ഒട്ടേറെ വിചിത്രമായ കാര്യങ്ങളുമായി വീണ്ടും ലാവ്‌ലിൻ കേസ്

MAY 15, 2025, 1:22 AM

ഒട്ടേറെ വിചിത്രമായ കാര്യങ്ങളാണ് ലാവ്‌ലിൻ കേസിൽ സംഭവിച്ചത്. വിജിലൻസിന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിതമായ ഒരു നടപടി ഒരിക്കലുണ്ടായി. സർക്കാരിനോട്  അഭിപ്രായം ചോദിക്കാതെ വൈദ്യുതിബോർഡിന്റെ മൂന്ന് മുൻചെയർമാൻമാരും എസ്.എൻ.സി. ലാവ്‌ലിൻ വൈസ് പ്രസിഡന്റുമടക്കം എട്ടു പേരെ പ്രതികളാക്കി കോടതിയിൽ പ്രഥമവിവര റിപ്പോർട്ട് ഫയൽ ചെയ്തു.  വാസ്തവത്തിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ സർക്കാർ ഒരു തീരുമാനം പോലും എടുക്കുംമുമ്പേയാണ് ഇങ്ങനെയൊരു നടപടി വന്നത്. അത് ന്യായമായ കാര്യമല്ലെന്നു ഉമ്മൻചാണ്ടി സഹപ്രവർത്തകരോട് പറയുകയും ചെയ്തു. പക്ഷേ എന്തു ഫലം...!

ഉമ്മൻചാണ്ടി കേരള മുഖ്യമന്ത്രി എന്ന നിലയിൽ വേൾഡ് എക്കണോമിക് ഫോറത്തിന്റെ യോഗത്തിൽ പങ്കെടുക്കാൻ സിറ്റ്‌സർലന്റിലെ ദാവോസിലേക്ക് യാത്ര തിരിച്ചു. ലോക സാമ്പത്തിക സമൂഹത്തിന് മുന്നിൽ കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉയർത്തി കാണിക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രിൻസിപ്പൽ സെക്രട്ടറി ദിനേശ് ശർമ്മയും, ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനും  അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു ആ യാത്രയിൽ. ചെരുപ്പിനോട് ഒന്നും അത്ര ഭ്രമമില്ലാത്ത ഉമ്മൻചാണ്ടി ഒരു പഴകിയ ഷൂസ് ആണ് ആ യാത്രയിൽ ഉപയോഗിച്ചത്.

ദാവോസിൽ അപ്പോൾ കടുത്ത മഞ്ഞും തണുപ്പും ആയിരുന്നു. തറയിൽ ഉറഞ്ഞു കിടന്ന മഞ്ഞിലൂടെ നടക്കുമ്പോൾ ഉപയോഗിക്കേണ്ട ഷൂസ് അല്ല ഉമ്മൻചാണ്ടി ഉപയോഗിച്ചിരുന്നത്. അസഹ്യമായ തണുപ്പ് എങ്ങനെയോ ഉമ്മൻചാണ്ടി തെന്നി വീണു. വെള്ളിയാഴ്ച രാത്രി ആയിരുന്നു സംഭവം. ആ രാത്രി സൗദി അറേബ്യയിലെ വ്യവസായികൾ ഒരുക്കിയ ഡിന്നറിൽ പങ്കെടുക്കാൻ ഹോട്ടലിലേക്ക് പോകുമ്പോഴാണ് മഞ്ഞിൽ തെന്നി വീണ് ഇടുപ്പെല്ലിന് പരിക്കുപറ്റിയത്. ശസ്ത്രക്രിയ വേണ്ടിവന്നു. അതിനുശേഷം ഒരു കാലിന് അര സെന്റീമീറ്റർ നീളക്കുറവ് സംഭവിച്ചു. നടപ്പിന്റെ രീതിതന്നെ മാറിപ്പോയി. കുറച്ചു നാൾ വാക്കരും ക്രച്ചസുമൊക്കെ ഉപയോഗിക്കേണ്ടി വന്നു.

vachakam
vachakam
vachakam

അതിനിടയിൽ വീണ്ടും ലാവ്‌ലിൻ കേസ് പൊങ്ങിവന്നു. 2006 ഫെബ്രുവരി 13ന് ആ കേസിന്റെ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തെത്തി. ഫെബ്രുവരി 21വരെയായിരുന്നു നിയമസഭയുടെ ബജറ്റ് സമ്മേളനം. പൂർണ്ണ വിശ്രമം ഡോക്ടർമാർ ആവശ്യപ്പട്ടിരുന്നതിനാൽ ഉമ്മൻചാണ്ടി അവസാന ദിവസം മാത്രമേ നിയമസഭയിൽ എത്തിയുള്ളു. ആ സമ്മേളനത്തിന് ഒരു പ്രത്യേകതകൂടി ഉണ്ടായിരുന്നു 11-ാം സഭയുടെ ഒടുവിലത്തെ ഒത്തുചേരലായിരുന്നു അത്.


ലാവലിൻ സംബന്ധിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഫെബ്രുവരി രണ്ടാംവാരത്തിൽ സർക്കാരിന്റെ മുന്നിലെത്തിയിരുന്നു. അതിലാകട്ടെ പിണറായി വിജയന്റെ പേര് ഒരിടത്തും ഉണ്ടായിരുന്നില്ല. റിപ്പോർട്ട് ഉമ്മൻചാണ്ടി സർക്കാർ നിയമോപദേശത്തിനായി വിട്ടു. അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം ആണിനി അറിയേണ്ടത്.

vachakam
vachakam
vachakam

അങ്ങിനെയിരിക്കെ ഫെബ്രുവരി 16ന് മാതൃഭൂമി പത്രം അതിന്റെ ഒന്നാം പേജിൽ തന്നെ രാഷ്ട്രീയാന്തരീക്ഷം ചൂടുപിടിപ്പിക്കുന്നൊരു വാർത്ത പ്രത്യക്ഷപ്പെട്ടു. അതേ,'വാർത്താവലോകനം' പേരിൽ 'ഹം സബ് ചോർ ഹെ' (ഞങ്ങളെല്ലാം കള്ളന്മാരാണ്) എന്ന തലവാചകത്തിൽ ആയിരുന്നു ലേഖനം. ഉമ്മൻചാണ്ടി സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ളതായിരുന്നു അത്. സത്യം കണ്ടുപിടിക്കാൻ മുൻകൈ എടുക്കേണ്ട യു.ഡി.എഫ് സർക്കാരിന് അതിൽ തെല്ലും താത്പര്യമില്ലെന്ന് ലേഖനം കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.

കേവലം വിജിലൻസ് അന്വേഷണംകൊണ്ടു മാത്രം ഒരു കാര്യവുമില്ല. ഇടപാടുകൾ ചിലതു നടന്നത് ഇന്ത്യയ്ക്കു പുറത്താണ്. ഇതിൽ ഉൾപ്പെട്ടിട്ടുള്ളവർ പലരും താമസിക്കുന്നത് വിദേശത്താണ്. സംസ്ഥാന വിജിലൻസിന് ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുക എളുപ്പമല്ല. സത്യം കണ്ടെത്താൻ പ്രശ്‌നം സി.ബി.ഐയുടെ പരിഗണനയ്ക്കു വിടുകയാണ് വേണ്ടത് എന്നു മാതൃഭൂമി വ്യക്തമായി എഴുതിയിരുന്നു.

ലാവ്‌ലിൻ ഇടപാടിന് ഉത്തരവാദപ്പെട്ടവരെ യു.ഡി.എഫ്. എല്ലാവിധ സംരക്ഷണവും നൽകി രക്ഷിക്കുകയാണെന്ന തോന്നലാണ് ലേഖനം വായിച്ചാൽ ആർക്കും തോന്നുന്ന കാര്യം. അതു മാത്രമല്ല, ലാവ്‌ലിൻ നിയമസഭയിൽ ചർച്ച ചെയ്യാതിരുന്നത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളിയായിട്ടേ തോന്നുകയുള്ളു.

vachakam
vachakam
vachakam

ഫെബ്രുവരി 28ന് വിജിലൻസിന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിതമായ ഒരു നടപടിയുണ്ടായി. സർക്കാരിനെ അറിയിക്കുകയോ അഭിപ്രായം ചോദിക്കുകയോ ചെയ്യാതെ വൈദ്യുതിബോർഡിന്റെ മൂന്ന് മുൻചെയർമാൻമാരും എസ്.എൻ.സി. ലാവ്‌ലിൻ വൈസ് പ്രസിഡന്റുമടക്കം എട്ടു പേരെ പ്രതികളാക്കി കോടതിയിൽ പ്രഥമവിവര റിപ്പോർട്ടും ഫയൽ ചെയ്തിരിക്കുന്നു. വാസ്തവത്തിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ സർക്കാർ ഒരു തീരുമാനം പോലും എടുക്കുംമുമ്പേയാണ് ഇങ്ങനെയൊരു നടപടി വന്നത്. അത് ന്യായമായ കാര്യമല്ലെന്നു ഉമ്മൻചാണ്ടി സഹപ്രവർത്തകരോട് പറയുകയും ചെയ്തു. പക്ഷേ എന്തു ഫലം...!

അടുത്ത ദിവസം ചേർന്ന മന്ത്രിസഭായോഗത്തിൽ വാർത്ത വന്ന പത്രവുമായാണ് പലരും എത്തിയത്. വിഷയം കാര്യഗൗരവത്തോടെ തന്നെ ചർച്ച ചെയ്തു. വിജിലൻസിന്റെ ഈ നടപടി തീർച്ചയായും പൊതുജനത്തിന്റെ ഇടയിൽ വിശ്വാസക്കുറവും സംശയവും ഉണ്ടാക്കുമെന്നകാര്യത്തിൽ സംശയമില്ല. അങ്ങിനെ വരുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് യു.ഡി.എഫ് ആണ്. അങ്ങിനെ നിന്നുകൊടുക്കേണ്ട കാര്യമെന്തിരിക്കുന്നു..? ചർച്ച ചൂടുപിടിച്ചതോടെ ലാവ്‌ലിൻ കേസ് സി.ബി.ഐ അന്വേഷിക്കട്ടെ എന്ന തീരുമാനത്തിലെത്തി. മാത്രമല്ല, വിജിലൻസ് ഡയറക്ടറായിരുന്ന ഉപേന്ദ്രവർമ്മയെ തൽസ്ഥാനത്തുനിന്നും മാറ്റാനും മന്ത്രിസഭ തീരുമാനിച്ചു. 

സത്യത്തിൽ അത് യു.ഡി.എഫുമായി ആലോചിച്ചെടുത്ത തീരമാനമായിരുന്നില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉമ്മൻചാണ്ടി മന്ത്രിസഭ എടുത്ത നടപടിയായിരുന്നു. ജനാധിപത്യം എന്നതുതന്നെ ഒരു വിശ്വാസത്തിന്റെ പുറത്തുള്ളതാണല്ലോ..! അത് നഷ്ടപ്പട്ടാൽ എല്ലാം തീരുമല്ലെ, അതിനാൽ ഉമ്മൻ ചാണ്ടിയും കൂട്ടരും എടുത്ത തന്ത്രമായിരുന്നു അത്. എന്തായാലും ലാവ്‌ലിൻ കേസ് സി.ബി.ഐക്കു വിട്ട അതേ ദിവസം തന്നെ കേരളത്തിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. 

വിചിത്രമെന്നു പറയട്ടെ, കേന്ദ്രം അന്നു ഭരിക്കുന്നത് കോൺഗ്രസ് പങ്കാളത്തമുള്ള യു.പി.എ സർക്കാരാണ്. എന്നിട്ടും ലാവ്‌ലിൻ കേസ് സി.ബി.ഐയ്ക്ക് വിടേണ്ട എന്നാണ് ആദ്യം തീരുമാനിച്ചത്. തുടർന്ന് ഹൈക്കോടതിൽ സമർപ്പിച്ച ഒരു സ്വകാര്യ ഹർജിയുടെ പുറത്താണ് സി.ബി.ഐ അന്വേഷണത്തിന് നടപടിയായത്.

(തുടരും)

ജോഷി ജോർജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam