ജപ്പാനും ചൈനയും തായ്വാനുമൊക്കെ ഒരു പുതിയ പ്രവചനത്തില്‍പ്പെട്ട് ഞെട്ടിയിരിക്കുകയാണ്. ഒരു ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റിന്റെ പ്രവചനമാണ് ഇവരെ ഞെട്ടിച്ചിരിക്കുന്നത്. ജാപ്പനീസ് ബാബാ വാംഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനമാണ് മേഖലയിലാകെ ഭീതിയും ആശയക്കുഴപ്പവുമുണ്ടാക്കിയിരിക്കുന്നത്.
ഈ വര്‍ഷം ജൂലൈ 5ന് വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്നാണ് റിയൊ തത്സുകിയുടെ പ്രവചനം. ഇതിന് പിന്നാലെ വിനോദ സഞ്ചാരികള്‍ വന്‍തോതില്‍ യാത്രകള്‍ റദ്ദാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആരാണ് ഈ പുതിയ ബാബ വാംഗ?
ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് റിയൊ തത്സുകി ഇത്തരം പ്രവചനങ്ങള്‍ നടത്തുന്നത്. റിയോ തത്സുകിയുടെ ബുക്കിലുള്ള ഒരു പ്രവചനം ഇങ്ങനെയാണ്, ജപ്പാനും ഫിലിപ്പീന്‍സിനും ഇടയില്‍ കടല്‍ തിളച്ചുമറിയും. ഇത് 2025 ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18 സംഭവിക്കുമെന്നാണ് ബുക്കിലുള്ളത്. ഇതിനെ പലതരത്തിലാണ് ആളുകള്‍ വ്യാഖ്യാനിക്കുന്നത്. സമുദ്രത്തിനടിയില്‍ ഭൗമാന്തര്‍ഭാഗത്തുനിന്നുള്ള ലാവ പുറത്തേക്ക് വരുന്നതിനെപ്പറ്റിയാകാമെന്ന് ചിലര്‍ പറയുമ്പോള്‍ അതല്ല അതൊരു വലിയ ഭൂകമ്പത്തിന്റെ സൂചനയാകാമെന്നാണ് ചിലര്‍ വാദിക്കുന്നത്. കടല്‍ തിളച്ചുമറിയണമെങ്കില്‍ അതൊരു വലിയ ഭൂകമ്പവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സുനാമിയുടേയും സൂചനയാണെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു.
കോവിഡ് വ്യാപനവും 2011 ലെ സുനാമിയുമൊക്കെ നേരത്തെ തത്സുകി പ്രവചിച്ചിട്ടുണ്ട് എന്നാണ് ആരാധകരുടെ വാദം. 2011 ലെ ഭൂകമ്പവും അതേതുടര്‍ന്നുണ്ടായ സുനാമിയും ഇവരുടെ കൃതിയുടെ കവര്‍ പേജില്‍ തന്നെ രേഖപ്പെടുത്തിയിരുന്നു. അതില്‍ പറയുന്ന ദിവസം തന്നെയാണ് അതില്‍ വിശദീകരിച്ചത് പോലെ ദുരന്തമുണ്ടായത്. ഇത് സത്യത്തില്‍ പ്രിന്റ് ചെയ്തത് 1999 ലായിരുന്നു. 2011 ലെ ദുരന്തത്തിന് പിന്നാലെ ഈ കൃതി വളരെ വേഗം ജപ്പാനില്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞുതുടങ്ങി.
തുത്സുകി കാണുന്ന സ്വപ്നങ്ങളെ ആസ്പദമാക്കിയാണ് 1999ല്‍ ഇവര്‍ തന്റെ കൃതി പുറത്തിറക്കിയത്. ഇതില്‍ അവര്‍ പലപ്പോഴായി കണ്ട സ്വപ്നങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. അതിന്റെ കവര്‍ പേജിലായിരുന്നു 2011ലെ ദുരന്തത്തേപ്പറ്റി പറഞ്ഞിരുന്നത്. ഈ കൃതിയില്‍ ആകെ 15 സ്വപ്നങ്ങളേപ്പറ്റിയാണ് പറയുന്നത്. അതില്‍ 13 എണ്ണം ഇതുവരെ സത്യമായതായി ഇതിന്റെ ആരാധകര്‍ വാദിക്കുന്നു.
യാത്രകള്‍ റദ്ദാക്കപ്പെടുന്നു
പ്രവചനം വൈറലായതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇന്റര്‍നെറ്റിലാകെ ജുലൈ 5 ഡിസാസ്റ്റര്‍, റിയോ തത്സുകി പ്രവചനം തുടങ്ങിയ ഹാഷ്ടാഗുകള്‍ നിറഞ്ഞു. ആളുകള്‍ ഭയചകിതരായി. ചൈന, ജപ്പാന്‍, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന ആ ദിവസങ്ങളിലെ വിനോദ സഞ്ചാര യാത്രകള്‍ 80 ശതമാനത്തോളവും റദ്ദായെന്നാണ് റിപ്പോര്‍ട്ട്.
ജപ്പാന്റെ അഭ്യര്‍ത്ഥന
തുത്സുകിയുടെ പ്രവചനം വിശ്വസിക്കരുതെന്ന് ജാപ്പനീസ് അധികൃതര്‍ പറയുന്നു. ഇത്തരമൊരു പ്രവചനത്തിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും അവര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലെ ഈ കിംവദന്തികള്‍ കാരണം ആളുകള്‍ ജപ്പാന്‍ സന്ദര്‍ശിക്കുന്നത് നിര്‍ത്തുകയാണെങ്കില്‍ അത് ഒരു വലിയ പ്രശ്നമായിരിക്കും. വിഷമിക്കേണ്ട കാര്യമില്ല, ജാപ്പനീസ് ആളുകള്‍ ഓടിയൊളിക്കാന്‍ പോകുന്നില്ല. ആളുകള്‍ ഈ കിംവദന്തികള്‍ അവഗണിക്കുകയും സന്ദര്‍ശിക്കാന്‍ വരികയും ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി മിയാഗി പ്രിഫെക്ചറിന്റെ ഗവര്‍ണറായ യോഷിഹിരോ മുറായി പറഞ്ഞു,
അതേസമയം, ജപ്പാനിലെ ഉദ്യോഗസ്ഥര്‍ക്ക് യഥാര്‍ത്ഥ ഭൂകമ്പ സാധ്യതകളെക്കുറിച്ച് ആശങ്കയുണ്ട്, പക്ഷേ അവ തത്സുകിയുടെ പ്രവചനത്തില്‍ നിന്ന് വ്യത്യസ്തമാണ്. ജപ്പാന്റെ പസഫിക് തീരത്ത് ഒരു വലിയ ഭൂകമ്പം സംഭവിക്കാമെന്നും അങ്ങനെ സംഭവിച്ചാല്‍ 2,98,000 പേര്‍ വരെ മരിക്കാമെന്നും ഏപ്രിലില്‍ സര്‍ക്കാര്‍ സംഘം വ്യക്തമാക്കിയിരുന്നു.
'റിംഗ് ഓഫ് ഫയര്‍' എന്നറിയപ്പെടുന്ന ഒരു പ്രദേശത്താണ് ജപ്പാന്‍ സ്ഥിതി ചെയ്യുന്നത്, ഇത് പസഫിക് സമുദ്രത്തിന്റെ ഭാഗമാണ്, അവിടെ നിരവധി ഭൂകമ്പങ്ങളും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും സംഭവിക്കുന്നു. എന്നാല്‍ ഭൂകമ്പം എപ്പോള്‍ അല്ലെങ്കില്‍ എവിടെ സംഭവിക്കുമെന്ന് ആര്‍ക്കും കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1