'ചക്രവേഗ' മില്ലാതെ എങ്ങനെ ഫയലുകൾ നീങ്ങും?

JULY 2, 2025, 10:23 AM

എന്തുകൊണ്ടാണ് സർക്കാർ ഫയലുകൾ നീങ്ങാത്തത്? കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം 3,18,441 ആണെന്ന് വാർത്തയിൽ കണ്ടു. വകുപ്പ് തിരിച്ചുള്ള കണക്കിൽ തദ്ദേശവകുപ്പാണ് നമ്പർ വൺ. എക്‌സൈസ് വകുപ്പിന്റെ ചുമതല കൂടിയുള്ള എം.ബി.രാജേഷ് ആ വകുപ്പിൽ ഫയലുകൾ നീങ്ങാൻ ജാഗ്രത കാണിക്കുന്നുണ്ട്. പക്ഷെ, പഞ്ചായത്ത് വകുപ്പിൽ ഫയലുകൾക്ക് ഒട്ടും വേഗതയില്ലെന്നാണ് പത്ര റിപ്പോർട്ട്. 

സെക്രട്ടറിയേറ്റിൽ ജീവനക്കാരായുള്ളത് അയ്യായിരത്തോളം പേരാണ്. ഇവരിൽ 3500ൽ ഏറെ പേരും ഇടതു സംഘടനകളിൽ പെട്ടവരാണ്. ഈ സർക്കാരിനുവേണ്ടി ഏത് ത്യാഗവും അനുഷ്ഠിക്കാൻ സാന്നദ്ധതയുള്ള ജോലിക്കാർ ഉണ്ടായിട്ടും ഫയലുകൾ എന്തുകൊണ്ട് നീങ്ങുന്നില്ലെന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്.

ജോർജ് കുട്ടി C/o ജോർജ് കുട്ടി തന്നെ

vachakam
vachakam
vachakam

ഫയലുകൾ നീങ്ങാൻ രണ്ട് കാര്യങ്ങൾ വേണം. ഒന്നാമതായി മിക്ക ഫയലുകളിലും ഉള്ളത്, നാട്ടു ഭാഷയിൽ പറഞ്ഞാൽ 'ജോർജ് കുട്ടി' യുടെ പ്രശ്‌നമാണ്. അതായത് സർക്കാരിന്റെ കൈവശം പണമുണ്ടെങ്കിൽ, ഫയലുകൾ പറപറക്കുമെന്ന് ചുരുക്കം. ധനവകുപ്പാണ് 'കാശ്' സംബന്ധിച്ച കേസുകളിൽ അവസാന തീരുമാനമെടുക്കേണ്ടത്. പക്ഷെ, ഖജനാവിൽ നിന്ന് പണം ചെലവഴിക്കാനുള്ള 'മുൻഗണന' നിശ്ചയിക്കുന്നത് ധനവകുപ്പിന് പുറത്താണ്. മാത്രമല്ല, മുഖ്യമന്ത്രിയുടെ 'ഗുഡ് ബുക്കി'ലുള്ളവരാണ് ധനവകുപ്പിലെ കാര്യങ്ങൾ നിശ്ചയിക്കുന്നതെന്ന് സംസാരമുണ്ട്. അങ്ങനെ വരുമ്പോൾ പണച്ചെലവുള്ള ഫയലുകൾ തൊടാൻ ഉദ്യോഗസ്ഥർ മടിക്കും.

രണ്ടാമത്തെ പ്രശ്‌നം ഫയൽനീക്കങ്ങളിൽ പാർട്ടിയും കൈക്കൂലിയും പിടിമുറുക്കുന്നതാണ്. വനംവകുപ്പിൽ 2 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് പ്രത്യേക സ്ഥലത്തേയ്ക്കുള്ള റേഞ്ച് ഓഫീസർ നിയമനത്തിനായി കൈക്കൂലിയായി നൽകിവരുന്നതെന്ന് അതേ വകുപ്പിൽ തന്നെ കുശുകുശൂക്കലുണ്ട്. ഫയൽ കുടിശ്ശികയിൽ രണ്ടാം സ്ഥാനത്തുള്ള പൊതു വിദ്യാഭ്യാസ വകുപ്പിൽ കൈക്കൂലിയില്ലെന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്.

