വീണേടം വിഷ്ണുലോകം; പാപി ചെല്ലുന്നേടം പാതാളം എന്നിങ്ങനെ പഴഞ്ചൊല്ലുകളുടെ കൂട്ടത്തിലേക്ക് ഹൈക്കോടതിയുടെ സംഭാവനയാണ് മേയർ ഇരിക്കുന്നിടം കൗൺസിൽ ഹാൾ എന്നത്. മജിസ്‌ട്രേറ്റ് ഇരിക്കുന്നിടം കോടതി എന്നത് പഴഞ്ചൊല്ലല്ല, നിയമപരമായി സാധുവായ വസ്തുതയാണ്. ഫലിതം പറയുന്ന പിതാവിന്റെ ഫലിതം ആസ്വദിക്കുന്ന പുത്രനാണ് സഹൃദയനായ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ. വികലമായ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ടതോടെ പുനഃസത്യപ്രതിജ്ഞയ്ക്കു പോകാനാകാതെ ജയിലിൽ കഴിയുന്ന കൗൺസിലറോട് സത്യപ്രതിജ്ഞ ജയിലിലായിക്കൂടേ എന്ന ചോദ്യം അദ്ദേഹത്തിന്റെ സ്വതഃസിദ്ധമായ ഫലിതോക്തിയായാണ് ആദ്യം കരുതിയത്.
ഫലിതം പറയുന്നവർ ഗൗരവത്തിൽ എന്തെങ്കിലും ചെയ്യുമ്പോൾ അതിലെ അപകടം പെട്ടെന്ന് തിരിച്ചറിയില്ല. ഗൗണിട്ട കുതിരവട്ടം പപ്പുവിനെ അനുസ്മരിപ്പിച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്ന് മേയർ വി.വി. രാജേഷ് ഔദ്യോഗികവേഷത്തിൽ വിയ്യൂർ സെൻട്രൽ ജയിലിലെത്തിയപ്പോൾ ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണന്റെ ഫലിതം പൂർണമായി. തടവുകാരനായ കൗൺസിലർക്കുവേണ്ടി കൗൺസിൽ ഹാൾ മറ്റൊരു ജില്ലയിലെ ജയിലിൽ പുനരാവിഷ്‌കരിച്ചതുപോലെ ഇനിയും പല സന്ദർഭങ്ങളിലും പലർക്കുവേണ്ടിയും പല ആവിഷ്‌കാരങ്ങളും നടത്തേണ്ടിവരും. തുള്ളാൻ തുടങ്ങിയാൽ കോടതിയാണെങ്കിലും ഏതു താളത്തിനൊത്തും തുള്ളേണ്ടിവരും.
രജിസ്റ്ററുമായി രജിസ്ട്രാർ വേണ്ടപ്പെട്ടവർ വിളിക്കുന്ന ഇടത്തേക്ക് പോകുന്ന കാഴ്ച സിനിമയിൽ കാണാറുണ്ട്. നഷ്ടപ്പെടാൻ പാടില്ലാത്ത രജിസ്റ്റർ എന്തുറപ്പിലാണ് രജിസ്ട്രാർ ചുമന്നുകൊണ്ട് നടക്കുന്നതെന്നറിയില്ല. ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ് സാമാന്യവത്കരിക്കപ്പെട്ടാൽ തടവുകാർക്ക് അനുദിനവ്യാപാരങ്ങൾ ജയിലിൽ കിടന്നുകൊണ്ട് നടത്താൻ കഴിയും. സ്വാതന്ത്ര്യത്തിന്റെ താത്കാലികമായ നിഷേധമാണ് തടവ്. ആ അവസ്ഥയിൽ സ്വതന്ത്രമായി വിഹരിക്കാൻ കഴിയുന്നത് ഭാവനയ്ക്കു മാത്രമാണ്. രചനയ്ക്ക് ജയിലിൽ തടസമില്ല. ജയിലിൽ എഴുതപ്പെട്ട പുസ്തകങ്ങൾ നിരവധിയാണ്.
മാവോവാദി നേതാവ് രൂപേഷ് ജയിലിൽ രണ്ട് നോവലുകൾ എഴുതി പ്രസിദ്ധീകരിച്ചു. മാവോയിസ്റ്റ്, ബന്ധിതരുടെ ഓർമക്കുറിപ്പുകൾ എന്നിവ അനുയോജ്യമായ ശീർഷകങ്ങളാണ്. ജവഹർലാൽ നെഹ്‌റുവിന്റെ വിശിഷ്ടമായ കൃതികൾ തടവറയിൽ രൂപംകൊണ്ടവയാണ്. എഴുത്തുകാർക്ക് മാത്രമാണോ ഈ സ്വാതന്ത്ര്യം അവകാശപ്പെടാവുന്നത്? അഭിനയം സർഗാത്മകമായ പ്രവർത്തനമാണ്. ജയിൽവാസം അവകാശമായി ചോദിച്ചുവാങ്ങുന്നവരെ ചലച്ചിത്രരംഗത്ത് ധാരാളമായി കാണുന്നുണ്ട്. അവർക്കുവേണ്ടി ജയിലിൽ സെറ്റൊരുക്കാൻ സൂപ്രണ്ടിനു നിർദേശം ലഭിക്കുമോ? സ്വാതന്ത്ര്യത്തിന്റെ നിഷേധത്തിൽ ചലനസ്വാതന്ത്ര്യം മാത്രമല്ല ഉൾപ്പെടുന്നത്. ജയിലിലേക്ക് പ്രവേശിക്കുന്ന തടവുകാരൻ കൈവശമുള്ള വസ്തുക്കൾക്കൊപ്പം അവകാശങ്ങൾ സൂപ്രണ്ടിന് അടിയറ വയ്ക്കുന്നില്ലെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പറഞ്ഞിട്ടുള്ളതിനെ പരിമിതമായി വ്യാഖ്യാനിച്ചാൽ മതിയാകും.
വോട്ട് ചെയ്യുന്നതിനുള്ള അവകാശവും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അവകാശവും ഇപ്പോൾ ഭരണഘടനാപരമായ അവകാശമായി കണക്കാക്കപ്പെടുന്നു. ഭരണഘടനയിൽ ഒൻപതാം പട്ടിക ചേർക്കപ്പെട്ടതിനുശേഷമുള്ള അവസ്ഥയാണിത്. പാർലമെന്ററി ജനാധിപത്യം ഭരണവ്യവസ്ഥയായി സ്വീകരിച്ച രാജ്യത്ത് വോട്ട് ചെയ്യുന്നതിനുള്ള അവകാശവും സ്ഥാനാർത്ഥിയാകുന്നതിനുള്ള അവകാശവും മൗലികാവകാശമായി കണക്കാക്കുന്നില്ല. മത്സരിച്ച് ജയിച്ചാൽത്തന്നെ പല വിധത്തിലുള്ള അയോഗ്യതകളാൽ പദവി നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഇന്ദിര ഗാന്ധിയും രാഹുൽ ഗാന്ധിയും കോടതി ഉത്തരവുകളിലൂടെ അയോഗ്യരാക്കപ്പെട്ടവരാണ്. പ്രധാനമന്ത്രിക്കും പ്രതിപക്ഷനേതാവിനും സംഭവിക്കുന്നത് രാജ്യത്തെ മുഴുവൻ ബാധിക്കും.
അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജി നൽകിയ വിധിയാണ് 1975ൽ അടിയന്തരാവസ്ഥയ്ക്ക് പ്രേരണയായത്. കോർപ്പറേഷൻ കൗൺസിലർക്ക് സംഭവിക്കുന്ന അയോഗ്യത വലിയ കേടിനു കാരണമാകുന്നില്ല. സുഗതന്റെ അയോഗ്യത ഒരു പക്ഷേ രാജേഷിന്റെ മേയർ സ്ഥാനത്തെ ബാധിച്ചേക്കാം. അത് കോടതിയുടെ ഉത്കണ്ഠയല്ല. കേവലഭൂരിപക്ഷത്തിന് നിർണായകമായ വോട്ടുമായി ഒരു കൗൺസിലർ വിദൂരമായ പട്ടണത്തിലെ ജയിലിൽ കിടക്കുമ്പോൾ മേയറുടെ കസേര ഇളകിക്കൊണ്ടിരിക്കും. സത്യപ്രതിജ്ഞ ക്രമപ്രകാരമാക്കിയെങ്കിലും കൗൺസിൽ യോഗത്തിലെ തുടർച്ചയായ അസാന്നിധ്യം അയോഗ്യതയ്ക്ക് കാരണമാകും. അതൊഴിവാക്കാൻ കൗൺസിൽ യോഗം ഇടയ്ക്കിടെ വിയ്യൂർ ജയിലിൽ നടത്താൻ ഉത്തരവുണ്ടാകുമോ?
കൗൺസിലറെ കാണാൻ മുന്നൂറ് കിലോമീറ്റർ യാത്ര ചെയ്ത് സെൻട്രൽ ജയിലിനു മുന്നിൽ അനുവാദത്തിനായി കാത്തുനിൽക്കേണ്ടിവരുന്ന വാഴോട്ടുകോണത്തെ ജനങ്ങളെയോർത്ത് സഹതപിക്കാനേ കഴിയൂ. കാപ്പ തടവുകാരനായ സുഗതനെ വിയ്യൂരുനിന്ന് പൂജപ്പുരയിലേക്ക് മാറ്റുന്ന കാര്യം കോടതി അനുഭാവപൂർവം പരിഗണിക്കേണ്ടതാണ്. ജനാധിപത്യത്തിൽ ജനങ്ങൾക്കും ചില അവകാശങ്ങളുണ്ടല്ലോ?
പ്രതിജ്ഞാവാചകം നേരേ ചൊവ്വേ നോക്കിവായിക്കാനറിയാത്ത കൗൺസിലറെ അയോഗ്യനാക്കി പുറത്താക്കുന്നതിൽ തെറ്റില്ല. ഈശ്വരനാമത്തിൽ ചൊല്ലേണ്ട പ്രതിജ്ഞ ചിറമല്ലന്റെ പേരിൽ വായിച്ച് സംവിധാനത്തെ അപമാനിച്ചയാളിന് തെറ്റ് തിരുത്താൻ അവസരം കൊടുക്കേണ്ട കാര്യംതന്നെ ഇല്ലായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ബി.ജെ.പി സംഘടിതമായി അപഹാസ്യമായ പ്രഹസനമാക്കുകയായിരുന്നു.
ഒരാളുടെ സീറ്റ് പോയെങ്കിൽ അത് അതിനുള്ള ശിക്ഷയായി കണക്കാക്കാമായിരുന്നു. ബോധപൂർവമുള്ള തെറ്റ് മാപ്പാക്കപ്പെടുകയും അബദ്ധത്തിൽ സംഭവിക്കുന്നത് ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. സുഗതനോട് ദയ കാണിച്ച കോടതി ബന്തവസിൽ അയാളെ തിരുവനന്തപുരത്തെത്തിച്ച് സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദം നൽകണമായിരുന്നു. അടിയന്തരസാഹചര്യത്തിൽ തടവുകാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുപോലെ കരുതിയാൽ മതി. ലോക്‌സഭയിൽ അപ്രകാരം ഒരു സന്ദർഭം ഉണ്ടായിട്ടുണ്ട്.
ഇടതുപക്ഷം പിന്തുണ പിൻവലിച്ചതിനുശേഷം മൻമോഹൻ സിങ് വിശ്വാസവോട്ട് തേടിയ സന്ദർഭമായിരുന്നു അത്. ഓരോ വോട്ടിനും കോടികൾ മൂല്യം കൽപിച്ച് വിലപേശൽ നടക്കുന്ന അവസ്ഥ. മൻമോഹൻ സിങ്ങിന് അനുകൂലമായി ലഭിക്കുന്ന ഒരു വോട്ട് അപ്പോൾ തിഹാർ ജയിലിലായിരുന്നു. പപ്പു യാദവ് എന്നറിയപ്പെടുന്ന രാജേഷ് രഞ്ജനായിരുന്നു ആ വോട്ടിന്റെ ഉടമ. സോമനാഥ് ചാറ്റർജിയെ ബാലറ്റ് സ്ലിപ്പുമായി തിഹാറിലേക്ക് അയക്കുന്നതിനു പകരം വോട്ടെടുപ്പ് നടക്കുന്ന ദിവസം പപ്പു യാദവിനെ ലോക്‌സഭയിലേക്ക് കൊണ്ടുവരുന്നതിന് സുപ്രീം കോടതി പൊലീസിന് നിർദേശം നൽകി. ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണന് ഇങ്ങനെയൊരു മാതൃക മുന്നിലുണ്ടായിരുന്നു.
വിലങ്ങില്ലാതെ സഭയിൽ പ്രവേശിച്ച യാദവ് ഭാര്യയൊത്ത് ആ പകൽ മുഴുവൻ പിൻബെഞ്ചിൽ സംസാരിച്ചിരുന്നു. ഭാര്യ രഞ്ജീത് രഞ്ജനും സഭയിൽ അംഗമായിരുന്നു. തടവുകാർക്ക് ഭാര്യയൊത്ത് ചിലവഴിക്കാൻ ഇടവേളകളിൽ സമയം അനുവദിക്കേണ്ടതാണെന്ന മനുഷ്യത്വപരമായ നിലപാട് യാദവ് ദമ്പതികളുടെ അടുത്തിരുന്ന എനിക്ക് അന്നുണ്ടായി.
ജയിലിൽ തടവുകാർ നിർമിച്ച് വിപണിലേക്കയക്കുന്ന ചപ്പാത്തി ഫ്രീഡം ചപ്പാത്തി എന്നാണറിയപ്പെടുന്നത്. ചില കാര്യങ്ങളിൽ തടവുകാർക്കും അല്പം ഫ്രീഡം ആകാം. ആർക്കും ആരെയും ഒരു പരാതിയുടെ അടിസ്ഥാനത്തിൽ ജയിലിലാക്കാൻ കഴിയും. ജയിൽവാസത്തിന്റെ പേരിൽ പിരിച്ചുവിടപ്പെടുന്ന ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാം. ജനപ്രതിനിധിക്കോ മുഖ്യമന്ത്രിക്കോ സംഭവിക്കുന്നത് എങ്ങനെ തിരുത്താനാകും. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മുപ്പതു ദിവസം ജയിലിൽ കിടന്നാൽ പദവി നഷ്ടമാക്കുന്ന നിയമത്തെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നു.
എല്ലാ ജനപ്രതിനിധികൾക്കും ഈ തത്ത്വം ബാധകമാക്കിയാൽ സുഗതനും പപ്പുവും സൃഷ്ടിക്കുന്ന പരാതികൾക്ക് പരിഹാരമാകും. ആറുവട്ടം എംപിയായിരുന്ന പപ്പു ഇപ്പോഴും ലോക്‌സഭാംഗമാണ്. താമസം തിഹാറിലാണോ എന്നറിയില്ല. മന്ത്രിസഭയുടെ നിലനില്പ് ഒരു മജിസ്‌ട്രേറ്റ് പുറപ്പെടുവിക്കുന്ന റിമാണ്ട് ഉത്തരവിൽ അധിഷ്ഠിതമാകുന്ന അവസ്ഥ ജനാധിപത്യത്തിന് ഹാനികരമാണ്.
ഡോ. സെബാസ്റ്റ്യൻ പോൾ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
