ഇന്നലെ വെറുതെ ഒരു ആലോചന വന്നു: നമ്മുടെ നാട് ഭരിക്കാൻ വല്ല പഞ്ചായത്തും അല്ലാതെ കേരളത്തിലെ സർക്കാരോ കേന്ദ്രത്തിലെ സർക്കാറോ ഇല്ലായിരുന്നെങ്കിൽ എന്നായിരുന്നു ആ മുഗ്ദ്ധസങ്കല്പം.
വേണം നാടിന്റെ രക്ഷയ്ക്കായി പട്ടാളവും മറ്റും വേണം. പക്ഷേ, നാടു ഭരിക്കുന്നതിന് ആരെങ്കിലും വേണോ?
ഇല്ലായിരുന്നെങ്കിലത്തെ സൗകര്യമൊന്ന് ആലോചിച്ചു നോക്കൂ. എത്ര ലക്ഷം കോടി ഉറുപ്പികയാണ് ലാഭം! ഇപ്പോഴുള്ള ടാക്സിന്റെ 90% വും പിന്നെ വേണ്ടെല്ലോ!
സർക്കാർ വകുപ്പുകൾ കൈക്കൂലി വാങ്ങി നിർവഹിക്കുന്ന അക്രമങ്ങൾ ഒക്കെ അവസാനിക്കും! 40 ലക്ഷത്തിനെ പരീക്ഷയ്ക്ക് ഇരുത്തുന്നതിന് മുൻപേ തന്നെ ആ പരീക്ഷ കൊണ്ട് ആരെയാണോ തെരഞ്ഞെടുക്കേണ്ടത് അത്രയും ഉദ്യോഗസ്ഥന്മാരെ ലക്ഷങ്ങളും കോടികളും വാങ്ങി നിയമിക്കാൻ ആരുമുണ്ടാവില്ലല്ലോ!
മാസങ്ങൾക്കകം പൊളിഞ്ഞു വീഴുന്ന കെട്ടിടങ്ങളും പാലങ്ങളും ഉണ്ടാക്കാൻ ആരും ഉണ്ടാവില്ലല്ലോ. ഒരു കെട്ടിടത്തിന് നമ്പർ ഇടുന്നതു മുതൽ എന്തിനുമേതിനും കൈക്കൂലി വാങ്ങുന്ന സർക്കാർ ഓഫീസുകൾ ഉണ്ടാവില്ലല്ലോ.
ഏറ്റവും നന്നായി കള്ളം പറയുന്നവർക്കു കോടികൾ വാങ്ങി കേസ് വാദിക്കാൻ കോടതികൾ ഉണ്ടാവില്ലല്ലോ. പകരം നാട്ടിലെ കാരനവന്മാർ കൂടിയിരുന്ന് തീരുമാനം എടുത്തോളല്ലേ!
ഒരു സ്വകാര്യ കമ്പനിയും കൈക്കൂലി വാങ്ങിയല്ലല്ലോ ജോലിക്കാരെ തിരഞ്ഞെടുക്കുക. ആ കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല. അങ്ങനെ വല്ല കമ്പനിയും ഉണ്ടെങ്കിൽ അത് ഏറെ കാലം നീണ്ടുനിൽക്കില്ല എന്ന് തീർച്ച.
ഓരോ പൊതു തെരഞ്ഞെടുപ്പിനും എത്ര ലക്ഷം കോടിയാണ് ചെലവാകുന്നത് എന്ന് അറിയാമല്ലോ!
ജയിക്കുന്നവരെ പോറ്റാൻ പിന്നെ എത്ര ലക്ഷം കൂടി വേണം!
സൗകര്യമുള്ളപ്പോഴൊക്കെ കക്ഷി രാഷ്ട്രീയ ഭേദങ്ങൾ എല്ലാം മറന്ന് ഈ തെരഞ്ഞെടുക്കപ്പെട്ടവർ തങ്ങളുടെ ശമ്പളവും വാറ്റും ഊറ്റും വർദ്ധിപ്പിച്ചു കൊണ്ടും ഇരിക്കുന്നു! എന്തു കലശലായ ഐക്യമത്യം!!
മുൾക്കിരീടത്തിന് അനേകകോടി വില! അതു പോകട്ടെ, വെറുതെ വാങ്ങി വീട്ടിൽ വച്ചാൽ പോരാ, നമ്മളത് തലയിൽ തന്നെ വയ്ക്കണം!
ഇനിയപ്പോൾ നിയമസഭാ സാമാജികരുടെ മൊത്തം സംഖ്യ അനേകായിരം കൂടി കൂട്ടുമത്രെ!
സർക്കാർ നടത്തുന്ന ഒരു പെട്ടിക്കട പോലും ലാഭത്തിൽ അല്ല. മോട്ടോർ വാഹനങ്ങൾ സ്വകാര്യക്കാർ ഓടിച്ചാൽ ലാഭം! അതും സർക്കാർ അവരിൽ നിന്നും വലിയ തുക ഈടാക്കിയിട്ട്. അതേ വാഹനങ്ങൾ സർക്കാർ ഓടിച്ചാൽ നിത്യ നഷ്ടം!
എന്റെ വീട്ടിനു മുകളിൽ സൂര്യപ്രകാശം കൊണ്ട് പ്രവർത്തിക്കുന്ന വൈദ്യുതി ഉല്പാദിപ്പിക്കാൻ എനിക്ക് അധികാരമില്ല. എന്നട്ടോ, ഞാൻ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് സർക്കാർ എനിക്ക് തരുന്ന കിഴിവ് സർക്കാർ തരുന്ന വൈദ്യുതിക്ക് ഞാൻ കൊടുക്കുന്നതിന്റെ ഇരട്ടിയിലേറെ!
അതെന്താ സാർ അങ്ങനെ എന്ന് ചോദിക്കരുത്. അത് അങ്ങനെയാണ്. അതുതാ ൻ ഡാ സർക്കാർ!
എന്റെ വാഹനം റോട്ടിൽ ഓടിക്കാൻ ഞാൻ വലിയ അളവിൽ നികുതി കൊടുക്കണം. എന്നാൽ ആ റോഡ് ശരിയായും വൃത്തിയായും വയ്ക്കാൻ സർക്കാരിന് സംവിധാനം ഇല്ല. ചോദിക്കരുത്, കഥയിൽ ചോദ്യമില്ലല്ലോ.
വെള്ളക്കാർ ഭരിച്ചിരുന്നത് നമുക്ക് വേണ്ടി ആയിരുന്നില്ല. അതായിരുന്നല്ലോ അവരെ പറഞ്ഞയക്കാൻ നാം കണ്ട ഏറ്റവും വലിയ യുക്തി. ഇപ്പോൾ ഭരിക്കുന്നവർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്?
ഫലിതം പക്ഷേ അതല്ല. ഇവർ പറയുന്നു നാം നമ്മെ തന്നെ നമുക്കുവേണ്ടിയാണ് ഭരിക്കുന്നത് എന്ന്. അതു പക്ഷേ അവർ പറഞ്ഞാൽ പോരല്ലോ, അങ്ങനെ ആയിരിക്കേണ്ടയോ?
സർവ്വകലാശാലയിൽ പൊളിറ്റിക്സ് പഠിപ്പിക്കുന്ന ഒരു സുഹൃത്ത് ഉണ്ട് എനിക്ക്. ഞാൻ അദ്ദേഹത്തോട് ചോദിച്ചു, എന്താണ് സാർ ഇങ്ങനെ വരാൻ കാരണം?
അദ്ദേഹം പറഞ്ഞു: ഓരോ നാട്ടിനും അവർ അർഹിക്കുന്ന സർക്കാരിനെ കിട്ടുന്നു. ശ്രദ്ധയില്ലാത്തവൻ ഏതു വഴി പോയാലും കാലിൽ മുള്ളേ തറക്കൂ!
അതിന്റെ കൂടെ ഞാൻ എന്റെ മുത്തച്ഛൻ പണ്ട് പറഞ്ഞതും ഓർത്തു: സൂക്ഷിക്കാൻ അറിവില്ലാത്തവന്റെ മുതൽ നാണമില്ലാത്തവൻ കൊണ്ടുപോകും!
പട്ടി ചന്തക്കു പോയതുകൊണ്ട് കുഴപ്പമില്ല, അത് വേണ്ടാത്തതൊന്നും വാങ്ങുകയില്ല!
സി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