എക്‌സൈസ് വകുപ്പിൽ ഫയൽ കെട്ടിക്കിടക്കാത്തത് 'വേണ്ടപ്പെട്ടവർക്ക് വേണ്ടതിലേറെ' നൽകിയിട്ടാണോ എന്നാണ് പലരുടെയും സംശയം. ഏതായാലും ഫയലുകളിൽ അതിവേഗം നീങ്ങാൻ പത്മനാഭസ്വാമി വക 'ചക്രത്തിന്റെ' വേഗം വേണ്ടിവരുമെന്നത് തീർച്ച. പഴയ 'ചക്രം' ഇപ്പോൾ രാഷ്ട്രപിതാവിന്റെ ചിത്രാങ്കിത ചക്രമായെന്നു മാത്രം പറഞ്ഞാൽ മതി. 

vachakam
vachakam
vachakam

തിരുത്താൻ വന്നാൽ തകർക്കും!

തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾപ്പെടെ ഇപ്പോൾ കേരളത്തിലുള്ളത് 14 മെഡിക്കൽ കോളജുകളാണ്. പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭിക്കാൻ കൂടുതൽ മെഡിക്കൽ കോളജുകൾ വേണമെന്ന് 2016, 2021 വർഷങ്ങളിലെ പ്രകടനപത്രികകളിൽ തന്നെ ഇടതുമുന്നണി എഴുതിവച്ചിട്ടുള്ളതാണ്. 19-ാം നൂറ്റാണ്ടിൽ തന്നെ ധർമ്മാശുപത്രികൾ നടത്തിവന്ന ഒരു സംസ്ഥാനമാണിത്. എന്നാൽ ഇന്ന് പൊതുജനാരോഗ്യത്തിനായി സംസ്ഥാനം നീക്കിവയ്ക്കുന്നത് 30-32 ശതമാന നിരക്കിലുള്ള പണം മാത്രമാണ്. തമിഴ്‌നാട് (52%), ഛത്തീസ് ഗഢ് (60%), കർണാടക (43%), മധ്യപ്രദേശ് (52%), ഒറീസ (53%), ഹിമാചൽ പ്രദേശ് (57%) എന്നിങ്ങനെ ആരോഗ്യ രംഗത്ത് പണം ചെലവഴിക്കുമ്പോൾ കേരളം എന്തുകൊണ്ട് ഈ മേഖലയിലെ സാമ്പത്തിക വിഹിതം കുറച്ചുകൊണ്ടുവരുന്നുവെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ:

സ്വകാര്യവത്ക്കരണം. വെറും 40,000 രൂപ മാത്രം വിലയുള്ള ഉപകരണം തിരുവനന്തപുരം മെഡിക്കൽ കോളേജിനായി വാങ്ങാൻ ഒരു വർഷം മുമ്പ് മന്ത്രിക്കു മുമ്പിൽ അപേക്ഷ സമർപ്പിച്ചു നടക്കാതെ വന്നപ്പോൾ തന്റെ 'നിസ്സഹായാവസ്ഥ' ഫേസ് ബുക്കിൽ കുറിച്ച ഇടതു യാത്രികനായ ഡോ.ഹാരിസിനെതിരെ ഇന്നലെ (ചൊവ്വ) കണ്ണൂരിൽ വച്ച് മുഖ്യമന്ത്രി പ്രതികരിച്ചതോടെ പാർട്ടി സെക്രട്ടറി മുതൽ മന്ത്രിമാർ വരെ ഹാരിസിനെ കുറ്റപ്പെടുത്തി രംഗത്തു വന്നത് യാദൃശ്ചികമാണെന്നു പറയാനാവില്ല. ആരോഗ്യ രംഗത്തെ തിരുത്താനല്ല തകർക്കാനാണ് ആ 'പഞ്ചപാവം' ഡോക്ടർ ശ്രമിക്കുന്നതെന്നും, അദ്ദേഹത്തിന് വ്യക്തിപരമായ താത്പര്യങ്ങൾ ഉണ്ടാകാമെന്നും മന്ത്രിമാർ വരെ ഡയലോഗടിച്ചു.

vachakam
vachakam
vachakam

മന്ത്രി വീണയാകട്ടെ ഡോ.ഹാരിസ് കൈക്കൂലിക്കാരനല്ലെന്ന് പറഞ്ഞത് പാർട്ടിക്കാർ പോലും ഇപ്പോൾ മുഖവിലയ്‌ക്കെടുക്കാത്ത സ്ഥിതിയാണ് ഇന്ന്. ഹാരിസിനെതിരെ നടപടിയുണ്ടായാൽ, അദ്ദേഹം കൂടി അംഗമായ ഡോക്ടർമാരുടെ ഇടതുസംഘടന എത്ര നാൾ ഹാരിസിന് സംരക്ഷണം നൽകും?

വേട്ടക്കാരന് കിരീടവും ചെങ്കോലും

24X 7 ശൈലിയിൽ പ്രവർത്തിക്കേണ്ട ഒരു ചികിത്സാലയ സമുച്ചയമെന്ന രീതിയിൽ മെഡിക്കൽ കോളേജിനെ ഇതേവരെ നമ്മുടെ ഭരണാധികാരികൾ കണ്ടിട്ടുണ്ടോയെന്ന് സംശയിക്കണം. ഐ.സി.യു.വിൽ വച്ച് രോഗിയായ സ്ത്രീയെ  മാനഭംഗപ്പെടുത്തിയത് സി.പി.ഐക്കാരുടെ യൂണിയനിൽ പെട്ട ഒരു മഹാനായിരുന്നു. ആ കേസ് സംബന്ധിച്ച് ആരോഗ്യവകുപ്പ് സ്വീകരിച്ച കർശന നടപടി അതിജീവിതയ്‌ക്കൊപ്പം നിന്ന ഒരു വനിതാ ജോലിക്കാരിയെ സ്ഥലം മാറ്റിയതാണ്. മാധ്യമ വാർത്തകളെ തുടർന്ന് ആദ്യം സ്ഥലം മാറ്റം റദ്ദാക്കിയെങ്കിലും ഇപ്പോൾ അവർ ഇടുക്കിയിലാണ് സേവനമനുഷ്ഠിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെ 4 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിലും എന്തോ 'ഫൗൾ' മണക്കുന്നുണ്ട്. പിരിച്ചു വിട്ടവരോടൊപ്പം എത്ര ജീവനക്കാർ ഐക്യദാർഢ്യം പ്രകടിപ്പിക്കുമോ ആവോ?

മനുഷ്യത്വമുണ്ടായാൽ 'പണി' കിട്ടും

സർക്കാർ ആശുപത്രി ജീവനക്കാരിൽ 'മനുഷ്യപ്പറ്റ്' അന്യമാകുകയാണോയെന്ന് സംശയിക്കണം. ഡോ.ഹാരിസ് പറഞ്ഞത് ഒരു 'പ്രൊഫഷണൽ സൂയിസൈഡ്' ഒഴിവാക്കാൻ വേണ്ടിയായിരുന്നു തന്റെ ഫേസ്ബുക്ക് കുറിപ്പെന്നാണ്. ഒരു ചികിത്സയും ഫലിക്കുന്നില്ലെങ്കിൽ 'കാളൻ നെല്ലായി' എന്നൊരു അടിപൊളി പരസ്യവാചകം പഴയ തലമുറയ്ക്ക് ഓർമ്മയുണ്ടാകും. അതുപോലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിനെ രോഗികൾ കാണുന്നത്.

പൊതുജനങ്ങൾക്കുള്ള ഏറ്റവും ഒടുവിലത്തെ റഫറൽ ആശുപത്രിയാണിത്. പ്രിൻസിപ്പാളും സുപ്രണ്ടുമാണ് ഇവിടെയുള്ള മേലാളന്മാർ. 1965ലെ സ്റ്റാഫ് പാറ്റേണിലാണ് ഇപ്പോഴും മെഡിക്കൽ കോളജിൽ നിയമനം നടക്കുന്നത് കഴിഞ്ഞ ഒരു വർഷമായി ഡോക്ടർമാരുടെ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയിട്ടില്ല. ചുരുക്കത്തിൽ കൈക്കൂലി വാങ്ങിക്കാതെ ജനത്തെ സേവിക്കാൻ കഴിയില്ലെന്ന അവസ്ഥയാണ് ഇന്നുള്ളത്. 

സി.എ.ജി യോ പോകാൻ പറ!

സർക്കാരിന്റെ ആരോഗ്യമേഖലയെക്കുറിച്ചുള്ള സി.എ.ജി.യുടെ റിപ്പോർട്ട് എന്തുകൊണ്ടോ ചർച്ച ചെയ്യപ്പെടാതെ പോകുന്നതായി ചാനൽ ചർച്ചയിൽ കേട്ടു. മരുന്ന് കിട്ടാതെ രോഗികൾ തിരിച്ചു പോയ 62000 കേസുകളുണ്ടായെന്ന് സി.എ.ജി. റിപ്പോർട്ടിന്റെ 3,4 അധ്യായങ്ങളിൽ പറഞ്ഞിട്ടുണ്ട്. 26 ആശുപത്രികളിലെങ്കിലും സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ രോഗികൾക്ക് നൽകിയെന്നും ഇതേ റിപ്പോർട്ടിലുണ്ട്. ആശുപത്രികളിൽ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റുകളുടെ പരിപാലനം ഒറ്റ ഏജൻസിക്കായി നൽകുന്ന സർക്കാർ തീരുമാനം അഭിനന്ദനീയമാണെങ്കിലും തിരുവനന്തപുരത്ത് ഒരു സ്ത്രീ ലിഫ്റ്റിൽ കുടുങ്ങി മരിക്കാനും, ഒരാൾ രണ്ട് ദിവസം ലിഫ്റ്റിൽ പെട്ടു പോകാനും ഇടയാക്കിയിട്ടു വേണമായിരുന്നോ ഈ നടപടി? പത്തനംതിട്ടയിൽ മുളകളിൽ തുണി വിരിച്ചുകെട്ടി രോഗികളെ മുകൾ നിലകളിലേക്കു കൊണ്ടു  പോകുന്ന ചിത്രവും പത്രങ്ങളിൽ കണ്ടത് മറക്കുന്നില്ല. 

നമ്മുടെ സർക്കാർ ആശുപത്രികളിലെ ശുചിത്വത്തെക്കുറിച്ച് കുടുതൽ പറയുന്നില്ല. നിലമ്പൂരിലെ സർക്കാർ ആശുപത്രികളിലെ പ്രസവ വാർഡിൽ കെട്ടിക്കിടക്കുന്ന 'മനുഷ്യ വിസർജ്യ' ത്തെക്കുറിച്ച് നാം പത്രത്തിൽ വായിക്കുമ്പോൾ പോലും മൂക്കു പൊത്തിപ്പോകുന്ന സ്ഥിതിയാണുള്ളത്. രോഗികളുടെ എണ്ണം കൂടുമ്പോൾ അതനുസരിച്ച് ആശുപത്രി വാർഡുകളുടെ ശുചീകരണവും കൃത്യമായി നടക്കേണ്ടതുണ്ട്. ഉദാഹരണം പറയാം: ഒരു വർഷം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിവർഷ കണക്കിലുള്ളത് മൂന്നര ലക്ഷം രോഗികളായിരുന്നു. ഇപ്പോൾ അത് 61/2 ലക്ഷം രോഗികളാണ്. ഇതനുസരിച്ചുള്ള മാറ്റം ജോലിക്കാരുടെ എണ്ണത്തിലും ഉണ്ടാവേണ്ടതാണ്.

ഇപ്പോൾ 441 ഡോക്ടർമാരും 22 ഡിപ്പാർട്ടുമെന്റുകളുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികളുടെ എണ്ണം വർദ്ധിച്ചതിനനുസരിച്ച് സൗകര്യങ്ങൾ കൂട്ടിയിട്ടില്ല. മെഡിക്കൽ കോളേജുകൾക്ക് സ്വയം ഭരണാവകാശം നൽകണമെന്ന് ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിൽ തന്നെയുള്ള നിർദ്ദേശമാണ്. പക്ഷെ, ഇപ്പോൾ ആശുപത്രി വികസന സമിതിയെന്ന പേരിലുള്ളവരുടെ ഭരണമാണ് അവിടെയുള്ളത്. ആരോഗ്യവകുപ്പ് പോലും ഭരിക്കുന്ന ഒരു ഉന്നതോദ്യോഗസ്ഥന്റെ പേര് ചാനൽ ചർച്ചക്കാർ പറയുകയുണ്ടായി. ഡോക്ടർമാരുടെ സ്ഥലം മാറ്റത്തിനും  മറ്റും 'തുട്ട്' വാങ്ങുന്ന ദല്ലാളുമാരുടെ ലോബിയും സെക്രട്ടറിയേറ്റിലുണ്ട്. ഈ സിസ്റ്റത്തെക്കുറിച്ചാണ് ആരോഗ്യവകുപ്പ് മന്ത്രി സൂചിപ്പിച്ചത്. പക്ഷെ മന്ത്രി ഉൾപ്പെടെയുള്ളവരാണ് ഈ 'സിസ്റ്റ' ത്തിലുള്ളതെന്ന് മന്ത്രിയെങ്കിലും മറക്കരുതായിരുന്നു. 

ആരോഗ്യ പരിപാലനം അവകാശമല്ലേ?

പൊതുജനങ്ങളുടെ ആരോഗ്യപരിപാലനം അവകാശമെന്ന നിലയിൽ നിയമം വഴി ഉറപ്പാക്കിയ സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്. രാജസ്ഥാനും ആസ്സാമുമെല്ലാം ഈ പട്ടികയിൽ ഉൾപ്പെട്ടു കഴിഞ്ഞു. തമിഴ്‌നാടും ആ വഴിക്കുള്ള നിയമനടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. ജനങ്ങളുടെ മദ്യപാനശീലം പ്രശ്‌നമുണ്ടാക്കിത്തുടങ്ങിയതോടെ തമിഴ്‌നാട്ടിൽ 500 ബാറുകളാണ് സ്റ്റാലിൻ ഭരണകൂടം കഴിഞ്ഞ മാസം അടച്ചത്.

ജനങ്ങളുടെ 'പൾസ്' അറിയാവുന്ന ഭരണകൂടങ്ങൾ ഇത്തരം നടപടികൾ സ്വീകരിക്കാൻ മടിക്കാറില്ല. നമ്മുടെ സർക്കാർ തമിഴ്‌നാടിന്റെ നല്ല നടപടികൾ  അനുകരിച്ചു തുടങ്ങുന്നല്ലേ രാഷ്ട്രീയ ബുദ്ധി? കാരണം സി.പി.എം  ദേശീയ തലത്തിൽ സ്റ്റാലിന്റെ പാർട്ടിയോടൊപ്പം 'ഇന്ത്യാസഖ്യ'ത്തിൽ ഉള്ളല്ലേ.

ആന്റണിചടയംമുറി


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam