സർവ്വജ്ഞതയോ സർവ്വ അജ്ഞതയോ ഏതാണ് കേമം എന്ന കാര്യത്തെക്കുറിച്ച് എനിക്ക് ഇപ്പോഴും നിശ്ചയം ആയില്ല. പോരുന്നോ അതിനുള്ള ശ്രമത്തിൽ ചേരാൻ?
പ്രവേശനം സൗജന്യം. പക്ഷേ, ഒരു അപായ മുന്നറിയിപ്പുണ്ട് : അകത്ത് കടക്കുന്നത്ര എളുപ്പമല്ല പിന്നെ പുറത്തു പോവൽ! അതേസമയം അകത്തുതന്നെ ഉറച്ചുനിൽക്കലും എളുപ്പമല്ല!!
എന്തിനും രണ്ട് പക്ഷം ഉണ്ടല്ലോ. അതാണ് കുഴപ്പവും. ഈ നാട് എങ്ങനെ നന്നാക്കണം എന്നൊക്കെയാണെങ്കിൽ പക്ഷങ്ങൾ ഒന്നല്ല രണ്ടല്ല രണ്ടായിരം പോലും അല്ല! കാരണം, ഏത് പക്ഷത്തുകാർക്കും അന്യ പക്ഷത്തുള്ളവരൊക്കെ ശത്രുക്കളാണ്. വെറും ശത്രുക്കളാണെങ്കിൽ പോട്ടെ, ബൗദ്ധികമായും അധ്യാത്മികമായും ദൈവീകമായും ശത്രുക്കളാണ്! ആത്മരക്ഷ പോലും പിന്നെ അസാധ്യമാവും.
അപ്പോഴാണ് എനിക്ക് തോന്നിയത് എല്ലാം ശരിയായി അറിഞ്ഞാൽ ശരിയായ പക്ഷം കണ്ടുപിടിക്കാം എന്ന്. ആകാവുന്നത്ര തിരയുകയായിരുന്നു ഇതുവരെ. രാത്രിയായാലും പകലായാലും തിരഞ്ഞു. പച്ച പകലും വെളിച്ചം കത്തിച്ചു പോലും തിരിഞ്ഞു. ചിലപ്പോൾ തോന്നി ഇതാ കിട്ടിപ്പോയി എന്ന്. പക്ഷേ, അടുത്ത നിമിഷത്തിൽ അതത്ര ശരിയല്ല എന്ന വെളിപാട് വേറെ വരും!
മരുന്ന് കഴിച്ചിട്ട് തൽക്കാലം രോഗം മാറി, പക്ഷേ, മരുന്നിന്റെ പാർശ്വഫലങ്ങൾ രോഗത്തെക്കാൾ വലിയ ശല്യമായി എന്ന് പറഞ്ഞ പോലെയാവും കഥ. ആത്മനാശകരങ്ങളായ ഗോത്ര ആചാരങ്ങളിൽനിന്നും മുക്തി നേടാൻ ആണ് മതം ഉണ്ടായത്. അത് അതിന്റെ നേതാക്കന്മാരുടെ ദുർമോഹങ്ങൾക്ക് വശംവദമായി മനുഷ്യന് ഉപദ്രവമായപ്പോഴാണ് മറ്റൊരു മതം ഉണ്ടാകുന്നത്. പിന്നെ അതും മോശമായപ്പോൾ വേറൊന്നുണ്ടായി. വന്നുവന്ന് എനിക്ക് അനിഷ്ടം ചെയ്യുന്നവരെ ഉന്മൂലനം ചെയ്യുക എന്ന വഴി തുറന്നുകാണിക്കപ്പെട്ടു.
പിന്നെപ്പിന്നെ ജനായത്തം എന്ന പേരിൽ ഒരു തമാശ വന്നപ്പോൾ എല്ലാ പക്ഷക്കാർക്കും കൂടി സമരസപ്പെട്ട് നിലനിൽക്കാൻ കഴിയും എന്നൊരു മതമുണ്ടായി. മതങ്ങൾ ഇതിനെ തോൽപ്പിക്കാൻ കുറുമുന്നണികൾ ഉണ്ടാക്കിയപ്പോൾ ഒരു മുച്ചീട്ടു കളിക്കുള്ള ഉപാധിയായീ ജനായത്തം. സാധ്യതകളുടെ കണക്കുകൂട്ടാൻ 'മൃദു സാധനങ്ങൾ' (softwares) കൂടി ആയപ്പോൾ ആ മന്ത്രവിദ്യ അറിയാവുന്നവനേ മന്ത്രി ആവാൻ കഴിയൂ എന്നായി.
അഥവാ, ആ വിദ്യ പഠിച്ച മന്ത്രവാദികളെവിലയ്ക്ക് വാങ്ങാൻ കഴിയുന്ന അളവിൽ കാശുള്ളവന് മാത്രം. ഒട്ടും കൈ നനയാതെ ഏറ്റവും വലിയ മീൻ പിടിക്കാൻ പറ്റുന്ന ഏർപ്പാട് ജനിച്ചു വളർന്നു: ശുഭനാമം രാഷ്ട്രീയം!
ആലോചിച്ചുനോക്കൂ: ജനാധിപത്യത്തിൽ എന്തിനാണ് കക്ഷികൾ? നാട് നോക്കാൻ നല്ല മനുഷ്യരെ നിരത്തിയാൽ പോരേ?
മനുഷ്യരായി പിറന്ന എല്ലാവർക്കും തന്നെ ഒറ്റനോട്ടത്തിൽ അറിയാൻ കഴിയുമല്ലോ നല്ല മനുഷ്യരെ? കാരണം ജാതി എന്തായാലും മതമേതായാലും അവരുടെ പ്രധാന ലക്ഷണം നന്മയായിരിക്കുമല്ലോ. ഒരു മുഖ്യ അധികാരി എന്നുവേണ്ട അയാളുടെ കുശിനിക്കാരൻ പോലും ആവാൻ എന്തും ചെയ്യാം എന്ന് നല്ല മനുഷ്യർ ആരും തന്നെ കരുതുകയില്ല.
അധികാരം ഒരു ഭാരമായേ തോന്നൂ. എന്തു പടം വരപ്പിച്ചും ഏതു കുടം പൊട്ടിച്ചും ഒരു മുഖ്യാധികാരി അല്ല അങ്ങനെ ഒരാളുടെ കുശിനിക്കാരൻ എങ്കിലും ആവാൻ വർഷങ്ങളോളം മേശകൾക്കും കട്ടിലുകൾക്കും താഴെ ശ്വാസം പിടിച്ചും പ്രവർത്തിക്കുന്ന മഹാ നിശ്ചയദാർഢ്യത്തെ കുറിച്ച് ഇക്കൂട്ടരുടെ സ്ഥാനാരോഹണ വേളയിൽ സചിത്ര പത്ര ഗീതങ്ങൾ നമ്മൾ ഈ ഇടെയും വായിച്ചുവല്ലോ!
എല്ലാ തരംതിരിവുകൾക്കും അതീതരായിസന്തോഷമായും എന്തു കാര്യത്തിനും സഹകരിച്ചും കഴിഞ്ഞുകൂടുന്നതിന്നായി പിറന്ന സൃഷ്ടികളെ ധ്രുവീകരിച്ച് (എന്നുവെച്ചാൽ വെവ്വേറെ സൂചികളിൽ കോർത്ത്) നരകത്തിലേക്ക് കെട്ടി താഴ്ത്തുന്ന മഹാ തിരുമാലികളെയാണ് നാം ഇപ്പോൾ നേതാക്കന്മാർ എന്ന് വിളിക്കുന്നത്.
ഇതിന് നമ്മെ അല്ലാതെ വേറെ ആരെയെങ്കിലും പഴി പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? വലിയ സന്നാഹങ്ങളോടുകൂടി മനുഷ്യരെ എല്ലാ അർത്ഥത്തിലും പറഞ്ഞു പറ്റിക്കുന്ന ഇവരിൽനിന്ന് മോചനം നേടുന്ന വഴിയിൽ പോവരുതേ? അതിന് എല്ലാ അറിവും തികയും വരെ കാത്തിരുന്നാൽ....
സി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
