ഖമേനിയുടെ ചൊടിപ്പിക്കലും ട്രംപിന്റെ അപ്രീതിയും: ഇറാനെ കാത്ത് പുതിയ അഗ്നി പരീക്ഷ 

JULY 1, 2025, 3:10 AM

ഇസ്രയേലും ഇറാനുമായി നടന്ന പന്ത്രണ്ട് ദിവസം നീണ്ട യുദ്ധത്തില്‍ തങ്ങളാണ് വിജയിച്ചതെന്ന ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള ഖമേനിയുടെ അവകാശവാദത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെഹ്റാന്‍ ഇനിയും ആണവയുധ നിര്‍മ്മാണത്തിലേക്ക് പോയാല്‍ അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക ഇറാനെ ബോംബിട്ട് തകര്‍ക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ഖമേനി വെറുതെ വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണ്. ഖമേനി കൊല്ലപ്പെടാതിരുന്നത് താന്‍ നിര്‍ദ്ദേശിച്ചത് കൊണ്ടാണ്. അയാളുടെ രാജ്യം നശിപ്പിച്ചിരിക്കുന്നു. മൂന്ന് ആണവ കേന്ദ്രങ്ങളും തകര്‍ത്തു. ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് തനിക്കറിയാമായിരുന്നു. എന്നാല്‍ അക്കാര്യം ഇസ്രയേലിനെ താന്‍ അറിയിച്ചില്ല. അമേരിക്കന്‍ സൈന്യത്തെയും. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഖമേനിയെ അവര്‍ അവസാനിപ്പിച്ചേനെയെന്നും ട്രംപ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ട്രംപ് തന്റെ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ആണ് ഇക്കാര്യങ്ങള്‍ കുറിച്ചത്. 

ഇസ്രയേലിനോട് താനാണ് ഇറാനില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടതെന്നും ട്രംപ് പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ഖമേനി നടത്തിയ ആദ്യ പരസ്യ പ്രതികരണത്തില്‍ തങ്ങള്‍ അമേരിക്കയുടെ മുഖത്ത് അടിച്ചെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. അമേരിക്ക തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പകരമായി ഖത്തറിലെ അമേരിക്കന്‍ സൈനിക ആസ്ഥാനങ്ങളില്‍ നടത്തിയ ആക്രമണത്തെയാണ് അമേരിക്കയുടെ മുഖത്തേല്‍പ്പിച്ച പ്രഹരമായി അദ്ദേഹം വിശേഷിപ്പിച്ചത്.

ഖമേനിയുടെ പരാമര്‍ശങ്ങള്‍ വിദ്വേഷകരവും ദേഷ്യം ഉണ്ടാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇറാന്റെ പുനരുജ്ജീവനത്തിന് സഹായിക്കുന്ന ഉപരോധം നീക്കലും മറ്റ് നയതന്ത്ര പ്രവര്‍ത്തനങ്ങളുമെല്ലാം ഇല്ലാതാക്കുന്ന പ്രസ്താവനയാണ് ഖമേനിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ട്രംപ് നേരത്തെ വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇറാന്‍ ആണവ പരിപാടികളില്‍ നിന്ന് പിന്‍മാറാത്ത പക്ഷം ഇനിയൊരു ചോദ്യമോ പറച്ചിലോ ഇല്ലാതെ തന്നെ അവരെ മുച്ചൂടും മുടിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. 

രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിയുമായി സഹകരിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കാനുള്ള നടപടികള്‍ തങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി പറഞ്ഞു. റാഫേല്‍ ഗ്രോസി ആണവ കേന്ദ്രങ്ങളിലെ സന്ദര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുന്നത് നിരര്‍ത്ഥകമാണ്. ജൂണ്‍ പതിമൂന്നിന് ഇസ്രയേല്‍ ഇറാന്‍ കേന്ദ്രങ്ങളില്‍ ആക്രമണം അഴിച്ച് വിട്ട ശേഷം ഐഎഇഎയുടെ പരിശോധനകളൊന്നും നടന്നിട്ടില്ലെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനുമായി യുദ്ധം തുടരുമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കിയിരുന്നു. ആണവായുധ നിര്‍മ്മാണം അടക്കം തടയാനായി തയാറായി ഇരിക്കാന്‍ താന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ഇറാന്‍ നടപടികള്‍ക്കെതിരെയും കരുതിയിരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. സംഘര്‍ഷത്തില്‍ ഖമേനിയെ വധിക്കാന്‍ തങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിന് അമേരിക്കയുടെ അംഗീകാരമൊന്നും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam