ബിരുദത്തേക്കാൾ വലുത് അന്തസ്സ്

APRIL 29, 2026, 1:35 PM

അമേരിക്കയിൽ താമസിക്കുന്ന മലയാളിക്ക് അമേരിക്കൻ കറൻസി രൂപതന്നെയാണ്. പത്ത് രൂപ എന്ന് അവർ പറഞ്ഞാൽ പത്ത് ഡോളർ എന്ന് വിവരമുള്ളവർ മനസ്സിലാക്കണം. അമേരിക്കയിൽ വർണവിവേചനത്തിന്റെ ഇരുണ്ട കാലം അവസാനിച്ചെങ്കിലും കറുത്ത നിറമുള്ളവരെ കറുമ്പൻ എന്നുതന്നെയാണ് ന്യൂയോർക്കിൽ എന്റെ ആതിഥേയനായിരുന്ന മലയാളി പരാമർശിച്ചിരുന്നത്.

കെ.ആർ. നാരായണൻ രാഷ്ട്രപതിയായപ്പോൾ എംപിയായിരുന്ന എനിക്ക് ഉഴവൂരിൽ അദ്ദേഹത്തിന്റെ നാട്ടുകാർക്കൊപ്പം സഞ്ചരിക്കേണ്ടിവന്നു. കുലത്തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള ജാതിപ്പേരിലാണ് അവർ ഇന്ത്യയുടെ പ്രഥമപൗരനെ പരാമർശിച്ചത്. അവരാകട്ടെ തോമാശ്‌ളീഹയുടെ പൈതൃകവും പാരമ്പര്യവും അവകാശപ്പെടുന്നവരായിരുന്നു. 
യേശു അവതരിപ്പിച്ച നല്ല സമരിയാക്കാരൻ വിജാതീയനും യഹൂദർക്ക് വെറുക്കപ്പെട്ടവനുമായിരുന്നു.

പക്ഷേ രണ്ടായിരം വർഷമായി കാലം അയാളെ വിളിക്കുന്നത് നല്ല സമരിയാക്കാരൻ എന്നാണ്. യാക്കോബിന്റെ കിണറിനരികെ യേശു വെള്ളം ചോദിച്ചത് സമരിയാക്കാരിയോടായിരുന്നു. ''നീ ഒരു യഹൂദനായിരിക്കേ സമരിയാക്കാരിയായ എന്നോട് കുടിക്കാൻ ചോദിക്കുന്നതെന്ത്?'' എന്നായിരുന്നു ജാതിയിൽ താണ ആ സ്ത്രീ വിസ്മയത്തോടെ ചോദിച്ചത്. ചണ്ഡാലയുവതിയിൽനിന്ന് വെള്ളം വാങ്ങിക്കുടിക്കുന്ന ആനന്ദഭിക്ഷുവിനെ ചണ്ഡാലഭിക്ഷുകിയിൽ കുമാരനാശാൻ വർണിക്കുന്നുണ്ട്.

vachakam
vachakam
vachakam

ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവരും, സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിത്

എന്ന ശ്രീനാരായണ ശ്‌ളോകത്തിന്റെ ചൈതന്യത്തിൽ വിവേകാനന്ദ ശകാരത്തിന്റെ പൊള്ളലിൽനിന്ന് മുക്തി നേടിയെന്ന് സമാശ്വസിച്ച കേരളത്തിന് സ്വപ്‌നത്തിൽനിന്നുള്ള ഞെട്ടിയുണർവ്‌പോലെ ഇടയ്ക്കിടെ ചില കാര്യങ്ങൾ കേൾക്കേണ്ടിവരുന്നു. രോഹിത് വെമുല മുതൽ പായൽ തദ്വി വരെ നീളുന്ന ജാതിവിവേചനത്തിന്റെ പേരിലുള്ള കാമ്പസ് മരണങ്ങളിൽ വേദനിക്കുകയും പ്രതികരിക്കുകയും ചെയ്ത നമുക്ക് കേരളത്തിലെ കലാലയങ്ങളിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാൻ കഴിഞ്ഞില്ല. ശരിയായ ഡാഷ്‌മോൻ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കാൻ വന്ന രേവന്ത് റെഡ്ഡി ആയിരുന്നില്ലെന്നും പിണറായി വിജയന്റെ മണ്ഡലത്തിൽ ജാതിക്കോമരമായി ഉറഞ്ഞുതുള്ളിയിരുന്ന എം.കെ. റാം എന്ന ആന്ധ്രാക്കാരനാണ് ആ വിശേഷണത്തിനു യോഗ്യൻ എന്നും നാം അറിഞ്ഞില്ല.

അഞ്ചരക്കണ്ടിയിലെ കിരാതനെ മുഖ്യമന്ത്രി ഇതുവരെ ഡാഷ്‌മോൻ എന്നു വിളിച്ചിട്ടില്ല. നികൃഷ്ടജീവി തുടങ്ങിയ വിശിഷ്ടപദങ്ങൾ അദ്ദേഹത്തിന്റെ ആവനാഴിയിൽ ഉണ്ടെങ്കിലും മരണത്തിന്റെ ഡോക്ടർക്കെതിരെ അദ്ദേഹം ഒന്നും പ്രയോഗിച്ചിട്ടില്ല. സമർഥനും ദരിദ്രനുമായ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഖേദം പ്രകടിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. 
ആത്മഹത്യയിലൂടെ അപമാനത്തിന് അറുതി വരുത്തിയ നിർഭാഗ്യവാനാണ് നിതിൻരാജ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ജീവനൊടുക്കിയ ആ യുവാവ് അറിയുന്നില്ല.

vachakam
vachakam
vachakam

ആത്മഹത്യയിലേക്ക് അടുക്കുന്നവരെ അക്കാര്യം ബോധ്യപ്പെടുത്താൻ നമുക്ക് കഴിയുന്നില്ല. മാർക്‌സിന്റെ മാനിഫെസ്റ്റോ വായിച്ചിരുന്നെങ്കിൽ ആ വിദ്യാർത്ഥികൾ സംഘടിതരായി മുഷ്ടി ചുരുട്ടി ഇങ്ക്വിലാബ് സിന്ദാബാദ് എന്ന സാർവജനീനമായ മുദ്രാവാക്യം വിളിക്കുമായിരുന്നു. ഭഗത് സിങ് മുഴക്കിയ ആ മുദ്രാവാക്യം തെരുവിൽ നഴ്‌സുമാർ ആവേശപൂർവം വിളിച്ച് അവകാശങ്ങൾ നേടിയെടുക്കുന്ന കാഴ്ച മെഡിക്കൽ വിദ്യാർത്ഥികൾ കാണേണ്ടതായിരുന്നു. ഉദ്ധരിക്കാൻ കഴിയാത്ത അനാശാസ്യപദങ്ങളാണ് വിദ്യാർത്ഥികൾക്കെതിരെ അഞ്ചരക്കണ്ടിയിലെ അധ്യാപകർ ഉപയോഗിക്കുന്നത്.

അന്തസ്സില്ലാത്ത ജീവിതം പാരതന്ത്ര്യമാണെന്നും അത് മാനികൾക്ക് മൃതിയേക്കാൾ ഭയാനകമാണെന്നും അനാറ്റമി പഠിക്കുന്നവരെങ്കിലും വിദ്യാർത്ഥികൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സംഘടിച്ച് ശക്തരാകുക എന്ന് ശ്രീനാരായണ ഗുരുവും അതിനു മുമ്പ് കാൾ മാർക്‌സും പറഞ്ഞിട്ടുണ്ട്. സംഘടിക്കുമ്പോഴാണ് സംഘടനകൾ ഉണ്ടാകുന്നത്. സംഘടനകളിലൂടെയാണ് രാഷ്ട്രീയം പ്രവർത്തിക്കുന്നത്. എറണാകുളത്തെ സെന്റ് ആൽബർട്‌സ് കോളേജിന്റെ കവാടത്തിൽ രാഷ്ട്രീയം നിരോധിച്ചിരിക്കുന്നുവെന്ന് വലിപ്പത്തിൽ എഴുതിയിട്ടുണ്ട്.

1956ൽ ഹംഗറിയിലേക്ക് റഷ്യൻ ടാങ്കുകൾ ഇരച്ചുകയറിയപ്പോൾ അതിൽ പ്രതിഷേധിച്ചുകൊണ്ട് എറണാകുളത്തെ സെന്റ് ആൽബർട്‌സ് കോളജിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധപ്രകടനത്തിലെ കൗതുകത്തോടെയുള്ള പങ്കാളിത്തമായിരുന്നു എന്റെ ആദ്യത്തെ രാഷ്ട്രീയപ്രവർത്തനം. ഞാൻ അന്ന് സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. അന്ന് കോളേജിൽ രാഷ്ട്രീയം ഉണ്ടായിരുന്നതുകൊണ്ടാണ് സാമ്രാജ്യത്വത്തിന്റെ അധിനിവേശം എന്നാൽ എന്തെന്ന് അന്നത്തെ വിദ്യാർത്ഥികൾക്ക് മനസ്സിലായത്. ഗുരുവായൂരിലെ ഇന്ത്യൻ കോഫി ഹൗസിന്റെ ചുവരിൽ രാഷ്ട്രീയം പാടില്ലെന്ന എഴുത്തു കണ്ടപ്പോൾ ഞാൻ പ്രതിഷേധിച്ചു.

vachakam
vachakam
vachakam

എ.കെ.ജിയുടെ ചിത്രത്തിനു താഴെ ആ ബോർഡ് തൂക്കാൻ പാടില്ലെന്നു ഞാൻ പറഞ്ഞു. ആ കെട്ടിടംതന്നെ പൊളിച്ചതായി ആരോ പിന്നീട് എന്നെ അറിയിച്ചു. പുതിയ കെട്ടിടത്തിൽ ആ ബോർഡുണ്ടോ എന്നറിയില്ല. ക്ഷൗരക്കടയിൽ പണ്ടേ രാഷ്ട്രീയം നിഷിദ്ധമാണ്. മൂർച്ചയേറിയ കത്തി കഴുത്തിനുനേരേ പിടിച്ചുകൊണ്ട് രാഷ്ട്രീയം ചർച്ച ചെയ്യുന്ന ബാർബറിൽനിന്നുള്ള രക്ഷയ്ക്ക് അതാവശ്യമാണ്. ബാർബർ ഷാപ്പുകളിലും ഇപ്പോൾ സംസാരസ്വാതന്ത്ര്യമുണ്ട്. അതില്ലാത്ത കശാപ്പിടങ്ങളായി മാറിയിരിക്കുന്നു കലാലയങ്ങൾ. പ്രത്യേകിച്ച് സ്വാശ്രയ, ഓട്ടോണമസ് എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്ന കച്ചവടകേന്ദ്രങ്ങൾ. 

കൊലപാതകം ശിക്ഷാർഹമാകുന്നത് ഭാരതീയ ന്യായസംഹിത കൊലപാതകത്തിന് ശിക്ഷ നിർദേശിക്കുന്നതുകൊണ്ടാണ്. തെറ്റ് അല്ലെങ്കിൽ പാപം എന്നു കരുതുന്ന പല ദുഷ്പ്രവൃത്തികളും ശിക്ഷിക്കപ്പെടാതെ പോകുന്നത് പഴയ ഐ.പി.സി പ്രകാരമോ പുതിയ ബി.എൻ.എസ് പ്രകാരമോ അത് കുറ്റമായി പ്രഖ്യാപിക്കാത്തതുകൊണ്ടാണ്. കുമ്പസാരക്കൂട്ടിൽ പറയപ്പെടുന്നതെല്ലാം ശിക്ഷാർഹമല്ല. സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനുള്ള അവകാശമുൾപ്പെടെ പലതും മൗലികാവകാശമായി പ്രഖ്യാപിക്കുന്ന ഭരണഘടനയിൽ ഒരേയൊരു കാര്യം മാത്രമാണ് ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിക്കുന്നത്.

തൊട്ടുകൂടായ്മയാണത്. തൊട്ടുകൂടായ്മ നിർത്തലാക്കുകയും അതിന്റെ ഏതു രൂപത്തിലുമുള്ള ആചരണം വിലക്കുകയും ചെയ്യുന്നതാണ് അനഛേദം 17. തൊട്ടുകൂടായ്മയിൽനിന്ന് ഉളവാകുന്ന ഏതെങ്കിലും അവശത നിർബന്ധിച്ചേൽപിക്കുന്നത് നിയമപ്രകാരം ശിക്ഷിക്കാവുന്ന കുറ്റമാണെന്നുകൂടി അനഛേദം 17 പറയുന്നു. നമ്മുടെ നിയമത്തിൽ ഒരേയൊരു കോൺസ്റ്റിറ്റിയൂഷണൽ ക്രൈം ആണുള്ളത്. അതാണ് തൊട്ടുകൂടായ്മ. ആന്ധ്രയിൽനിന്നുള്ള ഡാഷ്‌മോനെ ഇതെങ്കിലും പഠിപ്പിച്ചതിന്‌ശേഷം വേണം തിരിച്ചയക്കേണ്ടത്.

റാം എന്ന പേര് ആരെയും സംശുദ്ധരാക്കുന്നില്ല. ഗാന്ധിയുടെ ഘാതകന്റെ പേരിലും റാം ഉണ്ട്. എം.കെ. റാം എന്നത് അദൃശ്യമായ ഹിമാനിയുടെ ഗോചരമായ അഗ്രം മാത്രമാണ്. നമ്മളൊക്കെ ചേർന്നതാണ് അഗോചരമായത്. വിധിക്കാൻ നമ്മളാര് എന്നു ചോദിക്കുന്നത് റാമിനെയും കുറ്റകൃത്യത്തിൽ അയാളുടെ പങ്കാളിയായ അധ്യാപികയെയും ന്യായീകരിക്കുന്നതിനു വേണ്ടിയല്ല. അഞ്ചരക്കണ്ടി ഒരു ഔഷ് വിറ്റ്‌സല്ല. കുട്ടികൾ കോൺസെൻട്രേഷൻ ക്യാംപിലായിരുന്നില്ല. അവർക്ക് പുറംലോകവുമായി സമ്പർക്കമുണ്ടായിരുന്നു. അവർക്ക് എം.എൽ.എയെ വിവരം അിയിക്കാമായിരുന്നു.

അവരുടെ എം.എൽ.എ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിയാണ്. ഗുരുത്വമുള്ള അധ്യാപകർ അവിടെ ഇല്ലായിരുന്നുവോ? ഉണ്ടായിരുന്നിരിക്കാം; പക്ഷേ അവർ ഭീരുക്കളായി. ലോൺ ആപ്പുമായി ബന്ധപ്പെട്ട അധ്യാപികയ്ക്ക് ആവശ്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രശ്‌നം പരിഹരിച്ചുകൊടുക്കാമായിരുന്നു. കാരൂരിന്റെ കാലത്തെ കുട്ടികളുടെ പൊതിച്ചോർ അപഹരിച്ച് വിശപ്പടക്കുന്നവരല്ലല്ലോ ഇന്നത്തെ യു.ജി.സി ശമ്പളം വാങ്ങുന്ന അധ്യാപകർ. കുട്ടികളോട് അനുകമ്പയുണ്ടാകുന്നതിനു പകരം അവരും റാംവിലാസ് സാഡിസ്റ്റ് കമ്പനിയിൽ കൂട്ടുചേർന്നു.

അഞ്ചരക്കണ്ടി കോളേജിന്റെ ഉടമസ്ഥതയെ സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഒരു പക്ഷേ റാം തന്നെയായിരിക്കാം ഉടമസ്ഥൻ. ദുരൂഹത മാത്രമല്ല ജുഗുപ്‌സയാണ് ഈ കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ നമ്മിലുണ്ടാക്കുന്നത്. ഫഹദ് ഫാസിൽ ഗുണ്ടാത്തലവനായി അഭിനയിക്കുന്ന സിനിമയുണ്ട്. അമ്മയോടുള്ള വാക്ക് പാലിക്കാൻ അയാൾ ആരുടെ ദേഹത്തും കൈ വയ്ക്കില്ല. പകരം അയാൾ അടയാളപ്പെടുത്തുന്നവരെ കൂലിത്തല്ലുകാർ തല്ലും. പണത്തിനുവേണ്ടി അയാൾക്കൊപ്പം കൂടുന്ന വിദ്യാർത്ഥികളാണ് തല്ലുകാർ.

അഞ്ചരക്കണ്ടിയിൽ സഹപാഠികളെക്കൊണ്ടാണ് റാം പരസ്പരം  തല്ലുകർമം നിർവഹിച്ചത്. ആൺകുട്ടികളെക്കൊണ്ട് പെൺകുട്ടികളെയും പെൺകുട്ടികളെക്കൊണ്ട് ആൺകുട്ടികളെയും തല്ലിക്കുന്നു. എന്തുതരം കോളേജാണിത്. മനോവൈകൃതം റാമിനു മാത്രമല്ല അവിടെ പഠിപ്പിക്കുന്നവർക്കും പഠിക്കുന്നവർക്കുമുണ്ട്.

തനിക്ക് യാതൊരു പരാതിയുമില്ലാത്ത സഹപാഠിയെ ചെരിപ്പൂരി അടിക്കാൻ നിർദേശം കിട്ടുന്ന പെൺകുട്ടി പാദുകമുദ്ര നിർദേശകന്റെ കവിളത്ത് പതിപ്പിച്ചിരുന്നുവെങ്കിൽ നിതിൻരാജ് ഇന്നും ജീവിച്ചിരിക്കുമായിരുന്നു. അന്തസ് ഒരു മനുഷ്യമൃഗത്തിന് അടിയറ വച്ചുകൊണ്ട് നേടുന്ന ബിരുദത്തേക്കാൾ അഭികാമ്യമായി ഈ ലോകത്ത് പലതുമുണ്ട്. ഏകലവ്യനു നഷ്ടപ്പെട്ടതു പെരുവിരലാണ്. ഇന്നത്തെ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടാൻ പലതുമുണ്ട്. 

ഡോ. സെബാസ്റ്റ്യൻ പോൾ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam