അരുണാചലിൽ നിന്ന് കേരളത്തിന് സാമ്പത്തിക അച്ചടക്ക പാഠം

JUNE 3, 2026, 1:37 PM

മുമ്പു തന്നെ അബല; ഇപ്പോൾ ഗർഭിണിയും. പശ്ചിമേഷ്യൻ രാഷ്ട്രീയ പ്രതിസന്ധി തീവ്രമായതോടെ സാമ്പത്തിക രംഗത്ത് പുതിയ വെല്ലുവിളികൾ മുറുകിവരുന്നതിനിടയിലാണ് 'പാലും തേനുമൊഴുകുന്ന' നാടാക്കി കേരളത്തെ മാറ്റാനുള്ള ദൗത്യം പുതിയ സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്നത്. വി.ഡി. സതീശൻ സർക്കാരിനു വേണ്ടി ഗവർണർ നടത്തിയ നയപ്രഖ്യാപനത്തിൽ ഒട്ടേറെ ക്ഷേമ വികസന പദ്ധതികളെക്കുറിച്ചുള്ള വാഗ്ദാനങ്ങളുണ്ട്.

അതേസമയം, ജനക്ഷേമ വികസന പദ്ധതി പ്രഖ്യാപനത്തോടൊപ്പം വികസനത്തിലേക്ക് എത്തിപ്പെടാനുള്ള സാമ്പത്തിക റോഡ് മാപ്പ് വരച്ചു കാണിക്കുന്നില്ല നയപ്രഖ്യാപനമെന്ന നിരീക്ഷണവും ഉയരുന്നു. പുതിയ ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ട നിലയ്ക്ക് അതിനാവശ്യമായ ഫണ്ടിംഗിന് സർക്കാർ എന്തു വഴിയാണ് കണ്ടുവെച്ചതെന്ന കാര്യം ബജറ്റ് വരും വരെയെങ്കിലും വ്യക്തമല്ല.

കർശനമായ സാമ്പത്തിക അച്ചടക്കം അനിവാര്യമെന്ന് ഏവരും സമ്മതിക്കുമ്പോഴും അതു പ്രായോഗകമാകുവതെങ്ങനെയെന്ന ചോദ്യം ഇതിനിടെ ജനങ്ങൾ ഉയർത്തുന്നു. 'ആദ്യം സമ്പത്ത് ഉത്പാദിപ്പിക്കുക, എന്നിട്ടാണ് അത് വിതരണം ചെയ്യേണ്ടത്' എന്ന ലളിതമായ സാമ്പത്തിക തത്ത്വം അവഗണിച്ച് ഒരു സർക്കാരിനും വോട്ടർമാരുടെ കണ്ണിൽ പൊടിയിടാനാകില്ല.

vachakam
vachakam
vachakam

സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തിൽ വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് പ്രഖ്യാപിച്ച നയങ്ങൾ കേരളം ഗൗനിക്കുമോ എന്തോ?. അരുണാചലിൽ മന്ത്രിമാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും വിദേശ യാത്രകൾക്ക് ഒരു വർഷത്തെ വിലക്ക് നിലവിൽ വന്നു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരുടെ വാഹനവ്യൂഹത്തിൽ 50% കുറവ് വരുത്താനും തീരുമാനമായി. യാത്രാ ചെലവുകൾ കുറയ്ക്കുന്നതിന് ഔദ്യോഗിക യോഗങ്ങൾ കഴിയുന്നത്ര 'വെർച്വൽ്' രീതിയിലാക്കി. 2027 മാർച്ചോടെ എല്ലാ വകുപ്പുകളിലും '100% ഇ-ഓഫീസും പേപ്പർലെസ് ഗവേണൻസും' നടപ്പിലാക്കാനും സർക്കാർ തീരുമാനിച്ചു.

അടിയന്തര സേവനങ്ങൾക്ക് ഒഴികെ പുതിയ വാഹനങ്ങൾ അരുണാചൽ വാങ്ങില്ല. സർക്കാർ ഓഫീസുകളിലെ എയർ കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെൽഷ്യസിൽ താഴെയാക്കരുതെന്ന് നിർദ്ദേശിക്കും. 5 സ്റ്റാർ റേറ്റു ചെയ്ത ഊർജ്ജകാര്യക്ഷമതയാർന്ന വൈദ്യുത ഉൽപ്പന്നങ്ങൾ മാത്രമേ സർക്കാരിനായി പരിഗണിക്കൂ. ഉദ്യോഗസ്ഥരുടെ വിദേശ ടൂറുകൾ റദ്ദാക്കൽ, പൊതുഗതാഗതവും ഇലക്ട്രിക് വാഹനങ്ങളും പ്രോത്സാഹിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള കർശന തീരുമാനങ്ങൾ മഹാരാഷ്ട്ര സർക്കാരും എടുത്തിട്ടുണ്ട്.

പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ഐക്യ ജനാധിപത്യ മുന്നണി സർക്കാർ വലിയ പ്രതീക്ഷകളാണ് മൂന്നരക്കോടി മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. പ്രതീക്ഷകൾ പകുതിയെങ്കിലും നിറവേറ്റണമെങ്കിൽ ബഹു ലക്ഷം കോടികൾ വേണമെന്നതാണ് പ്രധാന കാര്യം. നിലവിലെ കൃഷിയും കച്ചവടവും വ്യവസായവുമെല്ലാം വഴി ലക്ഷ്യമിടുന്ന ഇത്തിരി പണം, ജനകീയപ്രശ്‌നങ്ങളുടെ പരിഹാരത്തിനും വികസനത്തിനുമാവശ്യമായതിന്റെ അരിക് തൊടാൻ പര്യാപ്തമാവില്ലെന്നു മുൻകൂട്ടി പറയാൻ ധനകാര്യ വൈദഗ്ധ്യമാവശ്യമില്ല. കടുത്ത പലിശ ഖജനാവിന്റെ നട്ടെല്ലൊടിക്കുന്നു.

vachakam
vachakam
vachakam

ഉപഭോക്തൃസംസ്ഥാനമെന്ന പദവി മാറ്റമില്ലാതെ തുടരുവോളം അതിനപ്പുറമായൊന്നുമുണ്ടാകുമെന്നു പ്രതീക്ഷിക്കുക വയ്യാ. പ്രവാസികളുടെ സംഭാവന കൂടിയില്ലെങ്കിൽ സംസ്ഥാനം പിച്ചച്ചട്ടിയെടുക്കുമായിരുന്നു. മാറ്റത്തിനായി ജനങ്ങൾ വോട്ടുചെയ്ത് അധികാരത്തിലേറ്റിയ വി.ഡി. സതീശനും സഹപ്രവർത്തകരും സഗൗരവം പരിഗണിക്കേണ്ടിയിരിക്കുന്നു സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച്.

സൗജന്യ കെ.എസ്.ആർ.ടി.സി യാത്രയ്ക്കു പുറമെ, തൊഴിലിടങ്ങളിൽ തുല്യവേതനം, അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആറ് മാസത്തെ പ്രസവകാല അവധി, ആർത്തവ വേളകളിൽ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസത്തെ അവധി തുടങ്ങി സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകുന്നവയാണ് നയപ്രഖ്യാപനങ്ങളിൽ നല്ലൊരു ഭാഗവും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ പ്രതിവർഷം 25 ലക്ഷമായി ഉയർത്തും.

ക്ഷേമം, ക്ഷമത

vachakam
vachakam
vachakam

ക്ഷേമപ്രവർത്തനങ്ങളോടൊപ്പം ക്ഷമതയാർന്ന പ്രത്യുത്പാദനപരമായ പദ്ധതികളും മുന്നോട്ടു വെച്ചില്ലെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക നില കൂടുതൽ വഷളാകുകയും കടക്കെണിയിൽ നിന്ന് കൂടുതൽ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. സംസ്ഥാനത്തെ പാപ്പരാക്കി, ചില്ലിക്കാശ് പോലും പൊതുഖജനാവിൽ അവശേഷിപ്പിക്കാതെയാണ് മുൻ സർക്കാർ ഇറങ്ങിപ്പോയതെന്ന് ആവർത്തിച്ചുപറയുന്നു ധനവകുപ്പ് കൈകാര്യം ചെയ്യുന്ന പുതിയ മുഖ്യമന്ത്രി. ഇതു സംബന്ധിച്ച വാദപ്രതിവാദം നിയമസഭയ്ക്കകത്തും പുറത്തും തുടരുന്നു. ധവളപത്രം വന്നാലും തർക്കത്തിനു വിരാമമാകുന്ന ലക്ഷണമല്ല നിലവിലുള്ളത്.

തൊഴിലില്ലായ്മയാണ് കേരളം അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നങ്ങളിലൊന്ന്. ലക്ഷക്കണക്കിനു രൂപ ചെലവിട്ട് പഠിച്ചിറങ്ങുന്ന യുവാക്കൾ തൊഴിൽ തേടി വിദേശങ്ങളിലേക്ക് കുടിയേറാൻ ഇടവരുന്നത് സംസ്ഥാനത്തിന് ഭീമമായ നഷ്ടമാണ്. ഈ പ്രതിഭാ നഷ്ടത്തിന്റെ തോത് ഉയർന്നുകൊണ്ടേയിരിക്കുന്നു. യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്പ നൽകി തൊഴിൽ സംരംഭകരാക്കാനുള്ള സർക്കാർ ശ്രമം സ്വാഗതാർഹമാണെങ്കിലും അത് ചെറുകിട സംരംഭങ്ങളിൽ മാത്രം ഒതുങ്ങിപ്പോകാൻ സാധ്യതയുണ്ട്. നിർമാണ മേഖലയിലും വ്യവസായ മേഖലകളിലും വലിയ തോതിൽ തൊഴിൽ സൃഷ്ടിക്കാനുള്ള സമഗ്ര പദ്ധതികൾ നയപ്രഖ്യാപനത്തിൽ കാണുന്നില്ല.

പ്രവാസി പണത്തെ മാത്രം മുൻനിർത്തി ഇനിയൊരു ദീർഘകാല മുന്നേറ്റം സാധ്യമല്ലെന്ന തിരിച്ചറിവ് ഭരണാധികാരികൾക്ക് ഉണ്ടായേ പറ്റൂ. നികുതിപ്പണം ദൈനംദിന ചെലവുകൾക്ക് പോലും തികയാത്ത സാഹചര്യത്തിൽ ആഭ്യന്തര ഉത്പാദനവും വരുമാനവും വർധിപ്പിക്കുകയാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനുള്ള മുഖ്യമാർഗം. ഐടി, സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുടങ്ങിയവയെക്കുറിച്ച് നയപ്രഖ്യാപനത്തിൽ പറയുന്നുണ്ടെങ്കിലും വൻകിട സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനുള്ള വ്യവസായ സൗഹൃദ അന്തരീക്ഷം സംസ്ഥാനത്ത് നിലവിലില്ല.

ഭൂമിയുടെ ലഭ്യതക്കുറവ്, ഉയർന്ന കൂലി, ചുവപ്പ് നാടകൾ തുടങ്ങിയ പരമ്പരാഗത തടസ്സങ്ങളെ മറികടന്ന് ആഗോള നിക്ഷേപകരെ ആകർഷിക്കുന്നതിന് വ്യക്തമായ കാഴ്ചപ്പാട് പ്രകടമല്ല. അടിസ്ഥാന വികസനത്തിനായി പ്രഖ്യാപിച്ച 'പോർട്ട് ലിങ്ക്ഡ് ഹബ്' മികച്ചൊരു ആശയമാണെങ്കിലും അതിനാവശ്യമായ മൂലധനം എങ്ങനെ സമാഹരിക്കുമെന്നത് അവ്യക്തം. ക്ഷേമവും ഉത്പാദനക്ഷമതയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാക്കി മാറ്റിയെങ്കിൽ മാത്രമേ കേരളമാതൃക ദീർഘകാലം നിലനിൽക്കൂ.

നികുതിവരുമാനത്തിന്റെ സിംഹഭാഗവും ജീവനക്കാരുടെ വേതനത്തിനായി ചെലവിടേണ്ട നിർബന്ധിതാവസ്ഥയാണ് പതിറ്റാണ്ടുകളായി സംസ്ഥാനത്ത് തുടർന്നുവരുന്നത്. വർധിച്ചുവരുന്ന കടബാധ്യത ഒരിക്കലും നാമമാത്രമായിപോലും ലഘൂകരിക്കപ്പെടുന്നില്ല. കടക്കെണിയുടെ കുരുക്ക് കൂടുതൽ കൂടുതൽ മുറുകിവരുന്ന സംസ്ഥാനത്ത് വീണ്ടുവിചാരവും തിരുത്തും സതീശൻ സർക്കാരിൽനിന്ന് പ്രതീക്ഷിക്കാമോ എന്നതാണ് ഇപ്പോൾ പ്രസക്തമായ ചോദ്യം.

പ്രതീക്ഷിക്കാമെങ്കിൽ അത് പ്രഥമവും പ്രധാനവുമായി കാണേണ്ടത് 21 അംഗ മന്ത്രിസഭയിലെ ഓരോ അംഗത്തെയും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് തുടങ്ങിയവരെയും വലയം ചെയ്യുന്ന പേഴ്‌സനൽ സ്റ്റാഫിന്റെ എണ്ണവും അതുവഴി പൊതുഖജനാവിന് താങ്ങേണ്ടിവരുന്ന വൻ സാമ്പത്തികഭാരവും എങ്ങനെ കൈകാര്യം ചെയ്യും എന്നതിലാണ്.

തിരഞ്ഞെടുപ്പ് ജയിക്കാനും മന്ത്രിസ്ഥാനം പിടിച്ചെടുക്കാനും പണിയെടുത്തവരെ അവഗണിക്കാനാവില്ലെന്നത് നേതാക്കൾ നേരിടുന്ന പ്രശ്‌നം തന്നെ. കർക്കശമായ സംഘടനാവ്യവസ്ഥ അവകാശപ്പെടുന്ന കമ്യൂണിസ്റ്റ്പാർട്ടികൾ ഭരണത്തിലിരുന്ന കാലത്തുപോലും സ്റ്റാഫംഗങ്ങളുടെ സേവന കാലാവധി രണ്ടര വർഷമാക്കി ചുരുക്കി അംഗസംഖ്യ കൂട്ടി ആനുകൂല്യങ്ങളുടെ ദുർവഹ ചെലവുകൾ പൊതു ഖജനാവിനെക്കൊണ്ട് വഹിപ്പിച്ചു.

ഇത് തിരുത്തുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി സതീശനെക്കുറിച്ച് ജനങ്ങൾക്കുണ്ട്. മന്ത്രിമാരുടെ സ്റ്റാഫിൽ കടന്നുകൂടാൻ ലക്ഷങ്ങൾ മുടക്കി ആശ്രിതരും പാർട്ടിക്കാരും പെടാപ്പാട് പെടുന്നുവത്രേ. കാക്കത്തൊള്ളായിരം കോർപറേഷനുകൾ, ബോർഡുകൾ, അക്കാദമികൾ, കൗൺസിലുകൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ ഇതിനു പുറമെയുണ്ട്. അനിവാര്യമായ സർക്കാർ സമിതികൾ മാത്രം നിലനിർത്തി ബാക്കിയെല്ലാം പിരിച്ചുവിട്ടാൽ ഖജനാവിന്റെ ഭാരം അത്രയെങ്കിലും കുറയ്ക്കാനാവും.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam