു സ്വന്തം. ആരെങ്കിലും എതിർത്തൊരു വാക്കു പറഞ്ഞാൽ കമ്പനിയുടെ കൊൽക്കാരന്മാരും അധികാരിയും വേണ്ടിവന്നാൽ പട്ടാളവും ഇറങ്ങും. ലാത്തിയും തോക്കും തുപ്പാക്കിയുമൊക്കെ അക്കാലത്താണ് നാട്ടിൽ നടപ്പായത്. അതിനാൽ പരമാവധി പിഴിച്ചിലാണ് അക്കാലത്തു മലബാറിൽ നടന്നത്.
നാടുവാഴികൾ മാത്രമല്ല, കച്ചവടക്കാരും ബ്ലേഡ് കമ്പനിക്കാരും മനുഷ്യക്കടത്ത്, ആയുധക്കടത്ത് തുടങ്ങിയ ഏർപ്പാടുകൾ തൊഴിലാക്കിയ വില്ലന്മാരും അക്കാലത്തു മലബാറിൽ വിലസിയിരുന്നു. സായിപ്പിന്റെ കരുണാകടാക്ഷം ഉണ്ടെങ്കിൽ നിങ്ങൾക്കു പരമസുഖം. എന്തും ചെയ്യാം. ഏത് അക്രമവും കാണിക്കാം. കമ്പനിയുടെ കാര്യങ്ങൾ വരുമ്പോൾ നിഷ്‌കർഷയോടെ കൈകാര്യം ചെയ്യണം അതുമാത്രം മതി. കമ്പനിക്കു കരുമുളകും മലഞ്ചരക്കും നാടൻ വാറ്റുചാരായവും അടക്കം ആവശ്യങ്ങൾ അനവധിയായിരുന്നു.
കുരുമുളകും മറ്റും യൂറോപ്പിലേക്കു കപ്പലിൽ കയറ്റി അയക്കണം. അതൊക്കെ ഉൾനാട്ടിൽ നിന്ന് ശേഖരിച്ചു എത്തിക്കണം. മലബാർ എന്നാൽ ഇന്നത്തെ മലബാറല്ല. കാടുംതോടും കള്ളന്മാരും കൊള്ളക്കാരും ഒക്കെയായി നാട്ടിൽ ഇറങ്ങിനടക്കാൻ ബുദ്ധിമുട്ടുള്ള കാലം. അതിനാൽ പോലീസിന്റെ പണിയെടുത്ത കോൽക്കാരന്മാർക്കും എതിരാളികളെ നേരിട്ട പട്ടാളക്കാർക്കും പിടിപ്പതു പണിയുണ്ട്. വയനാടൻ കാട്ടിലും മറ്റും ക്യാമ്പുകളിൽ കഴിയുന്ന യൂറോപ്യൻ സേനകൾക്കു സ്‌കോച്ച് മാതിരിയുള്ള നല്ല സാധനം എത്തിച്ചു കൊടുത്തില്ലെങ്കിൽ അവർ തോക്ക് എങ്ങോട്ടാണ് തിരിക്കുക എന്നറിയില്ല.
അതിനാൽ നാടൻ വാറ്റുചാരായത്തിനു നല്ല ഡിമാണ്ടായിരുന്നു. ഇന്നും സ്‌കോച്ചിനെ വെല്ലുന്ന ഡിങ്കൻ സാധനം മലബാർ ഗ്രാമങ്ങളിൽ കിട്ടും. അത്തരം സാധനം വാറ്റിയുണ്ടാക്കലൊക്കെ ഒരു അസാധ്യ സിദ്ധിയാണ്. ഇതൊക്കെ സംഘടിപ്പിച്ചു എത്തിച്ചുകൊടുത്ത ഏജന്റുമാർക്ക് അതിനാൽ നല്ല കൊയ്ത്തായിരുന്നു.
ഇതൊന്നും ഇല്ലെങ്കിൽ ചൊവ്വക്കാരൻ മൂസ ഒരിക്കലും വമ്പൻ പണക്കാരനാവുമായിരുന്നില്ല. അദ്ദേഹം തലശേരിയിലെ കച്ചവട കുടുംബത്തിൽ പിറന്നയാളാണ്. കച്ചവടം പൊളിഞ്ഞു കക്ഷി നാടുവിട്ടു തിരുവിതാംകൂറിലെത്തി. അവിടെ മഹാരാജാവിന്റെ പിന്തുണയിൽ വീണ്ടും കച്ചവടത്തിന് ഇറങ്ങി. അങ്ങനെയാണ് മലബാറിൽ കമ്പനിയുടെ ഏജൻസി പരിപാടി കിട്ടുന്നത്. അതോടെ വെച്ചടിവെച്ചടി കയറ്റമായിരുന്നു. മൈസൂർ യുദ്ധകാലത്തു കമ്പനിക്കു 20 ലക്ഷം രൂപ മൂസ വായ്പ കൊടുത്തതായി ഈസ്റ്റ് ഇന്ത്യാ കമ്പനി .രേഖകളിലുണ്ട്. അറക്കൽ ബീവിക്കു പണം കടം കൊടുത്തതും മൂസ തന്നെ. അതിന്റെപേരിൽ ലക്ഷദ്വീപിലെ നികുതിപിരിവു പണി ബീവി മൂസയ്ക്ക് ഏല്പിച്ചു കൊടുത്തതായി ചരിത്രം.
അതായതു മലബാറിലെ കാശുകാരുടെ ചരിത്രം എന്നാൽ കൈയൂക്കുള്ളവനുമായി കൂട്ടുകൂടിയാൽ ഉണ്ടാകുന്ന നേട്ടങ്ങളുടെ ചരിത്രമാണ്. ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണം തലശേരിയിൽ നിന്നുള്ള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞുകേട്ട ചില വിശേഷങ്ങളാണ്. അദ്ദേഹംചോദിച്ചത് തന്റെ മകൾ ഒരു കരിമണൽ കമ്പനിക്കു നൽകിയ സേവനത്തിനു കിട്ടിയ പ്രതിഫലത്തിൽ നാട്ടുകാർക്കെന്തു കാര്യം എന്നാണ്. അതൊക്കെ സ്വകാര്യ ഇടപാടുകൾ മാത്രം. രണ്ടു കമ്പനികൾ തമ്മിലുള്ള സ്വകാര്യ ഇടപാടുകളിൽ പുറത്തുള്ളവർക്ക് എന്തുകാര്യം? പൊന്നുരുക്കുന്നിടത്തു പൂച്ചക്കെന്തു കാര്യം?
അതായതു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്തെ സായ്പന്മാർ ചോദിച്ച ചോദ്യം തന്നെയാണ് സഖാവ് പിണറായിയും ചോദിക്കുന്നത്. കമ്പനിയും കൂട്ടാളികളും എങ്ങനെ പണമുണ്ടാക്കി എന്നൊന്നും ആരും അന്വേഷിക്കരുത്. അതൊക്കെ സ്വകാര്യ ഇടപാടുകളാണ്. റോബർട്ട് ക്‌ളൈവ് എന്നൊരു കക്ഷി ഉണ്ടായിരുന്നു കമ്പനിമേധാവികളുടെ കൂട്ടത്തിൽ. സിറാജ് ഉദ് ദൗളയെ ചതിപ്രയോഗത്തിലൂടെ തോൽപ്പിച്ചു ബംഗാൾ പിടിച്ചയാളാണ്. അദ്ദേഹം ഇന്ത്യയിൽ കഴിഞ്ഞ അവസരത്തിൽ എടുത്താൽ പൊന്താത്ത ധനമുണ്ടാക്കി.
എവിടെ നിന്ന്, എങ്ങനെ എന്നൊന്നും ചോദിക്കരുത്. രണ്ടു സ്വകാര്യ കമ്പനികൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ. അതിൽ സർക്കാരിനെന്തു കാര്യം? നാട്ടുകാർക്കെന്തു കാര്യം?
പക്ഷേ ഇംഗ്‌ളണ്ടിൽ അത്തരം വാദങ്ങളൊന്നും ചെലവായില്ല. അവിടെ രാജാവാണ് ഭരണമെങ്കിലും അധികാരം പാർലമെന്റിനാണ്. ക്‌ളൈവ് ഇന്ത്യയിൽ നിന്നും അമിതധനം സമ്പാദിച്ചു കടത്തി എന്നാണ് ബ്രിട്ടീഷ് പാർലമെന്റ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതിനാൽ നടപടിയും എടുത്തു. ക്‌ളൈവ് മാത്രമല്ല, അന്നത്തെ ഗവർണർ ജനറൽ വാറൻഹേസ്റ്റിംഗ്‌സിന് എതിരെയും പാർലമെന്റ് ഇംപീച്ച്‌മെന്റ് നടപടി എടുത്തു. രണ്ടുപേരും അവസാനകാലത്തു പൊതുസമൂഹത്തിൽ നാണം കെട്ടു. കണക്കറ്റ പണം ഉണ്ടാക്കിയെങ്കിലും അതൊന്നും പൊയ്‌പ്പോയ അഭിമാനം തിരിച്ചുപിടിക്കാൻ അവർക്കു സഹായകമായില്ല.
അതിനാൽ അധികാരമുള്ളപ്പോൾ കണക്കറ്റു സമ്പാദിച്ചു കൂട്ടിയവർ അതിനൊക്കെ ന്യായങ്ങൾ നിരത്തുന്നനേരത്ത് ഇത്തരം ചരിത്രങ്ങൾ കൂടി ഓർക്കുന്നത് നല്ലതാണ്. പിണറായിയുടെ സ്വന്തം നാടാണ് തലശ്ശേരി. അദ്ദേഹം ജയിച്ചത് ധർമടം മണ്ഡലത്തിൽ നിന്നാണ്. അതിനാൽ സ്വന്തം നാടിന്റെ പഴയ ചരിത്രം കൂടി സമയം കിട്ടുമ്പോൾ ഇടക്കൊക്കെ ഒന്ന് മറിച്ചുനോക്കുന്നത് നന്നായിരിക്കും.
എൻ.പി.ചെക്കുട്ടി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
