മനുഷ്യാവകാശം ഹനിക്കപ്പെടുന്നുവെന്ന പരാതി ഇടയ്ക്കിടെ ഉയരുമ്പോഴും മൃതദേഹങ്ങളെ ആദരിക്കുന്നതിൽ തികഞ്ഞ നിഷ്‌കർഷ പുലർത്തുന്നു പരിഷ്‌കൃത സമൂഹങ്ങൾ. പോസ്റ്റ്‌മോർട്ടത്തിന്റെ കാര്യത്തിലുള്ള അതിസൂക്ഷ്മ നിയമങ്ങൾ ഇതിന്റെ അനുബന്ധം തന്നെ. ഇത്തിരി വൈകിയാണെങ്കിലും ഇതു മനസിലാക്കിയിരിക്കുന്നു കേരളവും.
ആരോഗ്യ രംഗത്ത് ആധുനികവത്കരണത്തിന് ഊന്നൽ നൽകുന്ന വിപ്ലവകരമായ ചുവടുവെപ്പാണ് പോസ്റ്റ്‌മോർട്ടത്തിന് വിർച്വൽ ഓട്ടോപ്‌സി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളജിലായിരിക്കും ഇതിന് തുടക്കം കുറിക്കുകയെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. കേരളം ആരോഗ്യമേഖലയിൽ വികസിത രാജ്യങ്ങളോടൊപ്പമെത്തിയെന്ന് അവകാശപ്പെടുമ്പോഴും പോസ്റ്റ്‌മോർട്ടത്തിന് പരമ്പരാഗത രീതിയാണ് തുടർന്നുവരുന്നത്. ശരീരത്തിലെ ആന്തരികാവയവങ്ങൾ പൂർണമായി കീറിമുറിച്ച് പരിശോധിക്കുന്ന പരമ്പരാഗത സംവിധാനം തന്നെ.
കഠിനവും കാലതാമസത്തിനിടവരുത്തുന്നതും മരണത്തിന്റെ ആഘാതത്തിൽ കഴിയുന്ന കുടുംബങ്ങൾക്കും ബന്ധുക്കൾക്കും കൂടുതൽ ആഘാതമേൽപ്പിക്കുന്നതുമാണ് പരമ്പരാഗത രീതി. വികസിത രാജ്യങ്ങൾ ഇതിനു പകരം മൃതദേഹത്തിന് ഒരു പോറലുമേൽപ്പിക്കാതെ മരണ കാരണം കണ്ടെത്താൻ സഹായിക്കുന്ന ഡിജിറ്റൽ പോസ്റ്റ്‌മോർട്ടത്തിലേക്ക് മാറിയിട്ട് കാലങ്ങളായി. സി.ടി. സ്‌കാൻ, എം.ആർ.ഐ, ത്രിമാന ഇമേജിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശരീരത്തിന്റെ ആന്തരിക അവയവങ്ങൾ പരിശോധിച്ച് പരുക്കുകൾ, അസ്ഥിക്ക് സംഭവിച്ച ചതവുകൾ, രക്തസ്രാവം, വെടിയേറ്റ പാടുകൾ തുടങ്ങിയവ കണ്ടെത്താൻ കഴിയുന്ന ആധുനിക പരിശോധനാ രീതിയാണ് വിർച്വൽ ഓട്ടോപ്‌സി.
പരമ്പരാഗത പോസ്റ്റ്‌മോർട്ടത്തിൽ ശരീരം തുറക്കുന്നതോടെ, രക്തക്കുഴലിലോ ഹൃദയത്തിലോ ഉണ്ടാകുന്ന വായുവിന്റെയോ മറ്റു വാതകങ്ങളുടെയോ സാന്നിധ്യം അപ്രത്യക്ഷമാകാറുണ്ട്. വിർച്വൽ ഓട്ടോപ്‌സിയിൽ ഇത് കൃത്യമായി രേഖപ്പെടുത്തും. ശരീരം കീറിമുറിച്ച് തുറന്നു നോക്കാതെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശരീരത്തിന്റെ ഉൾഭാഗത്തേക്ക് കണ്ണെത്താൻ സഹായിക്കുന്ന വിർച്വൽ ഓട്ടോപ്‌സി വഴി പരമ്പരാഗത പോസ്റ്റ്‌മോർട്ടത്തിലൂടെ കണ്ടെത്താൻ പ്രയാസകരമായ പല സൂക്ഷ്മമായ കാര്യങ്ങളും കണ്ടെത്താനാകും.
സംശയമുള്ള മരണങ്ങളിൽ യഥാർഥ മരണകാരണവും സത്യവും കണ്ടെത്താനുള്ള അനിവാര്യമായ നടപടിക്രമമാണ് പോസ്റ്റ്‌മോർട്ടമെങ്കിലും അത് നിർവഹിക്കപ്പെടുമ്പോൾ മൃതദേഹത്തോടുള്ള ആദരവും കുടുംബത്തിന്റെ വികാരവും പരമാവധി മാനിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ ഫോറൻസിക് വിഭാഗം ഈ സംവിധാനം നന്നായി പ്രയോജനപ്പെടുത്തി വരുന്നു.
വിർച്വൽ ഓട്ടോപ്‌സിയിലൂടെ മിനിട്ടുകൾക്കകം സ്‌കാനിംഗ് പൂർത്തിയാക്കാൻ സാധിക്കുന്നതിനാൽ മൃതദേഹം വിട്ടുനൽകുന്നതിലെ കാലതാമസം ഒഴിവാക്കാനാകും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകുന്നതും കാത്ത് മോർച്ചറിക്കു മുമ്പിൽ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന ബന്ധുക്കളുടെ പ്രയാസത്തിനും അറുതിയാകും. മാനുഷികതയാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. മൃതദേഹത്തോടുള്ള ആദരവും ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ പോസ്റ്റ്‌മോർട്ടം നടത്തും. കേരളം പോലെ സാമൂഹിക ബോധമുള്ള ജനവിഭാഗത്തിന് ഇത് ഏറെ ആശ്വാസകരമാണ്.
മതപരവും സാംസ്‌കാരികവുമായ കാരണങ്ങളാൽ മൃതദേഹം കീറിമുറിക്കുന്നതിനോട് വിയോജിപ്പുള്ള കുടുംബങ്ങൾക്ക് വിശേഷിച്ചും. കോടതികളിൽ തെളിവുകൾ സമർപ്പിക്കുന്നതിലും കൂടുതൽ സഹായകമാണ് പുതിയ സംവിധാനം. പരമ്പരാഗത പോസ്റ്റ്‌മോർട്ടത്തിൽ ഡോക്ടർ രേഖാമൂലം തയ്യാറാക്കുന്ന റിപ്പോർട്ടും ചില ചിത്രങ്ങളും മാത്രമാണ് കോടതികളിലെത്തുന്നത്. ശരീരം സംസ്‌കരിച്ചു കഴിഞ്ഞാൽ ഒരു പുനഃപരിശോധന പ്രയാസകരവുമാണ്. മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധന നടത്തുന്നത് അത്യന്തം വിഷമകരവും പലപ്പോഴും നിഷ്ഫലവുമായിരിക്കും. വിർച്വൽ ഓട്ടോപ്‌സിയിലൂടെ ലഭിക്കുന്ന ഡിജിറ്റൽ ഡാറ്റ കാലപ്പഴക്കത്തിൽ നിഷ്പ്രഭമാകാതെ കമ്പ്യൂട്ടറുകളിൽ സൂക്ഷിച്ചു വെക്കാനാകും.
വർഷങ്ങൾക്കു ശേഷം കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ചാൽ ഡിജിറ്റൽ തെളിവുകൾ വീണ്ടും പരിശോധിച്ച് പുതിയ നിഗമനങ്ങളിൽ എത്തിച്ചേരാം. കോടതി മുറികളിൽ ജഡ്ജിമാർക്കും അഭിഭാഷകർക്കും മുമ്പാകെ കമ്പ്യൂട്ടർ സ്‌ക്രീനിലൂടെ മരണകാരണം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കുന്നത് വിചാരണാ നടപടികൾ കൂടുതൽ സുതാര്യവും കൃത്യവുമാക്കും. അതേസമയം എല്ലാ കേസുകളിലും ഫലപ്രദമല്ല വിർച്വൽ ഓട്ടോപ്‌സി. വിഷബാധ, ചില പ്രത്യേക അണുബാധകൾ, സൂക്ഷ്മ പരിശോധന ആവശ്യമായ കേസുകൾ, രാസപരിശോധന തുടങ്ങിയവക്ക് പരമ്പരാഗത രീതി ആവശ്യമാണ്. വിർച്വൽ ഓട്ടോപ്‌സിയോടൊപ്പം പരമ്പരാഗത പോസ്റ്റ്‌മോർട്ടം രീതിയും നിലനിർത്തേണ്ടി വരും.
നമ്മുടെ നാട്ടിലെ ഏകദേശം 60 ശതമാനത്തോളം കേസുകളിലും വിർച്വൽ ഓട്ടോപ്‌സി മാത്രം ഉപയോഗിച്ച് മരണകാരണം കണ്ടെത്താനാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഉദാഹരണമായി റോഡപകട മരണങ്ങൾ, അസ്വാഭാവിക സാഹചര്യങ്ങൾ കൊണ്ട് മാത്രം പോസ്റ്റ്‌മോർട്ടത്തിന് ശിപാർശ ചെയ്യപ്പെടുന്ന ചിലതരം സ്വാഭാവിക മരണങ്ങൾ, ദൃക്സാക്ഷികൾ ഉള്ള മറ്റുതരം അപകട മരണങ്ങൾ എന്നിങ്ങനെയുള്ള മരണങ്ങൾക്ക് മൃതദേഹം കീറിമുറിക്കാതെ കഴിയും.
സ്വിറ്റ്‌സർലാൻഡിലെ സൂറിച്ച് സർവകലാശാലയാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.
തുടർന്ന് ജർമനി, ബ്രിട്ടൻ, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും ഗൾഫ് നാടുകളിലേക്കും വ്യാപിച്ചു. ഇന്ത്യയിൽ ഡൽഹി എയിംസ്, ഛണ്ഡിഗഢിലെ പ്രമുഖ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടായ പി.ജി.ഐ എം.ഇ.ആർ, ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നീ സ്ഥാപനങ്ങളിൽ ഇത് സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഇത് ആരോഗ്യ- ഫോറൻസിക് വിഭാഗത്തിന്റെ ഭാഗമാക്കാനുള്ള നീക്കം ഇപ്പോൾ കേരളത്തിൽ മാത്രമാണ് നടക്കുന്നത്.
അതേസമയം ഉയർന്ന സാമ്പത്തിക ചെലവ് വരുന്ന പദ്ധതിയാണിത്. മികച്ച നിലവാരമുള്ള സി.ടി. സ്‌കാനറുകൾ, അനുബന്ധ ഉപകരണങ്ങൾ, ഡിജിറ്റൽ ഡാറ്റാ സംവിധാനങ്ങൾ, പ്രത്യേക പരിശീലനം ലഭിച്ച റേഡിയോളജിസ്റ്റുകൾ, ഫോറൻസിക് വിദഗ്ധർ എല്ലാം ഇതിന് ആവശ്യമാണ്. ആരോഗ്യരംഗത്ത് കേരളം പ്രഖ്യാപിച്ച പലപദ്ധതികളും സാമ്പത്തിക പരാധീനതയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം നടക്കാതെ പോയിട്ടുണ്ട്. വിർച്വൽ ഓട്ടോപ്‌സി ആ ഗണത്തിൽ പെടാതെ എത്രയും വേഗം ഫലപ്രദമായി നടപ്പാക്കുന്നതിൽ സർക്കാർ ശ്രദ്ധ പുലർത്തുമോയെന്നതാണ് അറിയാനുള്ളത്.
ഫോറൻസിക് കൃത്യത
മരണത്തിന്റെ നിഗൂഢതകൾ തേടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു വ്യക്തി എങ്ങനെ മരിച്ചു, മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ എന്തായിരുന്നു, കുറ്റകൃത്യമാണോ അപകടമാണോ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പോസ്റ്റ്മോർട്ടം. എന്നാൽ ഇതുവരെ ആ അന്വേഷണത്തിന് മൃതദേഹം കീറിമുറിക്കേണ്ടി വന്നിരുന്നു. ഫോറൻസിക് മെഡിസിൻ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന വിർച്വൽ ഓട്ടോപ്‌സി കാലങ്ങളായി കേരളം ആശിച്ചതാണെന്നതിൽ സംശയമില്ല.
എന്നാൽ, കുറ്റകൃത്യങ്ങളും ദുരൂഹ മരണങ്ങളും മുമ്പുള്ളതിനേക്കാൾ ഉപരി പല രീതിയിലും തരത്തിലും വ്യാപിക്കുന്ന കാലത്ത് ഡിജിറ്റലൈസ് പോസ്റ്റ്‌മോർട്ടം എല്ലാ കേസുകളിലും സാധ്യമല്ലെങ്കിലും 60 ശതമാനം പോസ്റ്റ്‌മോർട്ടങ്ങളെങ്കിലും ഇങ്ങനെ ചെയ്യാൻ കഴിയുമെന്ന് തന്നെയാണ് വിദഗ്ധരുടെ പ്രതീക്ഷ.
'വിർച്വൽ ഓട്ടോപ്‌സി സംസ്ഥാനത്ത് സാധ്യമാക്കുകയാണെങ്കിൽ അത് പോലീസിനും നീതിന്യായ വ്യവസ്ഥയ്ക്കും അതിനേക്കാളുമുപരി പൊതുജനങ്ങൾക്കും വളരെയേറെ സ്വീകാര്യവും സഹായകരവും ആയിരിക്കുമെന്ന് നിസ്സംശയം പറയാവുന്നതാണ്. പ്രാരംഭഘട്ടത്തിൽ വലിയ ചെലവ് വരുമെങ്കിലും കാലഘട്ടത്തിന്റെ ആവശ്യമാണത്. കേരളത്തിൽ നിലവിലുള്ള വിവിധ മെഡിക്കൽ കോളജുകളിൽ അനുയോജ്യമായ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത ശേഷം വിർച്വൽ ഓട്ടോപ്‌സി എന്ന ഈ സംരംഭം തുടങ്ങുന്നതിന് സർക്കാർ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു' - വിർച്വൽ ഓട്ടോപ്‌സിയെ കുറിച്ച് തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. ഉന്മേഷ് എ.കെ. പറഞ്ഞതിങ്ങനെ.
മോർച്ചറിയെന്ന പദപ്രയോഗം തന്നെ സാധാരണ മനുഷ്യരുടെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. പ്രിയപ്പെട്ടവരുടെ മൃതദേഹം മോർച്ചറിക്കുള്ളിലേക്ക് നൽകി പുറത്ത് കാത്തിരിക്കേണ്ടി വന്ന അനുഭവമുള്ളവരാണ് പലരും. ദുഃഖഭാരം താങ്ങി വിറങ്ങലിച്ച മനസ്സുമായി മോർച്ചറി വരാന്തയിൽ ചെലവഴിച്ച ആ മണിക്കൂറുകൾ ഒരു ദുഃസ്വപ്‌നമായി മാത്രമേ അവർക്ക് ഓർക്കാനാകൂ. പോസ്റ്റ്‌മോർട്ടം നടപടികളുടെ ഭാഗമായി അവിടെ മൃതദേഹം എന്ത് ചെയ്യുന്നുവെന്നതിനെക്കുറിച്ച് വലിയ തോതിൽ ചിന്തിക്കാതിരിക്കുകയെന്നതാണ് ആകെയുള്ള പോംവഴി.
ഫോറൻസിക് ശാസ്ത്രത്തിൽ തെളിവുകളുടെ സംരക്ഷണം നിർണായകമാണ്. വിർച്വൽ ഓട്ടോപ്‌സിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഡിജിറ്റൽ രേഖകളാണ്. പരിശോധനയിൽ ലഭിക്കുന്ന ചിത്രങ്ങളും വിവരങ്ങളും വർഷങ്ങളോളം സുരക്ഷിതമായി സൂക്ഷിക്കാനാകും. കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ ഈ വിവരങ്ങൾ വീണ്ടും പരിശോധിക്കാനും മറ്റ് വിദഗ്ധരുടെ അഭിപ്രായം തേടാനും കഴിയും. അന്വേഷണത്തിലെ സുതാര്യത വർധിപ്പിക്കുന്നതിനും തെറ്റായ നിഗമനങ്ങൾ ഒഴിവാക്കുന്നതിനും ഇത് സഹായകമാകും.
ലോകത്ത് ബി.സി. 44 മുതൽ തന്നെ പോസ്റ്റ്‌മോർട്ടം നിലവിലുണ്ടെങ്കിലും ഇന്ന് കാണുന്ന തരത്തിരുള്ള പോസ്റ്റ്‌മോർട്ടം 1700കളിലാണ് നിലവിൽ വന്നത്. ജിയോവാനി ബറ്റീസ മൊർഗാഗ്നി എന്ന ഇറ്റാലിയൻ അനാട്ടമിസ്റ്റ് ആണ് ഈ ശാസ്ത്ര ശാഖയുടെ പിതാവ്. ഒരു മരണത്തിന്റെ കാര്യകാരണങ്ങൾ കണ്ടെത്തുകയെന്നത് തന്നെയാണ് പോസ്റ്റ്‌മോർട്ടത്തിന്റെ ഉദ്ദേശ്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ അതിന് സഹായകമാകുന്ന കാര്യങ്ങൾ കണ്ടെത്താനും പോസ്റ്റ്‌മോർട്ടം വഴി സാധിക്കാറുണ്ട്.
അസ്ഥി പരിശോധനയിലൂടെ വയസ്, ഉയരം എന്നിവ കണ്ടെത്താം. മുമ്പ് നടത്തിയ ശസ്ത്രക്രിയകളെ സംബന്ധിച്ച ബാഹ്യ- ആന്തരിക സൂചനകളും കിട്ടും. സാമ്പിൾ പരിശോധനകളിലും മറ്റും പുതു സാങ്കേതികത ഉപയോഗിക്കുന്നുണ്ടെങ്കിലും മൃതദേഹം തുറന്നുള്ള പരിശോധനാ രീതിയിൽ പുതിയ കാലത്തും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഉളിയും ചുറ്റികയും ഉപയോഗിച്ച് തലയോട്ടി പൊട്ടിക്കുന്നതിന് പകരം 'ഓട്ടോപ്‌സി സോ' എന്ന ഉപകരണം ഉപയോഗിക്കുന്നുവെന്നത് മാത്രമാണ് ഇതിലെ പുതുമ.
ആധുനിക സാങ്കേതിക വിദ്യയുടെ ലക്ഷ്യം മനുഷ്യജീവിതം കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ്. മരിച്ചവരോടുള്ള ആദരവും ജീവനുള്ളവരുടെ നീതിയും അവകാശവും ഒരുപോലെ സംരക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് വിർച്വൽ ഓട്ടോപ്‌സി. മൃതദേഹത്തെ മുറിവേൽപ്പിക്കാതെ മരണകാരണം കണ്ടെത്താൻ കഴിയുന്ന ഈ സാങ്കേതികവിദ്യ, ഫോറൻസിക് ശാസ്ത്രത്തിന്റെ ഭാവിയെ മാറ്റിമറിച്ചേക്കും. കേരളം ഈ രംഗത്ത് മുന്നോട്ട് പോകുമ്പോൾ, അത് ഒരു സാങ്കേതിക നവീകരണം മാത്രമല്ല; മരണാനന്തര നടപടികളിൽ കൂടുതൽ മാനുഷികത കൊണ്ടുവരാനുള്ള ഒരു സാമൂഹിക മുന്നേറ്റം കൂടിയായിരിക്കും.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
