ചികിത്സ തേടുന്ന കേരളം

JULY 2, 2025, 12:21 PM

സമൂഹമാധ്യമങ്ങളിൽ കേരളത്തെ ഒരു ശത്രുരാജ്യത്തെ പോലെ വിശേഷിപ്പിക്കുന്ന മലയാളികൾ ധാരാളമാണ്. നമ്പർവൺ കേരളം എന്ന് നമ്മൾ വിളിക്കുന്ന പല മേഖലകളും മുൻപിലല്ല, പിൻ ബെഞ്ചിൽ ഇരുന്ന് തോറ്റു പഠിക്കുകയാണെന്ന് സ്ഥാപിക്കുകയാണ് ഈ ശത്രുക്കളുടെ ലക്ഷ്യം. അത്തരക്കാരെ അവരുടെ വഴിക്ക് വിടാം. നല്ലത് കണ്ടാലും നല്ലതെന്ന് പറയാത്തവർ. വിമർശിക്കാനുള്ള എല്ലാ ജനാധിപത്യ അവകാശങ്ങളും നിലനിൽക്കുമ്പോൾ തന്നെ പലരും കേരളത്തെ അവഹേളിക്കുന്ന കാര്യത്തിൽ അതിരുവിടുന്നു തോന്നിയിട്ടുണ്ട്.

എന്നാൽ ഇത്തരം ശത്രുക്കളെ പിന്നെയും വളർത്തിവിടുന്ന സാമൂഹിക ചുറ്റുപാടുകൾ നമ്മൾ തന്നെ ഒരുക്കി കൊടുത്തലോ? സാക്ഷരതയിലും വിദ്യാഭ്യാസത്തിലും തൊഴിൽക്ഷമതയിലും പരിസ്ഥിതി സംരക്ഷണത്തിലും സാമ്പത്തിക അച്ചടക്കത്തിലും പലപ്പോഴും ജനകീയ ഓഡിറ്റിംഗ് നടക്കാറുണ്ട്. എന്നാൽ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ആരോഗ്യ സംബന്ധിയായ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്. അക്കാര്യത്തിൽ ഓഡിറ്റിംഗ് നടക്കുക കടലാസിൽ അല്ല, മുഖാമുഖം ആണ്.

ഈ ഘട്ടത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലുകൾ കേരള സമൂഹത്തിനുമുന്നിൽ പൊള്ളുന്ന വാക്കുകൾ ആയി വന്നു വീണത്. ആ വാക്കുകൾക്ക് കേരള സമൂഹം ഒന്നാകെ കതോർത്തു. സത്യത്തിന്റെ അംശമുള്ള ആ വാക്കുകൾ പലരെയും പൊള്ളിച്ചു. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. പൊള്ളലേറ്റവർ നെട്ടോട്ടം ഓടി.

vachakam
vachakam
vachakam

വെളിപ്പെടുത്തലുകൾ

മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രതിസന്ധി ഘട്ടത്തിൽ മറ്റ് എല്ലാ മാർഗങ്ങളും അവസാനിച്ചതിനാലാണ് തന്റെ തുറന്നുപറച്ചിൽ എന്ന് ഏറ്റുപറയേണ്ടി വന്നിരിക്കുന്നു ഡോക്ടർ ഹാരിസിന്. മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നുമുള്ള വിവരം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. താൻ പറഞ്ഞതെല്ലാം പരമാർത്ഥമാണെന്നും ഉപകരണ ക്ഷാമം കാരണമുള്ള പ്രതിസന്ധികളെ കുറിച്ച് മേലധികാരികളെ നേരത്തെ തന്നെ കൃത്യമായി അറിയിച്ചിരുന്നുവെന്നും ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കി.

ഉപകരണക്ഷാമം സൂപ്രണ്ടിനെയും പ്രിൻസിപ്പാളിനെയും അറിയിച്ചിരുന്നു. എല്ലാ വിഭാഗങ്ങളിലും പ്രശ്‌നമുണ്ട്. ഒരു വർഷം മുമ്പ് തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ട് വിവരങ്ങൾ അറിയിച്ചു. മുൻ പ്രിൻസിപ്പാളിനൊപ്പമാണ് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കണ്ടത്. പിന്നീട് ആരും വിഷയം സംസാരിച്ചിട്ടില്ല. പലരോടും ഈ വിവരങ്ങൾ പറഞ്ഞിട്ടും കാര്യമുണ്ടായില്ല. ആരോഗ്യ മന്ത്രിക്ക് ഒരു പക്ഷേ അറിയില്ലായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

രോഗികൾ നേരിടുന്ന പ്രശ്‌നമാണ് പ്രധാനം. ഒരുപാട് രോഗികൾ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നുണ്ട്. പലപ്പോഴും രോഗികൾ തന്നെ ഉപകരണം വാങ്ങി തരുന്ന സ്ഥിതിയുണ്ട്. ശസ്ത്രക്രിയാ ഉപകരണങ്ങൾക്കും സൗകര്യങ്ങൾക്കും വേണ്ടി ഇരിക്കേണ്ടി വരുന്നു. മാർച്ചിൽ ഈ ഉപകരണത്തിനായി കത്ത്നൽകിയിരുന്നു. ശസ്ത്രക്രിയ മുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കില്ലും നടപടിയുണ്ടായില്ല.

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പരിയാരം മെഡിക്കൽ കോളേജുകൾ വൻ പ്രതിസന്ധിയിലാണ്. കോട്ടയം മെഡിക്കൽ കോളേജിൽ വിദഗ്ദ്ധർക്ക് പകരം ആയിരക്കണക്കിന് പാർട്ടി അനുഭാവികളെ താത്ക്കാലികക്കാരായി തിരുകിക്കയറ്റി. താലൂക്ക് ആശുപത്രികളിലും പി.എച്ച്.സികളിലും ഡോക്ടർമാരും നഴ്‌സുമാരും മരുന്നുകളുമില്ല.

ഇതിന് ചികിത്സയില്ല

vachakam
vachakam
vachakam

തുറന്നു പറഞ്ഞത് ഒരു സർക്കാർ ഡോക്ടർ ആയതിനാൽ സർക്കാർ ആദ്യം ഒന്ന് പകച്ചു. ചികിത്സ ഉപകരണങ്ങൾ നിമിഷ വേഗത്തിൽ വിമാനത്തിൽ പറന്നെത്തി. അതോടെ പറഞ്ഞതിൽ വസ്തുതയുണ്ടെന്ന് ജനത്തിന് ബോധ്യപ്പെട്ടു. പക്ഷേ ഡോക്ടർ ജയിച്ചുകൂടാ. ട്രോളന്മാർ പറയും പോലെ നമ്പർവൺ കേരളം തന്നെ ജയിക്കണം. അതിന് എന്തുവേണം? സാക്ഷാൽ പിണറായി വിജയൻ തന്നെ ആദ്യം ഡോക്ടറെ തള്ളിപ്പറഞ്ഞു. പിന്നാലെ മന്ത്രിപ്പട ഒന്നാകെയും വീണാ ജോർജിനെ പിന്തുണച്ചു. പഞ്ച് പോരാ എന്ന് തോന്നിയപ്പോൾ പാർട്ടി സെക്രട്ടറി തന്നെ രംഗത്ത് എത്തി. ത്വാത്വികമായി ഡോക്ടറെ തള്ളിപ്പറഞ്ഞു. ഇനി പേടിക്കാനില്ല, കേരളം വീണ്ടും നമ്പർ വൺ പദവിയിൽ എത്തി.

അതിനു നിരത്തുന്ന കാരണങ്ങളോ?

അക്കമിട്ട് പറഞ്ഞാൽ ഇങ്ങനെയാണ്: കേരളത്തിന്റെ ആരോഗ്യരംഗം ആരോഗ്യ സൂചികങ്ങളിലും പൊതുജനരോഗ്യ നിലവാരത്തിലും ലോകത്തിലെ മികച്ച വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ശിശുമരണ നിരക്കിലും മാതൃമരണ നിരക്കിലും, സ്ത്രീ പുരുഷ അനുപാതത്തിലും ആയുർദൈർഘ്യത്തിലും കേരളം ഏറെ മുന്നിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആരോഗ്യകേന്ദ്രങ്ങൾ ശക്തമാക്കി  പൊതുജനരോഗ്യ ശൃംഖലയെ ആധുനികവത്ക്കരിച്ച് രോഗീ സൗഹൃദമാക്കുക എന്ന ദൗത്യത്തിൽ അധിഷ്ഠിതമായ സർക്കാർ പ്രവർത്തങ്ങൾ ആരോഗ്യരംഗത്ത് വമ്പിച്ച പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തുടനീളമുള്ള ആരോഗ്യപരിപാലന രംഗത്ത് നിരവധി അടിസ്ഥാനസൗകര്യ വികസന  പ്രവർത്തനങ്ങളാണ് അടുത്ത കാലത്ത് നടത്തിയത്.

ശിശുപരിപാലനം ശക്തിപ്പെടുത്തുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗം, സർക്കാർ മേഖലയിൽ ആദ്യമായി പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളേജിൽ മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് ലാബും നവജാത ശിശു പരിപാലന കേന്ദ്രം തുടങ്ങിയവ  സമീപകാലത്തുണ്ടായ അടിസ്ഥാന സൗകര്യ നേട്ടങ്ങളാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണത്തിനായി ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗം പ്രവർത്തന സജ്ജമായി. സർക്കാർ മേഖലയിൽ ആദ്യമായി പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇൻസ്‌റ്റൈനൽ എൻഡോസ്‌കോപ്പി സംവിധാനം കോഴിക്കോട് മെഡിക്കൽ  കോളേജിൽ മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് ലാബും നവജാത ശിശു പരിപാലന കേന്ദ്രവും.

എന്നാൽ ഘടകകക്ഷിയായ സി.പി.ഐയെ പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത വിധം പനി കിടക്കയിൽ ആയി പോയി ഇടതു സർക്കാർ. ബിനോയ് വിശ്വത്തിന്റെ പിന്തുണ ഡോക്ടർ ഹാരിസിനാണ്. ഒപ്പമുള്ളവരെ പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത എന്ത് നേട്ടമാണ് ജനങ്ങളെ ബാധിക്കുന്ന അതി ഗുരുതരമായ ആരോഗ്യ വിഷയങ്ങളിൽ സർക്കാർ അവകാശപ്പെടുന്നത്. സി.പി.ഐയോട് മറുപടി പറയേണ്ട ആവശ്യം തങ്ങൾക്കില്ല എന്ന തോന്നൽ വല്യേട്ടനായ സി.പി.എമ്മിന് പണ്ടേയുണ്ട്.

ഡോ. ഹാരിസ് പറയുന്നു, ഇത് ഒരു പ്രൊഫഷണൽ സൂയിസൈഡ് ആണ്. എന്നുവച്ചാൽ എല്ലാം വഴികളും അടയുമ്പോൾ ഒരാൾക്ക് തെരഞ്ഞെടുക്കാവുന്ന വഴി. അങ്ങനെ ഒരു അവസ്ഥയിൽ അർപ്പിതനായ ഒരു ഡോക്ടർ കേരളത്തിൽ പറയുന്നുണ്ടെങ്കിൽ അതിന് മറുപടിയുണ്ടോ? തുറന്നുപറച്ചിലിന്റെ പേരിൽ താൻ ശിക്ഷിക്കപ്പെടും എന്ന് പൂർണ്ണ ബോധ്യത്തോടെയാണ് അയാൾ സത്യങ്ങൾ തുറന്നു പറഞ്ഞത്. അയാൾ ശിക്ഷിക്കപ്പെടണം. എന്നാലേ കേരളം ഉണരൂ..

കേരളത്തിന്റെ ആരോഗ്യരംഗം യു.ഡി.എഫ് കാലത്തേക്കാൾ മെച്ചമാണെന്ന് സ്ഥാപിക്കാനുള്ള കണക്കുകൾ നിരത്തി ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കണക്കുകൾ സത്യമായിരിക്കാം. പക്ഷേ വർത്തമാനകാല യാഥാർഥ്യങ്ങളും അവയുയർത്തുന്ന വേദനകളും ജനങ്ങൾ പങ്കുവയ്ക്കുമ്പോൾ അതിനെ കേവലം കണക്കപ്പട്ടിക വെച്ച് നേരിടുന്നത് ഒരു സർക്കാരിനും ഭൂഷണമല്ല.

പ്രജിത് രാജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam