കോൺഗ്രസ് മുക്ത ഭാരതം എന്ന അജണ്ടയുമായി ഇറങ്ങിത്തിരിച്ച ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയിൽ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങൾ, ആഭ്യന്തര തർക്കങ്ങൾ എന്നിവ സഖ്യത്തിന്റെ കെട്ടുറപ്പിനെ നന്നായി ബാധിക്കുന്നുണ്ട്.
ഇന്ത്യയിൾ മൂന്ന് വർഷത്തിനപ്പുറം 2029ൽ ലോക്‌സഭ തിരഞ്ഞെടുപ്പ് വരുമ്പോൾ നരേന്ദ്ര മോദി തന്നെയായിരിക്കും ബി.ജെ.പിയെ നയിക്കുക എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും പാർട്ടിയിലെ രണ്ടാമനുമായ അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്. നാലാം വട്ടവും അധികാരം നിലനിർത്തുക എന്ന ചരിത്ര ദൗത്യവുമായി മോദി കളത്തിലിറങ്ങുമ്പോൾ ബി.ജെ.പിയുടെ ഭാവി ശോഭനമാണെന്നൊന്നും പറയാൻ കഴിയുകയില്ല.
എന്നാൽ ബി.ജെ.പിയെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയുടെ തകർച്ചയായിരിക്കും. കോൺഗ്രസ് 142-ാം വർഷത്തിലേക്കു കടക്കുമ്പോൾ അഭിമാനിക്കാനുള്ള ധാരാളം ചരിത്ര നേട്ടങ്ങൾ നാട്ടിൽ നടപ്പിലാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകൂടത്തിൽനിന്ന് രാജ്യത്തിന് സ്വാതന്ത്രം നേടി തരികയും, അതിനുശേഷം സർവതല സ്പർശിയായ, ആധുനികമായ ഒരു ഭരണഘടന വാർത്തെടുത്തതും കോൺഗ്രസ് ആണ്.
ലോക രാജ്യങ്ങൾ വരെ സാമ്പത്തികമായി തകർന്നിരുന്ന കാലഘട്ടത്തിൽ ഇന്ത്യയെ സാമ്പത്തിക തകർച്ചയുടെ കൊടുങ്കാറ്റിൽ ആടിയൂലയാതെ പിടിച്ച് നിർത്തിയത് മൻമോഹൻ സിംഗ് എന്ന കോൺഗ്രസുകാരനാണ്. 1991ൽ നടത്തിയ സാമ്പത്തിക പരിഷ്‌കാരത്തിന്റെ ഫലമായി ഇന്ത്യയിൽ ഏറ്റവും ശക്തമായ ഒരു മധ്യവർഗ സമൂഹം വളർന്നു. ഒരു സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നു തുടങ്ങിയത് ആ കാലഘട്ടം മുതലാണ്.
ഇതിനുശേഷം വന്ന യു.പി.എ സർക്കാർ ലോകത്തിനു തന്നെ മാതൃകയായ സാമൂഹിക സുരക്ഷാ പദ്ധതികൾ കൊണ്ടുവന്ന സർക്കാരാണ്. 2005 ൽ ആവിഷ്‌കരിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രതിവർഷം പത്തുകോടി വ്യക്തികൾക്ക് വരുമാനം ഉറപ്പ് നൽകുന്നു. ഇതിൽ ഏറിയ പങ്കും പിന്നോക്ക വിഭാഗങ്ങളിലെ വനിതകളാണ്. അതുപോലെതന്നെ സ്‌കൂൾവിദ്യാഭ്യാസം ഉറപ്പുവരുത്തിയ ദേശീയ വിദ്യാഭ്യാസ നയം, ദേശീയ ആരോഗ്യ മിഷൻ, ഭക്ഷ്യസുരക്ഷാപദ്ധതി, വനാവകാശ നിയമം,
വിവരാവകാശ നിയമം അടക്കം രാജ്യത്തെ കെട്ടുറപ്പുള്ള രാജ്യമാക്കി മാറ്റാൻ കോൺഗ്രസ് നൽകിയ സംഭാവനകൾ രാഷ്ട്രീയ എതിരാളികൾക്ക് പോലും വിസ്മരിക്കാൻ കഴിയില്ല.
ആരോഗ്യ മിഷൻ രൂപീകരിച്ചത് യു.പി.എ സർക്കാരിന്റെ കാലത്താണ്. എൻ.എച്ച്.എം സ്‌കീമുകളിലൂടെ നമ്മുടെ നാട്ടിൽ തന്നെ എത്രയോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ സബ് സെന്ററുകൾ വരെ പണിതത് നമുക്ക് നേരിട്ട് അറിയാം. വിദ്യാഭ്യാസമേഖലക്ക് പുത്തനുണർവ്വ് നൽകിക്കൊണ്ട് വിദ്യാഭ്യാസ അവകാശനിയമം RTE നൽകിയതും യു.പി.എ സർക്കാരിന്റെ കാലത്താണ്.
വിദ്യാഭ്യാസത്തോടും ആരോഗ്യത്തോടുമൊപ്പം ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ദാരിദ്ര്യ നിർമാർജ്ജനത്തിനായി ഭക്ഷ്യസുരക്ഷാപദ്ധതി കൊണ്ടുവന്നതും 2014ലാണ്. ഇതിന്റെയൊക്കെ ഫലമായി യു.പി.എ ഭരിച്ച 10 വർഷക്കാലം കൊണ്ട് ഏകദേശം 27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും മുക്തമാക്കാൻ കഴിഞ്ഞു എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള UNDP റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.
സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോൾ കോൺഗ്രസിന്റെ നില പരുങ്ങലിലാണ്. കോൺഗ്രസ് മുക്ത ഭാരതം എന്ന അജണ്ടയുമായി ഇറങ്ങിത്തിരിച്ച ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയിൽ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ, ആഭ്യന്തര തർക്കങ്ങൾ എന്നിവ സഖ്യത്തിന്റെ കെട്ടുറപ്പിനെ നന്നായി ബാധിക്കുന്നുണ്ട്.
തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജോസഫ് വിജയിയുടെ ടിവികെയുമായി സഖ്യത്തിലാവാനുള്ള കോൺഗ്രസ് തീരുമാനമാണ് ഈ തകർച്ചയെ കുറേക്കൂടി രൂക്ഷമാക്കി. എന്നിട്ടിപ്പോൾ ചെറിയൊരാശ്വാസം തമിഴ്‌നാട്ടിൽ കോൺഗ്രസിന് ലഭിച്ചിരിക്കുന്നു.
ഡിഎംകെയുടെ ഇതര സഖ്യകക്ഷികളായ ഇടത് പാർട്ടികളും വിസികെയും മുസ്ലിംലീഗും ഡിഎംകെ പ്രസിഡന്റ് എം.കെ. സ്റ്റാലിനുമായി ചർച്ച നടത്തിയ ശേഷമാണ് വിജയ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്.
എന്നാൽ സ്റ്റാലിനോട് ഒരു വാക്ക് പോലും പറയാതെ എടുപിടിയെന്ന മട്ടിൽ കോൺഗ്രസ് സഖ്യം വിട്ടതോടെ ഇന്ത്യ മുന്നണിയിൽ നിന്ന് മാറുകയല്ലാതെ ഡിഎംകെയ്ക്ക് മറ്റ് എന്തു ചെയ്യാൻ കഴിയും
.എന്തായായും തമിഴ്‌നാട്ടിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ, ടിവികെ (തമിഴക വെട്രി കഴകം) നേതൃത്വം നൽകുന്ന സഖ്യം കോൺഗ്രസിന് ആകെയുള്ള ഒരു സീറ്റ് അനുവദിച്ചിരിക്കുന്നു. രാജ്യസഭാ എംപിയായിരുന്ന എഐഎഡിഎംകെ മുൻ മന്ത്രി സി.വി. ഷൺമുഖം 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൈലം മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചതിനെ തുടർന്ന് എംപി സ്ഥാനം രാജിവച്ചിരുന്നു. ഇതോടെയാണ് തമിഴ്‌നാട്ടിൽ ഒരു രാജ്യസഭാ സീറ്റ് ഒഴിവുവന്നത്.
ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദലായി ശക്തമായ ഒരു ഏകീകരണം സാധ്യമാക്കുന്നതിൽ കോൺഗ്രസിന്റെ നേതൃത്വതന്ത്രങ്ങൾ പലപ്പോഴും പരാജയപ്പെടുന്നുവെന്നും, ഇത് ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
പല സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികളുമായി യോജിച്ച് പോകാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന വിമർശനം നിലവിലുണ്ട്. ചില പ്രദേശങ്ങളിൽ കോൺഗ്രസ് സഖ്യം വിട്ട് ഇതര പാർട്ടികൾ പുതിയ കൂട്ടുകെട്ടുകൾ രൂപീകരിക്കുന്നതും പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയാണ്.
കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന 'പിടിപ്പുകേട്' എന്ന് രാഷ്ട്രീയ നിരീക്ഷകരും എതിരാളികളും പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന ചില പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും ശക്തമായ ഒരു സംഘടനാ സംവിധാനം കെട്ടിപ്പടുക്കുന്നതിലും താഴെത്തട്ടിലുള്ള പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിലും പാർട്ടി പലപ്പോഴും പരാജയപ്പെടുന്നു. പാർട്ടിയുടെ നയങ്ങളും നിലപാടുകളും ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ വരുന്ന വീഴ്ചകൾ.
ഗ്രൂപ്പ് വഴക്കുകളും നേതൃത്വത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളും പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയും പ്രവർത്തകരുടെ മനോവീര്യം തകർക്കുകയും ചെയ്യുന്നു.
തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ: മാറുന്ന കാലഘട്ടത്തിനനുസരിച്ച് ജനങ്ങളെ ആകർഷിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിലും, പ്രാദേശിക സഖ്യങ്ങൾ രൂപീകരിക്കുന്നതിലും നേരിടുന്ന പോരായ്മകൾ.
ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി ആശയപരമായ വെല്ലുവിളികളും സംഘടനാപരമായ ദൗർബല്യങ്ങളും കാരണം സങ്കീർണ്ണമാണ്. ശക്തമായ ബി.ജെ.പി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുമ്പോഴും, താഴെത്തട്ടിലുള്ള സംഘടനാ സംവിധാനം ദുർബലമാകുന്നതും നേതൃത്വത്തിന്റെ കേന്ദ്രീകരണവുമാണ് പാർട്ടി നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
